"My favorite blog comments and 'mini stories - ValTube"

Monday, September 23, 2013

ദാ വന്നു...ദേ പോയി

Posted by VaITube | Monday, September 23, 2013 | Category: |



ഹെൽമെറ്റ്‌ ഇല്ലാതെ വണ്ടി ഓടിക്കുന്നതും, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതും, അമിതമായ വേഗത്തിൽ വാഹനം ഓടിക്കുന്നതും, മദ്യപിച്ചു വാഹനമോടിക്കുന്നതും, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതും, ശിക്ഷാർഹമാണ്. ഇതിനെതിരെ എന്തു കടുത്ത നടപടി എടുത്താലും അത് സ്വാഗതാർഹമാണ്. ഇതെല്ലാം ജനങ്ങളുടെ ഭാഗത്തു നിന്നുള്ള തെറ്റുകൾ തന്നെ, സമ്മതിച്ചു.
അതെ സമയം, അശാസ്ത്രീയമായ റോഡു നിർമ്മാണവും, റോഡുകളുടെ ശോചനീയ അവസ്ഥയും, കൈവരികൾ തകർന്ന പാലങ്ങളും, ഉദ്യോഗസതരുടെ അപര്യാപ്തതയും , പോലീസു കാരുടെ കൈകൂലി വാങ്ങലും അനാസ്ഥയും , ട്രാഫിക് നിയമങ്ങളിലെ അപാകതകളും, അപകടം ഉണ്ടായാൽ പോലീസ് ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കാത്തതും, മാന്യമായി പൊതു ജനങ്ങളോട് ഇടപെടാത്തതും, വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതും, തെളിയാത്ത വഴി വിളക്കുകളും ഞങ്ങൾ അങ്ങ് മറന്നേക്കാം.
റോഡ്‌ അപകടങ്ങൾ കൂടുമ്പോൾ അത് മുഴുവൻ ജനങ്ങളുടെ തലയിൽ കെട്ടി വെച്ച്, തടി തപ്പുന്ന പതിവ് നയം  തുടരുകയാണെങ്കിൽ, തീർച്ചയായും എതിർക്കപെടും. ജനങ്ങൾ തരുന്ന പണം റോഡ്‌ റ്റാക്സ് ഇനത്തിൽ വാങ്ങി, റോഡുകളിലെ കുഴികൾ ഉപയോഗിച്ച്  കൃഷിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. 100% സുരക്ഷാ മാനദന്ടങ്ങൾ പാലിക്കുന്ന കുറ്റമറ്റ റോഡുകളിൽ മാത്രം, പരിശോധന കർശനമാക്കുന്നതയിരിക്കും ഉചിതം. ഇല്ലെങ്കിൽ "ദാ വന്നു...ദേ പോയി" എന്ന പറഞ്ഞ പോലെയാകും

Sunday, September 22, 2013

ആധുനിക ഭക്തിമാർഗ്ഗം

Posted by VaITube | Sunday, September 22, 2013 | Category: |


വര്ഷങ്ങള്ക്ക് മുൻപ് കണ്ട ഒരു തമാശ സിനിമയാണ് ഗാന്ധിനഗർ 2nd സ്ട്രീറ്റ്. യാതൊരു ശല്യവുമില്ലാതെ കഴിഞ്ഞിരുന്ന കോളനി നിവാസികൾക്ക് കള്ളനെ കാണിച്ചു, ഒരു പേടി ഉണ്ടാക്കി കോളനിയിൽ ഒരു ഗൂർക്കയെ നിയമിക്കാൻ ശ്രമിക്കുന്നതാണ് ഇതിലെ ഏറ്റവും രസകരമായ ഭാഗം. ഇത് തന്നെയാണ് എല്ലാ മത പ്രസ്ഥാനങ്ങളും ഇന്ന് ശ്രമിക്കുന്നത്. പിശാചിനെയും, സാത്താനെയും, കുട്ടിചാത്തനെയും അവരുടെ ശക്തികളെയും പര്വ്വതീകരിച്ചു, വിശ്വാസികളെ മുൾമുനയിൽ നിർത്തി , അവരെ തങ്ങളുടെ മതങ്ങളിലേക്ക് ആകര്ഷിക്കുക എന്ന പ്രചരണ തന്ത്രമാണ് വർഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്നത്. പിശാചിന്റെ ചെയ്തികളെ കുറിച്ച് ഇന്ന് ഏറ്റവും കൂടുതൽ സംസാരിക്കുന്നതു ആരാണ് ...? നെഗറ്റിവിനെ ബൂസ്റ്റ്‌ ചെയ്തു പോസറ്റിവിനെ പ്രമോട്ട് ചെയ്യുന്ന കച്ചവടം . അതാണ് ഇന്ന് നടക്കുന്നത്.
ആത്മ വിശ്വാസവും വിവരവും ഇല്ലാത്ത ജനങ്ങളുടെ ദൌർബല്യം മനസ്സിലാക്കി അവരെ തങ്ങളുടെ ചൊല്പടിക്കു നിർത്തി കറക്കി എടുക്കാൻ വേണ്ടിയാണു ഇവർ സാമ്പത്തിക...മനശാസ്ത്രം മുതൽ ഹിപ്നോട്ടിസം വരെ ഐച്ഛിക വിഷയമായി എടുത്തു പഠിക്കുന്നതിന്റെ ഗുട്ടന്സ്. മനുഷ്യ്രക്ക് ഉപകാരപ്രദമായ കൃഷിയോ ഞാറു നടാനോ ഇവരെകൊണ്ട് പറ്റുമോ...?

