"My favorite blog comments and 'mini stories - ValTube"

Thursday, June 5, 2014

യക്ഷി

Posted by VaITube | Thursday, June 5, 2014 | Category: |













സമയം ക്ലോക്കിൽ ഒന്നടിച്ചു.

ഒന്നും വേണ്ടായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. ഒരു സിനിമ കണ്ടതിൻറെ ആവേശത്തിൽ അവൾക്കു വാക്ക് കൊടുത്തത് ഇങ്ങനെ ഒരു പൊല്ലാപ്പ് ആകുമെന്ന് ഒരിക്കലും കരുതിയില്ല. ക്ലോക്കിൽ ക്ലിക്ക്...... ക്ലിക്ക്...... അടിക്കുന്നതും എൻറെ ഹൃദയം മിടിക്കുന്നതും ഒരേ വേഗതയിൽ ആണോ ....? പണ്ടാരം ഹ്രദയം സ്ലോ മോഷൻ കളിക്കുകയാണ്. ക്ലോക്കിലേക്ക് സൂക്ഷിച്ചു നോക്കി.സമയം ഒരു മണി തന്നെ.

പട്ടം പോലെ സിനിമ കണ്ടത്തിൽ ശേഷം സ്നേഹിക്കുന്ന പെണ്ണുമായി ഒളിച്ചോടാൻ ഞാൻ തിരുമാനിച്ചതാണ്. അവളുടെ അച്ഛനോട് ചോദിച്ചാൽ ഒരു പക്ഷെ പുല്ലുപോലെ അവളെ ഇറക്കി കൊണ്ട് വരാമായിരുന്നു, ഹേയ്.....അത് ശരിയാകില്ല .... അതിൽ ഒരു ത്രിൽ ഇല്ലെന്നു പറഞ്ഞ അതേ മനസ്സ് തന്നെയാണ് ഇപ്പോൾ എന്നെ പുറകോട്ടു പിടിച്ചു വലിക്കുന്നത്.

"ഒരു ത്രിൽ ഇല്ലാതെ എന്ത് ആഘോഷം" എന്ന് എൻറെ ഗുരു പാഷാണം ഷാജി എപ്പോഴും പറയുമായിരുന്നു

ഇതെല്ലാം നടക്കുമോ...?

അവളോട്‌ പറഞ്ഞത് പോലെ കൃത്യം രാത്രി 2 മണിക്ക് വീടിൻറെ പടിക്കൽ ഇറങ്ങി നില്ക്കണം എന്ന് വാക്ക് കൊടുത്തതാണ്. ഇനി ചെല്ലാതിരുന്നാൽ അതൊരു കൊടും വഞ്ചന ആകില്ലേ...?

പുറത്താണെങ്കിൽ ഭയങ്കര മഴ....! നല്ല കാറ്റും വീശുന്നുണ്ട് ... എനിക്ക് പേടിയുള്ള മിന്നൽ, എൻറെ മുന്നിൽ ഒരു ചോദ്യ ചിഹ്നം പോലെ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പുറത്തെ മുറിയിൽ കിടക്കുന്ന അപ്പാപ്പൻ DJ സ്റ്റൈലിൽ ആയിരുന്നു കൂർക്കം വലിച്ചിരുന്നത്‌. ഓരോ ശ്വാസം വലിക്കുമ്പോഴും, പഴയ വീടിൻറെ മേൽക്കൂര ചെറുതായി ആടുന്നുണ്ടോ എന്നൊരു ശങ്ക ഇല്ലാതില്ല.

എവിടെയോ ഒരു പേ പിടിച്ച പട്ടി മോങ്ങിയത് പോലെ തോന്നി. ജനാല തുറന്നു നോക്കിയപ്പോൾ അതാ ഒരു കറുത്ത പട്ടി. എന്നെ കണ്ടതും അടുത്ത പോന്തയിലേക്ക് മറഞ്ഞു. പഴയ തുരുമ്പ് പിടിച്ച ജനാല തുറന്ന ശബ്ദം കേട്ടിട്ടാകണം. അടുക്കളയുടെ പുറകിലുള്ള വാഴയുടെ കൂമ്പ് നുണയാൻ വന്ന വവ്വാലുകൾ കൂട്ടമായി ചിതറി. വാതിൽ വലിയ ശബ്ദത്തിൽ കൊട്ടിയടച്ചു. അപ്പാപ്പൻ കുറച്ചു സെക്കണ്ട് നിശബ്ദനായി. പിന്നെ വീണ്ടും കൂര്ക്കം വലി.... ! "വലിയെടാ ...വലി....ആഞ്ഞു വലി "

ദൈവമേ... അവസാനം അതും സംഭവിച്ചു...വലിയ ഒരു ഇടി വെട്ടിയതും ഒപ്പം കരണ്ടും പോയി. മുൻപേ പ്ലാനിംഗ് ചെയ്ത ലിസ്റ്റിൽ ടോർച്ചു എഴുതിയില്ലയിരുന്നു. ഭാഗ്യം മുത്തച്ഛന്റെ തലയ്ക്കു സൈഡിൽ വെച്ചിരിക്കുന്ന എട്ട് കട്ട എവറടി ടോർച്ചു ബാഗിലേക്കു എടുത്തു വെച്ചു. ഏതായാലും നനഞ്ഞു. ഇനി കുളിച്ചു കേറാം എന്ന് ആരോ പറഞ്ഞത് ഞാൻ മനസ്സിനെ ബലപ്പെടുത്തി . ദൈവത്തിനെയും വിളിച്ചു വാതലിൻറെ സാക്ഷ പതുക്കെ തുറന്നു. സകലരേയും മനസ്സില് ധ്യാനിച്ച് വലതുകാൽ പുറത്തോട്ടു വെച്ചു. മുത്തച്ഛൻ കൂർക്കം വലിക്കുന്ന ശബ്ദം, എൻറെ നെഞ്ഞിടിപ്പിൽ അലിഞ്ഞു പോയി. വാതിൽ പതുക്കെ ചാരി കുട നിവർത്തി മഴയിലേക്കിറങ്ങി.

