"My favorite blog comments and 'mini stories - ValTube"

Wednesday, December 11, 2013

നിങ്ങളുടെ പേരിലും ഒരു ഗിന്നസ് അവാർഡ്‌

Posted by VaITube | Wednesday, December 11, 2013 | Category: |



നിങ്ങൾക്കും പേരിനു കൂടെ ഒരു ഗിന്നസ് ചേർക്കാൻ താല്പര്യം ഉണ്ടോ..? അതും സൌജന്യമായി...! ഏതെങ്കിലും ഒരു കഴിവ് എല്ലാ മനുഷ്യരിലും ഒളിഞ്ഞു കിടപ്പുണ്ട്. എന്തു കൊണ്ട് നിങ്ങൾക്കും ശ്രമിച്ചു കൂടാ ...? കുറച്ചു മനക്കരുത്തും പിന്നെ കുറച്ചു അധ്വാനവും ഉണ്ടെങ്കിൽ എല്ലാം കയ്യെത്തും ദൂരത്തു തന്നെയുണ്ട്‌. നിരവധി മലയാളികൾ ഇതിനകം തന്നെ ഗിന്നസ് നേടിക്കഴിഞ്ഞു. അടുത്തിടെ ഗൾഫ്‌ നാടുകളിലെ പ്രശസ്തമായ ഒരു റേഡീയോ അവതാരകർ കൂടുതൽ സമയം പരിപാടി അവതരിപ്പിച്ചു മറ്റൊരു റേഡിയോ ഉണ്ടാക്കിയെടുത്ത റെക്കോർഡ്‌ തകർത്തു. സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത പ്രശസ്തി അതിശയാവഹമാണ്. നമ്മുടെ മുഖ്യമന്ത്രി രാപ്പകൽ ഉറക്കമോഴിച്ചു ഓടി നടന്ന് ജനസമ്പർക്കം ചെയ്തിട്ട് കിട്ടുന്നതിൻറെ പത്ത് ഇരട്ടി പ്രശസ്തി ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ ഗിന്നസിനു കഴിയുമെങ്കിൽ എന്തോ ഒരു പ്രത്യേകത അതിനെ ചുറ്റിപ്പറ്റി കറങ്ങി നടപ്പുണ്ട് എന്ന വസ്തുത യാഥാർത്യം തന്നെയാണ് . ഇനി കാര്യത്തിലേക്ക് കടക്കാം. അതിനായി പ്രധാനമായും ഏഴു കടമ്പകൾ കടക്കേണ്ടതുണ്ട്. ഓരോന്നായി വിവരിക്കാം .

1) ആദ്യമായി ഏതു തരത്തിൽ ഉള്ള റെക്കോർഡ്‌ ആണ് നേടേണ്ടത് എന്ന് നിങ്ങൾ തന്നെ തീരുമാനിക്കേണ്ടതുണ്ട്. മറ്റുള്ളവർ ഉണ്ടാക്കിയെടുത്തവ തകർക്കാൻ ചങ്കുറ്റം ഉണ്ടെങ്കിൽ, അതു തിരഞ്ഞെടുക്കാം അഥവാ പുതുതായി ഒരെണ്ണം നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ ആണെങ്ങിൽ, റെക്കോർഡിന്റെ കാഠിന്യ സ്വഭാവം അനുസരിച്ച് ഗിന്നസിൻറെ അനുമതി ലഭിക്കേണ്ടതുണ്ട്.

 വീട്ടിലെ പൂച്ചയെ പാല് കുടിപ്പിച്ചും പഴം തീറ്റിച്ചും വയറു വീർപ്പിക്കുക, നിങ്ങളുടെ സ്വന്തം നാക്ക് ഉപയോഗിച്ച് കണ്ണിൻറെ പുരികം തൊടാൻ ശ്രമിക്കുക എന്നീ വില കുറഞ്ഞ പരിപാടികൾക്ക് പോകാതിരിക്കുക. ഗിന്നസ് ബുക്കിൻറെ വില കളയുന്ന ഒരു സംഗതികളും അവർ പ്രോത്സഹിപ്പിക്കുകയില്ല, അതുപോലെ അമിത വേഗത്തിൽ വാഹനം ഓടിച്ചാൽ, ഗിന്നസ് കിട്ടുന്നതിനു മുൻപേ പോലീസ് അകത്താക്കും എന്നും, ഓർമ വേണം. ചുരുക്കം പറഞ്ഞാൽ പറ്റാവുന്ന പണി ചെയ്യുന്നതായിരിക്കും ഉചിതം.