യഥാർത്ഥ നിരീശ്വരവാദികൾ, ദൈവം ഇല്ലെന്നു സമര്ത്വിക്കാൻ ശ്രമിക്കുമ്പോൾ, ദൈവം ഇല്ലെന്നറിഞ്ഞു വിശ്വാസികളെ വഞ്ചിക്കുന്ന കച്ചവടക്കാരാണ് ഇന്ന് കേരളത്തിലെ മതമേലാളന്മാർ അല്ലെങ്ങിൽ ഭക്തിയെ പരിപോഷിപ്പിക്കുന്നവർ . സർവ്വതും കച്ചവടവൽകരിക്കപെട്ട ഈ ലോകത്ത് ഡോക്ടർമാർ അസുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. രോഗികളെ പേടിപ്പിച്ചു പിഴിയുന്നു. പോലീസുകാർ കൈകൂലി വാങ്ങിയും വക്കീലന്മാർ അസന്മാര്ഗികതക്ക് കൂട്ട് നിന്നും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പത്രങ്ങൾ വാർത്തകൾ കേട്ടിച്ചമക്കുന്നു. എല്ലാവര്ക്കും ജീവിക്കണം.

നിങ്ങൾ വിശ്വാസത്തിനു വേണ്ടി ധനം ചിലവക്കുന്നുണ്ടോ...?അല്ലെങ്ങിൽ നിങ്ങളുടെ ആവശ്യങ്ങൾ നടന്നാൽ പ്രതിഫലം ചോദിക്കുന്നുണ്ടോ ....? അത് തട്ടിപ്പാണ് ...നിങ്ങൾ കബളിപ്പിക്കപെട്ടു എന്ന് വേണം കരുതാൻ. ദൈവങ്ങൾക്ക് പ്രതിഫലം കൊടുക്കണമെന്ന് ഒരു മത പുസ്തകത്തിലും പറഞ്ഞിട്ടില്ല . ഇത്തരം തട്ടിപ്പിന് ആരും ടാക്സും കൊടുക്കാറില്ല. കൂട്ടായ്മകളെ നില നിർത്താൻ വേണ്ടി അറിഞ്ഞോ അറിയാതെയോ എല്ലാവരും ഇതിനു കൂട്ട് നില്ക്കുന്നു എന്ന് മാത്രം 

Monday, September 16, 2013

ന്യൂ ജെനറേഷൻ ഓണം

Posted by VaITube | Monday, September 16, 2013 | Category: |






മല്യാലി നാട് വാണിടും കാലം.
മാനുഷ്യരെല്ലാരും ബീവരേജിൽ
ആർമാദിച്ചു വസിക്കും കാലം.
പേരിലൊരു ആധാർ സ്വന്തമുണ്ട്
വീടിൻ ആധാരമൊട്ടില്ല താനും.
കേസിനോ നല്ല വിധികളില്ല
ഭരണത്തിൽ ഒട്ടും നാണമില്ല.
ഗ്രൂപ്പ്‌ വഴക്കും, പക പോക്കലും
പീഡനങ്ങളും പതിവ് പൊലെ
വെള്ളവും റോഡും കുഴിയുമെല്ലാം
ഒന്നു കണക്കിന് തുല്യമായി.
കരണ്ട് ബിൽ കീശ കരണ്ട് തിന്നു
രാത്രിയിൽ വീട്ടിൽ കൂരിരുട്ട് കൂട്ട്.
സോളാറു പാനലും കാറ്റാടിയും
കള്ളത്തരങ്ങൾക്കൊരു പേരുമായി
കള്ളുവുമില്ല ചിക്കനുമില്ല
എണ്ണുന്നതെല്ലാം കള്ള നോട്ടും.
റേഷൻ വാങ്ങാൻ പോലും നേരമില്ല
ന്യൂ ജെനറേഷനിൽ ഒട്ടും കുറവുമില്ല.
ഓണത്തിൻ പൂക്കളം ലൈക്കുകളായി
കുട്ടികളെല്ലാരും ഫേസുബുക്കിൽ.
കുപ്പികൾ പലതും ഷെയരുകളായി.
വല്യവരെല്ലാം നാലു കാലിൽ.