കാലൻ കോഴി കൂവൽ ... പട്ടിയുടെ മോങ്ങൽ..... ഇടി വെട്ട് .... മിന്നൽ.....പൊരിഞ്ഞ മഴ ........കൊടും കാറ്റ് ..... കൂരാ കൂരിരുട്ട്...... ആകാശത്ത് നക്ഷത്രങ്ങൾ ശൂന്യം. ഒരു അന്ധനെ പോലെ ഞാൻ മുന്നോട്ടു നടന്നു. പ്രേമത്തിന് കണ്ണില്ല എന്ന് പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നിയ നിമിഷം. പഴയ പാമ്പിൻ കാവ്‌ വഴി ചെന്നാൽ പെട്ടന്ന് അവളുടെ വീടിനു അടുത്തെത്താം. ഞാൻ മുന്നോട്ടു നടന്നു...... ഇടി മിന്നലിൽ മുന്നോട്ടുള്ള വഴി എനിക്ക് തെളിഞ്ഞു. പത്തു മിനിട്ടോളം നടന്നപ്പോൾ മഴ കുറഞ്ഞ പോലെ തോന്നി. അതെ ....ഇപ്പോഴെനിക്ക്‌ പാമ്പിൻ കാവ്‌ കാണാം. ആരോ തെളിയിച്ച ഒരു തിരി ഇപ്പോഴും അവിടെ കത്തിയെരിയുന്നുണ്ട്, അത്ഭുതം എന്ന് പറയട്ടെ ...ഇടി നിന്നു...മിന്നൽ നിന്നു..കാലൻ കോഴി ...പട്ടി മോങ്ങൽ ....എല്ലാം നിന്നു ... ഞാൻ മാത്രം നടന്നു . മുന്നോട്ടു ....ലെഫ്റ്റ് റൈറ്റ് .....ലെഫ്റ്റ് ..റൈറ്റ്

ഇനി പാമ്പിൻ കാവ്‌ കടക്കണം. അതാണ് എൻറെ ചിന്ത...വിഷ പാമ്പുകൾ കൂട്ടമായി കൊത്തുമോ..? മനസ്സിൽ ഞാൻ സകല ന്യു ജനറേഷൻ ദൈവങ്ങളെയും പ്രാർത്ഥിച്ചു. പാമ്പുകൾ വഴി മാറി പോകാൻ ഞാൻ ശബ്ദം ഉണ്ടാക്കി നടന്നു. വലിയ വായിൽ സെബസ്റ്റിയാനോസു പുണ്യാളനെ ഉറക്കെ പ്രാർത്ഥിച്ചു, പാമ്പുകൾ എല്ലാം എനിക്ക് വഴി മാറി തന്നു.... ഓരോ ചുവടും ഞാൻ പ്രാണ സഖിക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്തു മുന്നേറി. "അടിച്ചു മോനെ പാമ്പിൻ കാവ്‌" ഞാൻ രക്ഷപ്പെട്ടു എന്ന തോന്നൽ, അതൊരു വലിയ "എക്കോ" ടയലോഗ് ആയി പാമ്പിൻ കാവിൽ മുഴങ്ങി. ഇനിയൊരു മതിൽ കെട്ടുണ്ട്...അത് ചാടി കടന്നാൽ അവളുടെ വീടായി.

ഞാൻ വാച്ചിലേക്ക് നോക്കി. ഇനി 10 മിനിട്ട് കൂടിയുണ്ട്.. അവൾ പുറത്തിറങ്ങി നില്ക്കും എന്ന വിശ്വാസത്തിൽ ഞാൻ ഓരോ ചുവടും ഒരു പട്ടാളക്കാരനെ പോലെ അടി വെച്ചു മുന്നേറി . അതാ ഇപ്പോൾ മതിൽ കെട്ട് ദ്രിശ്യമായി. ഞാൻ സൂക്ഷിച്ചു നോക്കി .... മതിലിനു മുന്നിൽ ഒരു സ്ത്രീ....വെളുത്ത സാരി ..... കാലുകൾ നിലത്തു മുട്ടിയിട്ടില്ല.......... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..... വശ്യതയാർന്ന മുഖം...ഐശ്വര്യറായി പോലെ ഏതോ ഒരു റായി......! ദൈവമേ ...എൻറെ കയ്യിൽ ചുണ്ണാമ്പ് ഇല്ല...! അപ്പാപ്പൻ വക ടോർച്ചു ഞാൻ ആ "പൂതനയുടെ" മുഖതോട്ടു തെളിച്ചു. ദൈവമേ ..."യക്ഷി".....സാക്ഷാൽ "യക്ഷി" ചോര പുരണ്ട തേറ്റ പല്ലുകൾ. വശീകരിക്കുന്ന അങ്കലാവണ്യം.......! കസ്തൂരി മഞ്ഞളിൻറെ കാന്തി...! ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല.. എൻറെ സെബസ്റ്യനോസു പുണ്യളാ.... കാത്തു രക്ഷിക്കണേ......!

ഒരു "പീക്കിരി" പ്രേമത്തിന് മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. സകല ശക്തിയും എടുത്തു ഞാൻ മുന്നോട്ടു നടന്നു
ഇപ്പോൾ ഞാൻ യക്ഷിയുമായി വെറും 100 മീറ്റർ അകലം കാണും. എങ്ങും നിശബ്ദം..... അപ്പാപ്പൻറെ ടോർച്ചു പതുക്കെ കണ്ണടച്ചു തുടങ്ങി...കുറ്റിച്ചെടി കാടുകളിൽ കൂടി ഞാൻ തവളയെപോലെ ചാടി ചാടി മുന്നോട്ട് നടന്നു.

യക്ഷിയെങ്കിൽ യക്ഷി. ഒന്നുമില്ലെങ്കിൽ മരിക്കുന്നതിനു മുൻപ് നേരിട്ട് ഒരു ജീവനുള്ള യക്ഷിയെ പരിചയപ്പെടാമല്ലോ...! അഥവാ പാവം യക്ഷിയാണ് എങ്കിൽ, മൃഗകൊഴുപ്പില്ലാത്ത നിറപറ സാംബാർ ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുക്കാം. അതല്ല രക്തം കുടിക്കുന്ന രക്ത രക്ഷസ് ആണെങ്കിൽ കഴുത്ത് നീട്ടി കൊടുത്തേക്കാം. പേടിച്ചാലും ഇല്ലെങ്കിലും എല്ലാരും ജീവിതത്തിൽ ഒരു തവണ മരിക്കും. ഞാൻ ധൈര്യം മുറുകെ പിടിച്ചു. അപ്പാപ്പൻറെ എട്ടര കട്ട ടോർച്ചു ഇപ്പോൾ പരിപൂർണ്ണമായി വെടി തീർന്നു.