2) അടുത്തതായി നിങ്ങൾ ചെയ്യേണ്ടത് ഗിന്നസ് ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്‌ എന്ന സ്ഥാപനവുമായി ബന്ധപ്പെടാൻ അവരുടെ http://www.guinnessworldrecords.com എന്ന വെബ്‌സൈറ്റിൽ കയറി "Break a record" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന "കസ്സർത്തിനെ" കുറിച്ച് വിശദമായി വിവരിക്കുക. ഗിന്നസിന്റെ അടുത്തുള്ള ഒഫിസുമായി ബന്ധപ്പെട്ടാലും അവർ നിങ്ങളെ അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കുന്നതാണ്. അപേക്ഷ തികച്ചും സൌജന്യമാണ് എങ്കിലും പരിപാടിയുടെ നടത്തിപ്പിനും മറ്റുമായി ഒട്ടേറെ ചെലവുകൾക്കായി തുക നിങ്ങൾ കരുതേണ്ടതാണ്. കാര്യങ്ങൾ കൂടുതൽ വേഗത്തിൽ വേണം എങ്കിൽ അവരുടെ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗിക്കാവുന്നതാണ്. അതിനായി ഏകദേശം രൂപ 40,000 അധികം വരും. ഇല്ലെങ്കിൽ അപേക്ഷ ഒത്തു നോക്കാൻ ഒരു മാസം വരെ കാലതാമസം എടുക്കും. എല്ലാം നല്ലതിനല്ലേ ..ധൈര്യമായി അടച്ചോളൂ...


സ്വന്തം പേരിൽ 60 നു മുകളിൽ വേൾഡ് റെക്കോർഡ്കൾ തകർത്ത തമിഴ് വംശജനായ സുരേഷ് അരുളാനന്ദം.

3) നിങ്ങൾ കൊടുത്ത അപേക്ഷ കൈപറ്റിയാൽ, ഗിന്നസുകാർ പണി തുടങ്ങുകയായി. അവർ നിങ്ങൾ ചെയ്യേണ്ടതിനെ കുറിച്ച് ഒരു ലഘുലേഖ അയച്ചു തരും. നിലവിലുള്ള റെക്കോർഡ്‌ മറികടക്കാൻ ആവശ്യമായ നിയമങ്ങൾ എന്തൊക്കെയാണെന്ന് വിവരിക്കുന്ന ലഘുലേഖ സൂചിപ്പിക്കുന്നത്. മുൻപ് റെക്കോർഡ്‌ ഉണ്ടാക്കിയവർ അനുസരിച്ച രീതികൾ നിർബന്ധമായും പാലിക്കേണ്ടത് അത്യാവശ്യമാണ്. കുറുക്കു വഴി തേടി പോയാൽ പാഴ്വേലയാകും എന്ന് ചുരുക്കം.

4) ലഘുലേഖയിലെ നിയമങ്ങളെ കുറിച്ച് മതിയായ ജ്ഞാനം നിങ്ങൾക്ക് ലഭ്യമല്ലെങ്ങിൽ, ഗിന്നസ് ബുക്കിൻറെ നിയമ ഉപദേശകൻറെ സേവനം ലഭ്യമാണ് (നിർബന്ധമില്ല). പരിപാടിക്ക് വേണ്ടത്ര സപ്പോർട്ട് ലഭിക്കും എന്ന് മാത്രമല്ല, മത്സരവേദിയിൽ വെച്ച് തന്നെ, നിങ്ങൾക്ക് ഗിന്നസ് ബുക്കിൻറെ അവാർഡ്‌, ഉപദേശകൻറെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. പക്ഷെ ചെലവ് പിന്നെയും കൂടും എന്ന് ചുരുക്കം. പരിപാടി ഇന്റർനാഷണൽ ആയതിനാൽ അവർക്കുള്ള കൂലിയും താമസസൗകര്യങ്ങളും, അനുബന്ധ ചിലവുകളും നിങ്ങൾ തന്നെ വഹിക്കേണ്ടതാണ്‌. പരിപാടി കൊഴുപ്പിക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ കുറച്ചു പൈസ പോയാലും എന്താണ് കുഴപ്പം ..? കൂടാതെ നല്ല പരസ്യവും കിട്ടും. അതിനു വേണ്ടിയാണല്ലോ ഇതിനൊക്കെ മേനക്കെടുന്നത്. മടിക്കണ്ട ലക്ഷം ലക്ഷം പിന്നാലേയുണ്ട്. ഒന്നിനുമല്ലെങ്കിൽ എല്ലാം ഒരു പേരിനു വേണ്ടിയല്ലേ ഭാവി ഗിന്നസ് പ്രാഞ്ചിയെട്ടാ...!



പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങൾ മാർക്കറ്റിൽ ഇറങ്ങുമ്പോഴും, കായിക മേളകൾ സംഘടിപ്പികുമ്പോഴും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയും, പൊതു പ്രവർത്തനങ്ങൾക്ക് അവബോധനം നല്കുന്നതിനും, കമ്പനികളുടെ മാർക്കെറ്റിംഗ് സംബന്ധമായ പത്ര സമ്മേളനങ്ങൾ വിളിച്ചു കൂട്ടുന്നതിനും ഗിന്നസ് പ്രവർത്തകരുടെ സേവനം ലഭ്യമാണ്. ഏറ്റവും കൂടുതൽ വേൾഡ് റെക്കോർഡുകൾ സ്രിഷ്ടിക്കപെടുന്നതും ഈ വേളയിൽ ആണ്. ഉദാഹരണത്തിന് നിങ്ങളുടെ ഉത്പന്നത്തിന് കൂടുതൽ വിപണനം ഉണ്ടാക്കിയെടുക്കണം എന്ന് കരുതുക. ഏതു തരത്തിലുള്ള വേൾഡ് റെക്കോർഡ്‌ ആണ് ഉണ്ടാക്കി എടുക്കേണ്ടത് എന്നറിയാൻ ഗിന്നസ്കാരുടെ ഉപദേശം തേടിയാൽ അവർ നിങ്ങളെ സഹായിക്കുന്നതാണ്.

5) നിർബന്ധമായും പാലിക്കേണ്ട മറ്റു മൂന്നു കാര്യങ്ങൾ ഇനി പറയാം. പരിപാടി ഉടനീളം ചിത്രീകരിക്കുന്ന വീഡിയോ (കൂട്ടിച്ചേർക്കൽ പാടില്ല, ചിത്രങ്ങൾ  വ്യക്തവും ആയിരിക്കണം), നിശ്ചല ചിത്രങ്ങൾ, കൂടെ രണ്ടു സാക്ഷികളും, പരിപാടിയുടെ സമ്പൂർണമായ സമയക്രമവും, പാലിച്ചു പോന്ന നിയമങ്ങളും എഴുതി തയ്യാറാക്കി, അത് സത്യസന്ധമാണെന്ന് സാക്ഷ്യപെടുത്തുന്ന കയ്യൊപ്പ് ഇടുകയാണ് സാക്ഷികളുടെ ജോലി.

6) ഇതെല്ലാം കൂടി ഗിന്നസ് ബുക്ക്‌ വെബ്സൈറ്റ് നിർദേശിക്കുന്ന വിലാസത്തിൽ അയച്ചു കൊടുക്കുന്നതോട് കൂടി നിങ്ങളുടെ ജോലി കഴിഞ്ഞു. ഇനിയെല്ലാം അവരു നോക്കിക്കോളും, രണ്ടു മൂന്നു മാസത്തിനുള്ളിൽ, നിങ്ങൾ അയച്ച റെക്കോർഡും തെളിവുകളും ഒത്തു നോക്കി യോഗ്യമാണെന്നു തെളിഞ്ഞാൽ ഗിന്നസ് ബുക്കിന്റെ അവാർഡ്‌ തപാലിൽ ലഭിക്കും. അഥവാ എന്തെങ്കിലും കുറവ് കൊണ്ട് അയോഗ്യമാക്കിയാൽ, വീണ്ടും  ശ്രമിക്കാവുന്നതാണ്. ഉടനെ തന്നെ അവാർഡ് ലഭ്യമാക്കാൻ ഗിന്നസ് ബുക്കിൻറെ നിയമ ഉപദേശകൻറെ സേവനം ആവശ്യപെടുകയാണ് ഉചിതം. ഇനി ആരെങ്കിലും നിങ്ങൾ ഉണ്ടാക്കിയ റെക്കോർഡ്‌ മറി കടക്കുകയാണ്എന്ന് കരുതുക. അപ്പോഴും ഈ ചെയ്തത്‌ എല്ലാം വീണ്ടും ആവർത്തിക്കണം. മാത്രവുമല്ല, നിങ്ങളെ മറി കടന്നവരെ നിങ്ങൾ വീണ്ടും തോൽപ്പിക്കണം. ഇല്ലെങ്ങിൽ നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ റെക്കോർഡ്‌ മറ്റവന്റെ കയ്യിലിരിക്കും.

