"My favorite blog comments and 'mini stories - ValTube"

Monday, January 6, 2014

ദൃശ്യത്തിലൂടെ അദൃശ്യനായി...!

Posted by VaITube | Monday, January 6, 2014 | Category: |















അന്യഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് ഇതിനു മുൻപും ഒരുപാടു ചെക്കേറിയിട്ടുണ്ട് എങ്കിലും "ദൃശ്യം" പോലെ മലയാളിയുടെ മനസ്സിനെ പിടിച്ചുലച്ച ഒരു സിനിമ വളരെ അപൂർവമാണ്. പ്രേക്ഷകനെ ശരിക്കും പിടിച്ചിരുത്തുന്ന ഒന്നാന്തരം സിനിമ. അതാണ് മറ്റു സംവിധായകരും കണ്ടു പഠിക്കേണ്ടത്. ഒട്ടും ജാഡ ഇല്ലാതെ ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുന്നതിൽ ജിത്തു ജൊസഫ് വിജയിച്ചു എങ്കിലും, ഏതു രീതിയിലുള്ള സന്ദേശമായിരിക്കും ദൃശ്യം വെളിപ്പെടുത്തുന്നത്? ഓരോ കഥാപാത്രങ്ങളും അവരുടെ വേഷങ്ങൾ തകർത്തു അഭിനയിച്ചു എന്നതിൽ തർക്കമില്ല. ദൃശ്യത്തിലൂടെ അവർ പ്രേക്ഷകരോട് പറയുന്നത് എന്താണ് ..?

1)  മകൾ 1 : ഒരു കൊലപാതകത്തിനു  സാക്ഷിയാകേണ്ടി വരുകയും, അതിൽ നിന്ന് അതിവിദഗ്തമായി രക്ഷപ്പെട്ടെങ്കിലും, ജീവിത കാലം മുഴവൻ അതിൻറെ ഭാരം ചുമക്കാൻ ആ കൊച്ചു കുട്ടിയുടെ ചെറിയ മനസ്സിന് കഴിയുന്നത്.

2) മകൾ 2 : അപരിചിതനായ ഒരു ചെറുപ്പക്കാരൻ രാത്രിയിൽ വീടിനു പുറത്തു ഇറങ്ങി നില്കാൻ പറയുമ്പോൾ, അത് നാലാം ക്ലാസ് പഠിപ്പുള്ള, ജയിംസ്ബോണ്ടിൻറെ കൂർമ്മ ബുദ്ധിയുള്ള സ്വന്തം അച്ഛനോട് പറയാതിരുന്നത്. അമ്മയും അതിനു കൂട്ട് നിന്നു എന്ന് വേണം കരുതാൻ.

3) അമ്മ : തികച്ചും നാട്ടിൻ പുറത്തുകാരിയായ നിഷ്കളങ്കയായ സ്ത്രീ, അപകടകരമായ സാഹചര്യത്തിൽ ശത്രുവിനെ കൈകാര്യം ചെയ്തു കുഴിച്ചു മൂടി, ഭർത്താവിൻറെ വരവിനെ കാത്തിരിന്നു നേരം വെളുപ്പിക്കുന്ന ഭാര്യ. ഒരു സാധാരണ വീട്ടമ്മക്ക്‌ ഇങ്ങനെയൊക്കെ പെരുമാറാനും ചിന്തിക്കുവാനും തോന്നുന്നത്.

4) അച്ഛൻ : വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിനെ, പറ്റിപ്പോയ "ചെറിയൊരു" കയ്യബദ്ധത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി, കള്ളങ്ങളുടെ പെരുമഴ തന്നെ വീട്ടുകരെകൊണ്ട് പഠിപ്പിച്ചെടുത്തു, അവരെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തി, പോരാടി ജയിച്ച്  കുടുംബത്തിൻറെ കെട്ടുറപ്പ് നില നിർത്തുന്നത്.

5) വില്ലൻ : ആധുനിക സാങ്കേതിക ലോകത്ത് ജീവിക്കുന്ന ഒരു  ചെറുപ്പക്കാരന്  കുറെ പണവും,  ധൈര്യവും കൂടെയുണ്ടെങ്കിൽ എവിടെയും ആർക്കും  കേറി ചെല്ലാമെന്നും, എല്ലാറ്റിനും വഴങ്ങി കൊടുക്കുന്ന ഒരു സമൂഹമാണ്‌ തനിക്കു ചുറ്റുമെന്നുമുള്ള അബദ്ധധാരണ ഒരിക്കൽ കൂടി ആവർത്തിച്ചു.