നിലാവിൽ ഇടക്കിടെ വീശുന്ന ഇളം തെന്നലിൽ അവളുടെ വെളുവെളുത്ത സാരി പാറി പറന്നു. ശീമാട്ടിയിലെ വില കൂടിയ സാരി ആയിരിക്കും, നല്ല തിളക്കം, ഒരു നക്ഷത്ര തിളക്കം.

മതിലിനു അഭിമുഖം ആയപ്പോൾ, ഞാൻ യക്ഷിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം ശരിക്കും ഒരു നക്ഷത്രം പോലെ ഇരുട്ടിൽ വെട്ടി തിളങ്ങുന്നു. കഴുത്ത് ഒരു ചുറ്റിക പോലെ കടഞ്ഞെടുത്ത വെണ്ണതടി രൂപത്തിൽ ഉരുണ്ടു നീളത്തിൽ..., ശരീരം ആലില പോലെ അരിവാൾ ഷേപ്പിൽ തുളുമ്പി നില്ക്കുന്നു. വാഴയില പോലെ അവളുടെ സാരി കാറ്റിൽ പാറി പറക്കുന്നു. ഞാൻ മതിൽകെട്ടിനോട് വളരെയടുത്തു. അപ്പോഴാണ് ഞാൻ അരിവാൾ പിടി പോലെ വായുവിൽ ഉയർന്നു നിൽക്കുന്ന അവളുടെ കാലിനു തൊട്ടു താഴെയായി എഴുതി വെച്ച അടിക്കുറിപ്പ് ശ്രദ്ധിച്ചത്.

"നിങ്ങളുടെ വിലയേറിയ വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അടയാളപ്പെടുത്തുക.....!"

അമ്പടാ ...!!!.

ഇപ്പോഴാണ്‌ ഒരു കാര്യം എനിക്ക് ഓർമ്മ വന്നത്.. ഒളിച്ചോടാനുള്ള തിരക്കിനിടയിൽ എൻറെ സോടാകുപ്പി കണ്ണട എടുക്കാൻ മറന്നു പോയിരിക്കുന്നു. മതിലിൽ എന്നെ മാടി വിളിച്ച യക്ഷിയായി അഭിനയിച്ചത് നമ്മുടെ സ്വന്തം പാർട്ടി ചിഹ്നം ..!

"അരിവാൾ ചുറ്റിക നക്ഷത്രം"

ഇലക്ഷന് മുന്നോടിയായുള്ള പാർട്ടിക്കാരുടെ ചുമരെഴുത്തായിരുന്നു അത് . മതിലിനു മുന്നിൽ നിന്നിരുന്ന ഓണവാഴയുടെ ഇലകളായിരുന്നു കുത്തഴിഞ്ഞ സാരിയുടെ റോൾ അഭിനയിച്ചത് . ചോര പുരണ്ട തേറ്റ പല്ലുകൾ അരിവാളിൻറെ വായ്ത്താരി ആയിരുന്നു . പാർട്ടി എന്നെ വെറുതെ മായാ മോഹിപ്പിച്ചു. അരിവാളിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഞാൻ അപ്പോഴേ കൈപത്തിയിലേക്ക്കൂറ് മാറി. വിശ്വാസ വഞ്ചന ഒരിക്കലും എനിക്ക് പൊറുക്കാൻ കഴിയില്ല. എൻറെ കൂടെ ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്ന പെണ്ണാണെ സത്യം.. ! ഞാൻ പാർട്ടി മാറി...!

ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. വാച്ചിൽ സമയം രണ്ടു മണി ആകാൻ ഇനി വെറും 10 മിനിട്ട് മാത്രം ബാക്കി. എന്നെയും കാത്തു എൻറെ പ്രാണ സഖി ഇപ്പോൾ വീടിനു പുറത്തു ഇറങ്ങിയിരിക്കും. കാത്തു നിന്ന് എന്നെ കണ്ടില്ലെങ്കിൽ ഇനി അവള് തിരിച്ചു പോയാലോ ...? വീട്ടിലുള്ളവരുടെ സ്വർണ്ണവും പണവും എളുപ്പത്തിൽ അടിച്ചു മാറ്റി വെറുതെ വീടിൻറെ പടിക്കൽ എന്നെ കാത്തു നിൽക്കുന്ന എൻറെ പ്രിയ കാമുകിക്ക് അറിയില്ലല്ലോ ഒരു ധീരനായ കാമുകൻറെ ജീവൻമരണപോരാട്ട കസ്സർത്തുകൾ...!

മുന്നിലെ മതിലെടുത്തു ചാടിയാൽ ദൂരം അര മണിക്കൂർ കുറയ്ക്കാം. പക്ഷെ പന്ത്രണ്ടു അടിയുള്ള ഈ വന്മതിൽ എങ്ങിനെ ചാടും...! അവൾക്കു സമ്മാനിക്കാൻ തങ്കത്തിൽ പൊതിഞ്ഞ ടൂക്ലി മോതിരവും, അവൾക്കു ഏറ്റവും പ്രിയപ്പെട്ട, അമ്മയെ കൊണ്ട് പ്രത്യേകം പറഞ്ഞുണ്ടാക്കിയ ചക്കക്കുരു കൂട്ടാനും തോളതുള്ള ബാഗിൽ ഭദ്രമാണെന്ന് ഞാൻ ഉറപ്പു വരുത്തി.

ഒരു മുള വടിയോ എണിയോ കിട്ടിയിരുന്നെങ്കിൽ...? ഞാൻ പുറകോട്ടു തിരിഞ്ഞു നോക്കി .........! എങ്ങും കുറ്റി ചെടികൾ മാത്രം....! നിലാവിലെ കുറ്റി ചെടികൾക്കിടയിൽ രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു. ! ദൈവമേ ...മുൻപ് പൊന്തക്കാട്ടിൽ മറഞ്ഞ കറുത്ത പട്ടി..! വിഷ പല്ലുകളും ചീർത്തു എനിക്ക് നേരെ പാഞ്ഞു വരുന്നു! കുറ്റി ചെടികളെ തെറിപ്പിച്ചു കൊണ്ട് 100-120 സ്പീഡിൽ എൻറെ നേരെ പാഞ്ഞു വരുന്ന പട്ടിയെ ഞാൻ അപ്പാപ്പൻ വക ടോർച്ചു കൊണ്ട് ആഞ്ഞെറിഞ്ഞു. നല്ല ഉന്നം..! ടോർച്ചു കുറ്റിക്കാട്ടിൽ എവിടെയോ മറഞ്ഞു. കുരച്ചു കൊണ്ട് നാക്കും പുറത്തു നീട്ടി സിംഹത്തെ പോലെ പാഞ്ഞു വരുന്ന പട്ടിയെ ഒരു നോക്കു നോക്കിയതേ ഉള്ളൂ.എന്നിലെ അവശേഷിച്ച മനുഷ്യ മൂത്രം സ്വമേധയാ കീഴടങ്ങി. സകല ശക്തിയും സംഭരിച്ചു, അന്തോനീസു പുണ്യാളനെയും വിളിച്ചു മതിലിൽ പൊത്തി പിടിച്ചു കയറി. പുണ്യാളൻ വലിച്ചു കയറ്റി..! പിന്നെയൊരു ഇറക്കമായിരുന്നു. ഒരു പടു കുഴിയിൽ.!