7) ഒരു വർഷം 50,000 ത്തിൽ കൂടുതൽ പേർ ഗിന്നസ് നേടുന്നുണ്ട്‌ എങ്കിലും, അതിൽ ഏറ്റവും നല്ല 4,000 പേർക്കു മാത്രമേ ഗിന്നസ് ബുക്കിൽ ഇടം കൊടുക്കുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ ഉണ്ടാക്കിയ സംഭവം എത്ര വലുതാണ് എങ്കിലും. പുസ്തകത്തിൽ കയറാമെന്ന് ഒരു ഉറപ്പും അവരുടെ ഭാഗത്ത്‌ നിന്നും തരില്ല. പുസ്തകത്തിൻറെ വലുപ്പവും നിലവാരവും നിയന്ത്രിക്കാനും കൂടുതൽ പേരേ ഇതിലേക്ക് ആകർഷിക്കാനും വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. അഥവാ ഗിന്നസ് ബുക്കിൽ കയറി കൂടിയില്ലെങ്കിലും നിങ്ങൾ ചെയ്തത് എല്ലാം വെറുതെയായി എന്ന് കരുതണ്ട. നിങ്ങളുടെ പേരിൻറെ കൂടെ ഒരു "ഗിന്നസ്" തനിയേ വീണിരിക്കും. അതു നാട്ടുകാർ നിങ്ങൾക്ക് തരുന്ന ചെറിയ ഉപഹാരം.
ഉയരം കൊണ്ട് നിങ്ങൾ ലോകത്തിൽ ഒന്നാമനാണെന്ന് കരുതുക, നിങ്ങളുടെ ശരീരത്തിന്  വലുപ്പം കൂടുതലാണെന്ന് പറഞ്ഞു അപേക്ഷ സമർപ്പിക്കാം. മറ്റൊരാൾ ഇതിനെ മറി കടക്കാൻ അപേക്ഷ കൊടുക്കാത്തിടം കാലം നിങ്ങൾ തന്നെ ഒന്നാമത് എന്നു വേണം കരുതാൻ. ലോകത്തിൽ ഏറ്റവും ഉയരം കൂടുതൽ സ്ത്രീ ഉള്ളപ്പോൾ നീളം കൂടുതൽ ഉള്ള കയ്യിനും കാലിനും വെവ്വേറെ സ്ത്രീകൾക്ക് അവാർഡുകൾ നില നില്ക്കുന്നുണ്ട് എന്നതാണ് വിചിത്രം.


ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ കച്ചവട പുസ്തകത്തിൽ കയറിപറ്റാൻ വേണ്ടി, ഒരു പാട് പേർ അപകടത്തിൽ പെടുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അവരുടെ ശവകുടീരത്തിൽ ഒരു പൂ വെക്കാൻ പോലും "ഗിന്നസ്" കാര് വരുമെന്ന് കരുതണ്ട. എന്തെങ്കിലും ആവശ്യത്തിനു വിളിച്ചു ചോദിച്ചാൽ, നിങ്ങളുടെ കസ്സർത്തുകൾ വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കാനാകും മറുപടി. മനോഹരമായ വർണ്ണ താളുകളിൽ വിവിധ രാജ്യത്തിലെ ആളുകൾ ഉണ്ടാക്കുന്ന റെക്കോർഡുകൾ അച്ചടിക്കുക എന്നതിലുപരി, നിങ്ങളുടെ ജീവന് യാതൊരു ഉത്തരവാദിത്ത്വവും ഏറ്റെടുക്കുകയില്ല എന്നത് വളരെ കൃത്യമായി വെബ്‌സൈറ്റിൽ വിവരിക്കുന്നുണ്ട്. ഒരു രാജ്യമോ, സർവകലാശാലയോ നല്കുന്ന പദവിയോ അംഗീകാരമോ ആയി ഇതിനെ കാണാൻ കഴിയില്ല എന്നതും മറ്റൊരു വസ്തുതയാണ്.