6) നാട്ടുകാരും പോലീസും : ഇല്ലാത്ത ഒരു ദിവസത്തെ പുന:സൃഷ്ടിച്ചത് അംഗീകരിക്കാൻ കഴിയാത്ത കുറെ നാട്ടുകാരും, നാട്ടുകാരെക്കൊണ്ട് അത് പറയിപ്പിക്കുന്നതിനു പകരം  കുട്ടികളെ  അടിച്ചു സത്യം തെളിയിക്കുന്ന പഴഞ്ചൻ പോലീസ് രീതികളും ചേർത്ത് ഒരു "ത്രിൽ" ഉണ്ടാക്കുന്നത്.

"ഭയം" എന്ന ശത്രുവിനെ ചെറുത്തു തോൽപ്പിക്കാൻ കുറ്റവാളികൾ ശ്രമം തുടങ്ങിയാൽ, പാവം പോലീസുകാർ പുതിയ മാർഗ്ഗങ്ങൾ തേടേണ്ടി വരും എന്ന് ചുരുക്കം. അപരിചിതരുമായി ഇടപെടുന്ന ചുറ്റുപാടുകളിൽ മാതാപിതാക്കന്മാരെയോ, വേണ്ടപ്പെട്ട അധികാരികളെയോ അപ്പോൾ തന്നെ വിവരമറിയിക്കാൻ കുട്ടികളെ ഗുണദോഷിക്കാൻ വേണ്ടിയുള്ള ഒരു അവസരമെങ്കിലും സിനിമയിൽ സൃഷ്ടിക്കേണ്ടതായിരുന്നു. പകരം, സിനിമയിലുടനീളം പോലീസിനെ കബളിപ്പിക്കുന്നതിൽ  കൂടുതൽ പ്രാമുഖ്യം കൊടുത്തു.

ഒരു ദിവസത്തിനെ, ആടിനെ പട്ടിയാക്കുന്ന പോലെ ഇട്ടു വട്ടം കറക്കി, പോലീസിനെ വിഡ്ഢികളാക്കി തോൽപിച്ചപ്പോൾ, കാഴ്ചക്കാർക്ക് ഇഷ്ടപ്പെട്ടു എന്നത് സത്യം. ഒരു സാധാരണക്കാരൻ നിയമത്തിനെയും അധികാരികളെയും ചെറുത്തു തോല്പ്പിക്കുമ്പോൾ പ്രേക്ഷകനു മനസ്സിൽ തോന്നുന്ന ആശ്വാസം....! അതാണ് ഈ സിനിമയുടെ വിജയം. സംഭവങ്ങളെ ദൃശ്യങ്ങളിലൂടെ മനസ്സിൻറെ ആഴങ്ങളിൽ പതിപ്പിക്കയാണ് സിനിമ ചെയ്യുന്നത് എന്ന് സംവിധായകൻ പറയുമ്പോഴും, ചെയ്ത തെറ്റുകളെ ശരിയാണെന്ന് പ്രേക്ഷക മനസ്സിലേക്ക് അടിച്ചേൽപ്പിക്കാനല്ലേ യഥാർത്ഥത്തിൽ സിനിമ ശ്രമിക്കുന്നത്.

ഒരു കലാരൂപത്തെ യാഥാർത്യവുമായി കൂട്ടി കുഴച്ചു ശരിയും തെറ്റും വിലയിരുത്തുന്നത് അപഹാസ്യമയിരിക്കാം, പകരം സിനിമാ കണ്ണിലൂടെ നോക്കുകയാണെങ്ങിൽ ഞാനും കൊടുക്കുന്നു പത്തിൽ  പത്തു മാർക്ക്‌. ദൃശ്യം പ്രക്ഷകനു സംതൃപ്തി നൽകുന്നുണ്ടെങ്കിൽ, നിയമങ്ങൾക്കും അധികാരികൾക്കും പ്രേക്ഷക സമൂഹത്തിൻറെ മനസ്സ് വായിക്കാൻ കിട്ടുന്ന ഒരു അവസരം കൂടിയാണ് ഈ  സിനിമ.