ശരീരം മുഴുവൻ മുറിവുകൾ...! ചുറ്റും നല്ല ഫോറിൻ മുല്ലപ്പൂ മണം..! അല്ല..! പശുവിൻറെ ചാണകം മണക്കുന്നു. എല്ലാ നായകന്മാരെ പോലെ ഞാനും ചാണക കുഴിയിൽ നിന്നും തന്നത്താൻ ഉയർത്തു എഴുന്നേറ്റു. സ്വിമ്മിംഗ് പൂളിലെ ബാറുകൾ പിടിച്ചു കരക്ക്‌ കയറി. അവിടെയും കിട്ടി തോഴി. സ്വിമ്മിംഗ് പൂളിലെ പിടിച്ചു കയറുന്ന ബാറുകൾ, ഗോക്കൾ തൻ ഉരുക്കു കാലുകൾ ആയിരുന്നു. തൊഴുത്തിലെ പോന്നീച്ചകൾ എൻറെ തലയ്ക്കു വട്ടം പറക്കുന്നു. ഇതേതാ സ്ഥലം ...?

ഇങ്ങനെയൊരു തൊഴുത്ത് എൻറെ ഗൂഗിൾ മാപ്പിൽ ഇല്ലായിരുന്നു. ഞാൻ വാച്ചിലേക്ക് നോക്കി. രണ്ടു മണിക്ക് ഇനി വെറും 3 മിനിട്ട് മാത്രം ബാക്കി. ഇനി ഒന്നും നോക്കാനില്ല... മുന്നിൽ കണ്ട ഇടവഴിയിലൂടെ ഓടി. വീഴ്ചയിൽ എവിടെയോ എൻറെ ബാഗ് നഷ്ടപെട്ട സത്യം ഓട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു. ഓടുന്നതിന് ഇടയിൽ തൊഴുത്തിന് മുന്നിൽ സ്ഥാപിച്ച തേനിച്ച വളർത്തു കൂട് ഞാൻ അതി വിദക്തമയി കാലുകൊണ്ട്‌ ഒരു ഷോർട്ട് കിക്ക് അടിച്ചു തെറിപ്പിച്ച് ഗോളടിക്കാനും മറന്നില്ല. ആരോ കുബേര ബ്ലൈട് ലോണ്‍ എടുത്തു വളർത്തുന്ന തെനീച്ചയാകണം...! പ്രത്യാക്രമണം ഉണ്ടായില്ല.

ഇടവഴി പെരുവഴിയായി. പെരുവഴി പലവഴിയായി...! പലവഴി എന്നെ അവളുടെ വീടിനു മുന്നിലെത്തിച്ചു. രണ്ടു മണി ആകാൻ ഇനി വെറും ഒരു മിനിട്ട് മാത്രം.! നിലാവിൽ അവളുടെ വീട് വ്യക്തമായി കാണാം. പരസ്യം പതിക്കരുത് എന്നെഴുതിയ മതിലിനു മുന്നിൽ എന്നെയും പ്രതീക്ഷിച്ചു നില്ക്കുന്ന എൻറെ വാരിയെല്ലിനെ തേടി ഞാൻ ഓട്ടത്തിനിടയിലെ കിതപ്പ് വക വെക്കാതെ ഉറ്റു നോക്കി...!

ശൂന്യം...! അവിടെ ഒരു പെണ്ണും ഇല്ല... പെട കോഴിയും ഇല്ല..! പെണ്ണ് ചതിച്ചു...! കനകവും കാമിനിയും അവളുടെ കയ്യിൽ തന്നെ..! വിഷണ്ണനായി വായും പൊളിച്ചു നില്ക്കുമ്പോഴാണ് അത് സംഭവിച്ചത്.

""""""""നില്ക്കാടാ അവിടെ ..! രാത്രി രണ്ടുമണിക്ക് നീയിവിടെ എന്തെടുക്കുവാ...?"""""""

പുറകിൽ നിന്നും കേട്ട അശിരീരി കേട്ട് ഞാൻ വെട്ടി തിരിഞ്ഞു നോക്കി ....!

ഏട് കുട്ടൻപിള്ള ....!

കൊമ്പൻ മീശക്കാരൻ കുംബവയറൻ പോലീസ്! രാത്രി പെട്രോളിംഗ് സ്പെഷ്യൽ ഐറ്റം!

വ്യാജൻ "O"

Posted by VaITube | | Category: |



















സിനിമ അപ്‌ലോഡ്‌ ചെയ്തവരെ പിടിക്കാതെ യുടുബിൽ കണ്ടവനെയും നെറ്റിൽ ലിങ്ക് ഫോർവേർഡ്‌ ചെയ്തവരെയും തിരയുന്നതിന്റെ തന്ത്രം എന്താണ്. ഇന്റർനെറ്റിൽ സിനിമ കണ്ടതിനു കുറെ നിരപരാദികളെ തെരുവിലിറക്കുന്ന പരിപാടി കുറെ കാലമായി പത്രങ്ങളിൽ വാർത്ത‍യാകാറുണ്ട്. ഇന്റർനെറ്റിൽ ലഭ്യമാകുന്നവയിൽ എന്ത് കാണണം എന്ത് കാണരുത് എന്ന നിയമങ്ങൾ എത്ര പേർക്കറിയാം. എന്നാൽ അത് വ്യക്തമാക്കുന്ന ഒരു നിയമാവലിയോ, ലഘുലേഖയോ വെബ്സൈറ്റോ ഉത്തരവാദിത്വമുള്ളവർ ഇതുവരെ ഇറക്കിയിട്ടുമില്ല. പലരും പിടിക്കപെടുമ്പോൾ മാത്രമാണ് തങ്കൾ ചെയ്ത കുറ്റം എന്താണെന്നു പോലും തിരിച്ചറിയുന്നത്‌.