പശ്ചിമ ബംഗാള്‍ പോലീസില്‍ ഹോം ഗാര്‍ഡായ ശൈലേന്ദ്ര നാഥ് റോയി (48) ആണ് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്. മുടിയില്‍ തൂങ്ങി കൂടുതല്‍ ദൂരം സഞ്ചരിച്ചതിന്റെ ലോകറെക്കോഡ് നിലവില്‍ ശൈലേന്ദ്ര നാഥ് റോയുടെ പേരിലാണ്. 2011 മാര്‍ച്ച് 1ന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് 270 അടി മുടിയില്‍ തൂങ്ങി സഞ്ചരിച്ച് റോയ് ലോകറെക്കോഡ് സ്ഥാപിച്ചത്‌. തന്റെ പേരിലുള്ള റെക്കോഡ് തിരുത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

അവലംബം: guinnessworldrecords, wikipedia, wikihow, reporterlive

Thursday, December 5, 2013

ആയിരം പേർ പങ്കെടുത്ത 150KM സൈക്കിൾ മാരത്തോണ്‍

Posted by VaITube | Thursday, December 5, 2013 | Category: |



ദുബായിയിൽ നിന്ന് അബുദാബിയിലേക്കൊരു സൈക്കിൾ യാത്ര ...അതും ആയിരം പേർ ....!

 യുഎഇ 42-ത്തെ  ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് യൂണിയന് ഹൌസില് നിന്ന് അബുദാബിയിലേക്ക് നടന്ന ഫ്ലാഗ് ടു ഫ്ലാഗ് എന്ന പേരില്‍ നടത്തിയ സൈക്കിള് റാലിയില് വികലാംഗരുള്പ്പെടെ ആയിരത്തോളം പേര് പങ്കെടുത്തു. നൂറ്റമ്പത് കിലോമീറ്റര്‍ നീളത്തിലാണ് സൈക്കിള്‍ മാരത്തോണ്‍  ഏഴു മണിക്കൂര് സമയമെടുത്താണ്  വൈകിട്ട് മൂന്നു മണിക്ക് അബുദാബി ബ്രേക്ക് വാട്ടറിലെ ഹെറിറ്റേജ് വില്ലേജിനു സമീപത്തെ കൂറ്റന് കൊടിമരത്തിനു സമീപം സൈക്കിള് റാലി സമാപിച്ചത്.

ആരോഗ്യമുള്ള ജീവിത രീതി പ്രോല്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ദിനത്തില് യുഎഇ സൈക്ലിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തില് സൈക്കിള് മാരത്തോണ് സംഘടിപ്പിച്ചത്. 42 വര്ഷം മുന്പ് രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന് സുല്ത്താന് അല് നഹ്യാന് യുഎഇ രൂപീകരണവേളയില് യുഎഇ ദേശീയ പതാക ഉയര്ത്തിയ ദുബായ് യൂണിയന് ഹൌസ് പരിസരത്തുനിന്ന് രാവിലെ 7 മണിക്കാണ് സൈക്കിള് മാരത്തോണ് റാലി പുറപ്പെട്ടത്. കനത്ത സുരക്ഷയോടെയാണ് സൈക്കിള്‍ മാരത്തോണ്‍ നടന്നത്. ദുബായ്-അബുദാബി പോലീസിന്റെ അകമ്പടിയോടെ ആംബുലൻസ് സേവനവും സജ്ജീവമായിരുന്നു. സൈക്കിളുകൾ തമ്മിലുള്ള ചെറിയ കൂട്ടിയിടികൾ ഉണ്ടായെങ്കിലും, പങ്കെടുത്തവർ റാലിയുടെ സമാപനം  വരെ അതീവ ആവേശഭരിതരായിരുന്നു, കാണികൾ ആർപ്പു വിളികളോടെ അനുമോദിച്ചും മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തും റാലിയെ അനുഗമിച്ചു.



ദുബായ് ജൂമൈറ റോഡിലൂടെയും ഉം സുഖീം റോഡ് മാര്ഗവും നീങ്ങിയ നൂറുകണക്കിനു സൈക്കിളുകള് ഷെയ്ഖ് സായിദ് റോഡിലൂടെ അബുദാബി യാസ് ഐലന്ഡ് വഴി മിനാ പോര്ട്ടിനു മുമ്പിലൂടെ അബുദാബി കോര്ണിഷ് റോഡു വഴിയാണ് ബ്രേക്ക് വാട്ടറിലെത്തിയത്. വഴിയിലുടനീളം യാത്രക്കാരുടെ ദാഹശമനത്തിനായി  അഞ്ചു വാട്ടർ സ്റ്റേഷനുകളും സംഘാടകർ ഒരുക്കിയിരുന്നു.

ദുബായ് കിരീടാവകാശി ¨ ഷയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ രക്ഷാകര്തൃത്വത്തിലായിരുന്നു സൈക്കിള് മാരത്തോണ്. സ്ത്രീകൾ, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ അംഗവൈകല്യമുള്ളവര്‍,  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരും സ്വദേശികളും  വിദേശികളും പങ്കെടുത്ത റാലിയിൽ മലയാളി സാന്നിദ്യവും പ്രകടമായിരുന്നു.