സിനിമകളെ പോലെ തന്നെ വ്യാജന്മാരായ വിവിധ കമ്പ്യൂട്ടർ പ്രോഗ്രമ്മുകളും ഇന്ന് ഒരുപാടു പേര് അവരവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. (സിനിമാക്കാർ, കച്ചവടക്കാർ, കമ്പ്യൂട്ടർ ഇൻസ്ടിട്യുട്ടുകൾ മാത്രമല്ല നാട്ടിൻപുറത്തെ മിക്ക സ്കൂളുകളിലും വിവിധ സർക്കാർ ഓഫീസുകളിലും വ്യാജൻ തന്നെയാണ് ജോലി ചെയ്യുന്നത്). ഫ്രീ വേർഷൻ എന്ന് വിളിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ പോലും ബിസിനെസ്സ് ആവശ്യത്തിനു ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതും കുറ്റകരമല്ലേ...? ഇതിൻറെ ഒക്കെ ഒറിജിനൽ വാങ്ങി ഉപയോഗിക്കുവാനും പഠിക്കുവാനും ഇന്ന് എത്ര പേർക്കു കഴിയും. ലക്ഷങ്ങൾ വില മതിക്കുന്ന പലതും കൈകാര്യം ചെയ്യുന്നത് തുച്ഛമായ ശമ്പളം വാങ്ങുന്ന സാധാരണക്കാരൻ ആണെന്ന വസ്തുത ഇന്ന് എല്ലാവർക്കും അറിയാം. ഇങ്ങനെ പൈരാറ്റ് എന്ന ഓമന പേരിൽ ഇറങ്ങുന്ന നിയമ വിരുദ്ധ പ്രോഗ്രമ്മുകൾ ഉപയോഗിക്കുന്നത് കൊണ്ടാണ് അവികസിത ഏഷ്യൻ രാജ്യങ്ങളില പലരും കഞ്ഞി കുടിച്ചു കഴിയുന്നത്‌.

സിനിമ നിർമാതാക്കളുടെ പണം അടിച്ചു മാറ്റാൻ വേണ്ടി കുറെ സോഫ്റ്റ്‌വെയർ കച്ചവടക്കാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിപണിയിൽ ഇറക്കുന്ന സോഫ്റ്റ്‌വെയർ അതി വിദഗ്ക്തമണെങ്കിൽ അപ്‌ലോഡ്‌ ചെയ്തവനെ പിടിക്കാൻ കഴിയാത്തതിൻറെ ദുരൂഹത എന്താണ് ...? ഏതെങ്കിലും വാർത്തകളിൽ സിനിമാ തിയറ്ററിൽ നിന്നും കോപ്പി ചെയ്തതിൻറെ നേറ്റീവ് വേർഷൻ പിടിച്ചെടുക്കാൻ പറ്റിയതായി കേട്ടിട്ടുണ്ടോ..?

തങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് വരുത്തി തീര്ക്കാൻ അവർ തന്നെ വ്യജനെ അപ്‌ലോഡ്‌ ചെയ്ത് അത് കണ്ടവരെ കുടുക്കി നിർമാതാക്കളുടെ വിശ്വാസം പിടിച്ചു പറ്റുകയും ഇതിൻറെ പേരിൽ കുറെ നിരപരാദികളെ അപകീർത്തിപെടുത്തുകയും, അതു വിശ്വസിച്ചു നിർമ്മാതാക്കൾ അവരുടെ വലയിൽ വീഴുകയും ചെയ്യുന്നു എന്നൊക്കെ മുൻപ് TV TALK ഷോയിൽ പബ്ലിക്‌ കമന്റ്‌ വന്നിരുന്നു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ അധികാരികൾ തന്നെ ഇതിനു പുറകിലുള്ള ദുരൂഹത പുറത്തു കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ആയിരങ്ങൾ മുടക്കി ഇന്റർനെറ്റ്‌ കണക്ഷൻ എടുത്തവർ നൂറു രൂപയുടെ സിനിമ ടിക്കട്ടിന് വേണ്ടി സ്വയം കുരുക്കിൽ പോയി ചാടുവാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ? തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ സിനിമ തിയറ്ററിൽ പോയി തന്നെ സിനിമ കാണണം എന്ന് പറയുന്നത് എന്തിനാണ്. കാശു മുടക്കി നെറ്റിലൂടെ സിനിമ കാണാൻ കഴിയുന്ന സംവിധാനം ഇവർ കൊണ്ട് വന്നാൽ അത് പ്രേക്ഷകനും, സിനിമ പ്രവർത്തകർക്കും ഒരു പോലെ ഗുണകരമല്ലേ ?

മറ്റൊരു സാധ്യത, സിനിമ ലോകത്തെ കുടിപ്പക തീര്ക്കാൻ സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർക്കോ എതിർ താരത്തിൻറെ സിനിമ നശിപ്പിക്കാൻ , പരസ്പരം മത്സരിക്കുന്ന ഫാൻസുകൾക്കോ ( സിനിമാ ശാലയിലെ സ്ഥിരം കൂവലുകാർ) ഇങ്ങനെ ചെയ്തുകൂടെ...?അങ്ങിനെയെങ്കിൽ സിനിമ പ്രവർത്തകർ തെന്നെയല്ലേ അവരുടെ പ്രധാന ശത്രു.

സിനിമ തിയറ്ററിൽ പോയി റെക്കോർഡ്‌ ചെയ്യുന്നത് കൊച്ചു കുട്ടിക്ക് വരെ ഇന്ന് കുറ്റകരം ആണെന്നിരിക്കെ, ഇതു കൊണ്ട് സാധാരണക്കാരന്‌ എന്ത് നേട്ടമാണ് ലഭിക്കുന്നത് ?. സിനിമ ഇറങ്ങുന്ന തിരക്കുള്ള ദിവസങ്ങളിൽ മറ്റുള്ളവരുടെ കണ്ണു വെട്ടിച്ച് മെനകെട്ടു റെക്കോർഡ്‌ ചെയ്തു എഡിറ്റും കഴിഞ്ഞു നെറ്റിൽ അപ്‌ലോഡ്‌ ചെയ്യാൻ ഇവർ പറയുന്ന പോലെ ഒരു സാധാരണ മലയാളി ചെയ്യുമോ ? സിനിമ ടാക്കീസിൽ വീഡിയോ റെക്കോർഡ്‌ ചെയ്യാതിരിക്കാൻ വേണ്ടി ഇവർക്ക് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുതുകയല്ലേ ഉചിതം?

മലയാള സിനിമയിൽ നടക്കുന്ന കോപ്പിയടിക്ക് ആരും അധികം വില കൊടുക്കാറില്ല എന്നു വേണം കരുതാൻ, പല വിദേശ സിനിമകളുടെയും ഒറിജിനൽ കോപ്പി ഇന്ന് മാർക്കറ്റിൽ ലഭ്യമല്ല എങ്കിലും സീൻ ബൈ സീനായി അത് മലയാള സിനിമയിലേക്ക് എവിടെ നിന്ന് കടന്നു വരുന്നു എന്ന് ദൈവം തമ്പുരാന് മാത്രം അറിയാം. യൂ ട്യുബും, ടോര്രെന്റ്റ് സൈറ്റുകളും നിരോധിച്ചാൽ മലയാള സിനിമയിലെ പല ന്യൂ ജനറേഷൻ സംവിധായകരുടെയും കഥയില്ലതാകും എന്ന് ചുരുക്കം. ഒരു പാട് കണ്ടു മടുത്ത പ്രമേയങ്ങൾ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോൾ ഗീതാഞ്ജലി പോലുള്ള സിനിമകൾ പ്രേക്ഷകർ തഴയുന്നത് സ്വഭാവികമല്ലേ ?

യഥാർത്ഥ സിനിമ ആസ്വാദകൻ വ്യാജനെ കണ്ട് കണ്ണും കാതും നശിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. അങ്ങിനെ കണ്ടത് കൊണ്ട് എങ്ങിനെയാണ്‌ സിനിമ ആസ്വദിക്കുക? വ്യാജൻ ഇറങ്ങിയിട്ടും ദൃശ്യം പോലെയുള്ള സിനിമകളെ പ്രേക്ഷകർ വിജയിപ്പിച്ചത് സത്യമാണെങ്കിൽ, നല്ല സിനിമയെ ആർക്കും തകർക്കാൻ കഴിയില്ല.

പാഷാണം ഷാജി

Posted by VaITube | | Category: |















ഈ അടുത്ത കാലത്ത് എന്നെ ഒരുപാടു സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ഈ ഫോട്ടോയിൽ കാണുന്നത്. "പാഷാണം" എന്ന് ഇരട്ടപേരുള്ള ഈ വിദ്വാൻ കാട്ടികൂട്ടുന്ന വിക്രിയകൾ ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹത്തിൻറെ സാഹസങ്ങൾ ഞാൻ ശ്വാസം പിടിച്ചാണ് കാണുന്നത്. തലവര ശരിയല്ലാത്ത കാരണമായിരിക്കാം അവസരങ്ങൾ കിട്ടാതെ പോകുന്നത്.കയ്യില്‍ കരുതിയിരുന്ന വിത്തുകളുടെ കുട്ടകളില്‍ നിന്നും കുറെ വിത്തുകള്‍ വാരി കൃഷിയിടത്തെക്കെറിഞ്ഞു. അതില്‍ ചിലത് പാറ പുറത്തു വീണു, അവ പക്ഷികള്‍ ഭക്ഷിക്കുകയും,ബാക്കി വന്നത് വെയിലത്ത് വാടി കരിഞ്ഞു പോകുകയും ചെയ്തു. മറ്റു ചിലതോ മുള്‍പടര്‍പ്പുകളില്‍ വീണു. അവ മുളച്ചു വന്നപ്പോള്‍ മുള്‍ച്ചെടികള്‍ അവയെ വളരാന്‍ അനുവദിക്കാതെ ഞെക്കി ഞെരുക്കി കളഞ്ഞു. ബാക്കിയുള്ളവ നല്ല നിലത്ത് വീണു, അവയോ മുളച്ചു വളര്‍ന്നു വലുതായി നല്ല ഫലം തന്നു. കുട്ടികളെ നിങ്ങള്‍ നല്ല നിലത്ത് വീണ വിത്തുകള്‍ പോലെയാകണം എന്ന് ബൈബിളിൽ പറയുന്നുണ്ട്. തഴച്ചു വളർന്നാൽ പിന്നെ അതിനെ നല്ല ഫലമായി നാട്ടുകാർ കറി വെച്ച് തിന്നും. അതോടെ കഥ അവസാനിച്ചു. വളർച്ചയെ വെല്ലുവിളിക്കുന്ന പരാജയപ്പെട്ട വിത്തുകളാണ് ഇനി ബാക്കിയുള്ളത്. യഥാർത്ഥത്തിൽ പലപ്പോഴും പരാജയപ്പെട്ടവരാണ് കഥയെ മുന്നോട്ടു കൊണ്ട് പോകേണ്ടത് . അതുകൊണ്ടാണ് ഞാൻ എപ്പോഴും പരാജയപ്പെടുന്നവരെ പഠിക്കാൻ ശ്രമിക്കുന്നത് . നെഗറ്റീവ് ഇല്ലാതെ പൊസറ്റിവിനു എന്ത് വിലയുണ്ട്‌...? മണ്ടന്മാർ ഉണ്ടെങ്കിൽ മാത്രമേ ക്ലാസ്സിൽ ബുദ്ധിമാൻ ജനിക്കുകയുള്ളൂ. തിരിച്ച് ബുദ്ധിമാൻ പഠിച്ചു ഡോക്ടർ ആയി മണ്ടന്മാരെ പരിപാലിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ..? . അടുത്തിടെ മലയാള സിനിമയിൽ ബുദ്ധിമാനായ റിംഗ് മാസ്റ്റർ ഒരുപാടു കഴിവ് തെളിയിച്ച സിനിമകൾ നാം കണ്ടതാണ്. അത് അന്ഗീകരിക്കുന്നതോടെ ആ നടൻ അവസാനിക്കുകയാണ്.പക്ഷെ സിനിമ മാഫിയ അടിച്ചേല്പിക്കുന്ന സിനിമ മാത്രമേ നമ്മൾ കാണാവൂ എന്ന് സ്വയം തിരുമാനിക്കുമ്പോൾ, പാഷാണം ഷാജി പോലുള്ളവർ കപ്പലണ്ടി കച്ചവടം നടത്തി ജീവിക്കുന്നത് തന്നെയായിരിക്കും നല്ലത്. അതോ, മികച്ചത് എന്ന് മുദ്ര കുത്തി പടച്ചു വിടുന്ന മുഴുനീള HD സിനിമകൾ കാണാതെ ലോ ക്ലാസ് യുട്യൂബ് പാഷാണം ഷാജിയിൽ ഒതുങ്ങി നില്ക്കുന്ന എൻറെ ചിന്താഗതികളുടെ മനോ വൈകല്യമോ...? അല്ലെങ്കിൽ നിങ്ങൾ തന്നെ പറയ് .... മലയാള സിനിമയിൽ സൂപ്പർ താരങ്ങളുടെ ഭാവി എന്തായിരിക്കും ...?

4000 KM

Posted by VaITube | | Category: |















പൊതുവെ കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിലിരുന്നു സമയം കൊല്ലുന്നവരെ, മണ്ടന്മാർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മാസത്തിൽ 28 ദിവസവും 14 മണിക്കൂർ വീതം 8 വർഷം 400KV ലൈൻനു താഴെ ജോലി ചെയ്തവരെ എന്ത് വിളിക്കണം ...? മരമണ്ടൻ എന്ന് വിളിക്കേണ്ടി വരും.

400000 വോൾട്ടിനു താഴെ ഫ്ലികർ ചെയ്യുന്ന CRT മോണിട്ടറിൽ കണ്ണും മിഴിച്ചിരിക്കുന്ന എൻറെ കണ്ണുകൾക്ക്‌, എന്നെ തെറി വിളിക്കുന്ന മാനേജർ കൊറിയനെ ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു എങ്കിലും, മുല്ലപെരിയാർ പൊട്ടുമ്പോൾ മലയാളിയുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ കൊണ്ട് അടിച്ചമർത്തുന്ന ആനന്തം ഞാൻ സ്വയം അനുഭവിച്ചു സുഖിപ്പിച്ചു.

അങ്ങിനെ വെറും ഒരു മരമണ്ടനിൽ തുടങ്ങിയ ജീവിതം, അത് മനസ്സിലാക്കാൻ വലതുകൈ മരവിച്ചു "മൗസ് പിടുത്തം" ഇടതു കയ്യിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു. മെഡിക്കൽ സയൻസിൽ "കാർപേൽ സിൻഡ്രോം" പോലെ കടുകട്ടിയുള്ള രോഗങ്ങളുടെ പേര് പഠിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് വേദനകൾ ഒരു ലഹരിയാക്കി കൂടെ കൊണ്ട് നടന്നു. അമിത വണ്ണം, കൊളസ്ട്രോൾ, ഷുഗർ എന്നിങ്ങനെ സ്ഥിരം അസുഖങ്ങൾ വേറെയും. മിക്കവാറും എല്ലാ കമ്പ്യൂട്ടർ മണ്ടന്മാരായ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ആയതിനാൽ ഇതിൽ പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നുമില്ല. 23 വയസ്സിൽ തുടങ്ങിയ എൻറെ കമ്പ്യൂട്ടർ പ്രണയം ഇതാണെങ്ങിൽ, ഒന്നാം ക്ലാസ്സിൽ കമ്പ്യൂട്ടർ പഠിക്കുന്ന എൻറെ മകൻറെ അവസ്ഥ എന്തായിരിക്കും ...?

(ഫ്ലാഷ് ബാക്ക് - 365 ദിവസങ്ങൾ)

ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്താൽ "ഇതൊക്കെ എന്ത്..?" എന്ന് ചിന്തിക്കാൻ പിന്നെയും 17 വർഷങ്ങൾ വേണ്ടി വന്നു . എൻറെ ജീവിതത്തിലെ മധുര പതിനേഴ്‌ 40 വയസ്സിലായിരുന്നു. "അവതാർ" സിനിമയിലെ നായകന് കാലിനു പോളിയോ ബാധിച്ചു വീൽ ചെയറിൽ ഒതുങ്ങിയ ജീവിതത്തിനു പുതിയ ജന്മം കിട്ടിയപ്പോൾ ഓടി നടക്കാനുള്ള വ്യഗ്രത എന്നിലും ചെറിയ പ്രതീക്ഷ ജനിപ്പിച്ചു. ജോലി ചെയ്യുന്ന നഗരത്തിൽ നിന്ന് കേരളം വരെ ഒന്ന് ഓടി നോക്കുക ... വെറും 4000 കിലോ മീറ്റർ. അതെൻറെ ഒരു സ്വപ്നമായിരുന്നു.

"ഒരിക്കലും നടക്കാത്ത സ്വപ്നം" എന്ന് എൻറെ ഭാര്യ കൂടി പറഞ്ഞപ്പോൾ എനിക്ക് വാശിയായി. ശരീരം അമിത വണ്ണം ആയതിനാലും. ബിയർ വിഴുങ്ങിയ കുംബ വയർ ഒരു പ്രതിഭാസമായി എന്നിൽ നില നില്ക്കുന്നത് കൊണ്ടും... അതേറ്റെടുക്കുവാൻ എൻറെ ശരീരം എന്നെ അനുവദിച്ചില്ല. അങ്ങിനെയാണ് ഒരു പുതിയ സൈക്കിൾ വാങ്ങുവാൻ ഞാൻ തിരുമാനിക്കുന്നത്. പരിഷ്കൃത മലയാളി "നിസ്സാൻ സണ്ണി"യിൽ നിന്ന് "ഹമ്മറി"ലേക്ക് ചാഞ്ചാടുമ്പോൾ എൻറെ "സൈക്കിൾ" പ്രയോഗം പ്രിയതമക്ക് ഒട്ടും ഇഷ്ടമായില്ല. പ്രകൃതി വിപരീതമായി പതിവു പോലെ എൻറെ വാശി (പുരുഷ മേധാവിത്വം) തന്നെ ജയിച്ചു. ഒന്നല്ല, സൈക്കിൾ മൂന്നെണ്ണം വാങ്ങി. വീടിന്നു മുന്നിൽ, നടക്ക് ഇരുത്തിയ ഗജവീരന്മാരെ പോലെ, സൈക്കിളിൻറെ പെടലും പൊക്കി നിൽക്കുന്നു.

ഇത് കണ്ടു "വിജ്രംബിച്ച" മുഖവുമായി സംഭാരം തന്നു സ്വീകരിച്ച എൻറെ സ്വന്തം ഭാര്യ ഒരു "ഭാരം" ആയി തോന്നിയതേ ഇല്ല. മനസ്സിൽ ഒരു "മാരുതി" കാറ് സ്വപ്നം കണ്ടു നില്ക്കുന്ന ഭാര്യമാർക്ക് പണ്ടാരം സൈക്കിൾ കാണുമ്പോൾ എന്ത് തോന്നും ...? പിന്നീടുണ്ടായ തൃശൂർ പൂരവും, തുടർന്നുണ്ടായ വെടിക്കെട്ടും, ഞാൻ മാത്രം ഉള്ളിൽ ഒതുക്കി സ്വയം ആസ്വദിക്കുമ്പോഴും എൻറെ മനസ്സിൽ 4000 കിലോ മീറ്റർ COUNTDOWN തുടങ്ങിയിരുന്നു. വർഷത്തിൽ 4000 കിമി ഒറ്റ തവണ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഒരു തമാശക്ക് ചിന്തിക്കാൻ ഒരു അവസരം സൌജന്യമായി തരുന്നു...! എൻറെ മുന്നിൽ അവശേഷിക്കുന്നത് ഒരു വർഷവും 4000 കിലോമീറ്ററും.. ഞാൻ ഓടാൻ തുടങ്ങി...

***************************************************************************


അയലത്തെ വീട്ടിലെ സുന്ദരിയായ പെണ്‍കുട്ടിയെയും കൂട്ടി പട്ടം-പോലെ ഒളിച്ചോടാൻ അല്ലാതെ മലയാളിക്ക് അവൻറെ സംസ്കാരത്തിൽ ഓട്ടത്തിന് വലിയ പ്രാധാന്യം ഒന്നുമില്ലെന്ന് എനിക്കറിയാമായിരുന്നു. TV യിലെ കുങ്കുമപൂ സീരിയൽ കണ്ടു ടെൻഷൻ അടിക്കാനും, കേരളത്തിലെ രാഷ്ട്രീയക്കാർ പരസ്പരം മുണ്ട് പൊക്കി കാണിക്കുന്നതും, ക്രിക്കറ്റിലെ കോഴ കളിക്കാർ സിക്സർ അടിക്കുന്നതും, ഒരു ദിവസം പോലും ഒഴിവാക്കാരുതുന്നു നാട്ടിൽ നിന്നും വണ്ടി കയറുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞിരുന്നു. അമിതമായി വിയർത്താൽ അത് മെടുല ഒംബ്ലാം കട്ടക്ക് മാരകമായ ക്ഷതം ഉണ്ടാക്കുകയും, പിന്നീടു അൽഷിമേഴ്സ് പോലുള്ള വായിൽ കൊള്ളാത്ത സൂക്കേടുകൾ വന്ന് ബാങ്ക് ബാലൻസ് മറന്നു പോകാൻ സാധ്യത ഉണ്ടെന്ന ഭാര്യയുടെ മുന്നറിയിപ്പ് ഞാൻ ചെവി കൊണ്ടില്ല.

നഗരത്തിലെ അതി വിശാലമായ പാർക്കുകൾ എനിക്ക് മുന്നിൽ തുറന്നു കിടക്കുമ്പോൾ, അവിടെ ഓടി കിതച്ച് തളരുന്നവരെ വായ്നോക്കാൻ വന്നവനാണോ എന്നർത്ഥത്തിൽ പലരും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ആദ്യ സംരംഭം ആയതിനാലും പരാജയ പെടുമോ, എന്ന ഭീതി ഉള്ളത് കൊണ്ടും ആരെങ്കിലും കളിയാക്കുമോ എന്ന ജള്യത മുഖത്ത് ഉണ്ടായിരുന്നു എങ്കിലും ഒരു മാരത്തോണ്‍ വിജയിയുടെ പ്രസരിപ്പോടെ കാലുകൾ മുന്നോട്ടു വെച്ചു. 200 മീറ്റർ ഓടിയതും, പെട്രോൾ തീർന്ന ഓട്ടോറിക്ഷ പോലെ വണ്ടി സടൻ ബ്രേക്ക്‌ ഇട്ടു. ഈ പരിപാടി ശരിയാകില്ല എന്ന് ഞാൻ സ്വയം മനസ്സിലാക്കിയപ്പോൾ, "എന്നാൽ പിന്നെ നടന്നേക്കാം" എന്നും പറഞ്ഞു കൂളായി നടക്കാൻ തുടങ്ങി. നടത്തം പിന്നെ ഇഴച്ചിലായി, ക്ഷീണമായി, ദാഹമായി, വിശപ്പായി, പണ്ടാരമടങ്ങി. ഇതേ കലാപരിപാടി കഷ്ടി ഒരു ആഴ്ചയോളം തുടർന്നു. പതുക്കെ പൂട്ടികെട്ടി.

വാട്ടർ ടാങ്ക് പോലെയുള്ള വയറും കാലൻ കുട പോലെയുള്ള ബലം ഇല്ലാത്ത കാലുകളുമാണ് എൻറെ ആദ്യ പരീക്ഷണം പൊളിയാനുള്ള പ്രധാനകാരണം എന്ന നഗ്ന സത്യം തിരിച്ചറിഞ്ഞു. പരമാവധി തടി കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഭക്ഷണം കഴിപ്പ്‌ കുറക്കുന്നതിലായി എൻറെ ശ്രദ്ധ. രാവിലെ ഒരു ആപ്പിൾ, ഒരു ഗ്ലാസ്സ് വെള്ളം, ഉച്ചക്ക് രണ്ടു കയിൽ ചോറ് കുറച്ചു കറി, രാത്രിയിൽ ഒരു നേന്ത്ര പഴം, എന്ന രീതിയിൽ ഒരു ദിവസം മുന്നോട്ടു പോയെങ്കിലും വിശപ്പിൻറെ വിളി വന്നപ്പോൾ എല്ലാ കണ്ട്രോളും പോയി, എന്ന് മാത്രമല്ല. പൂർവാധികം ശക്തിയോടെ തീറ്റി തുടർന്നു.

അതിനിടയിൽ പരസ്യം കണ്ടു വാങ്ങിയ ഒരു കുപ്പി ലവണ തൈലം വയറിൽ പുരട്ടി, വയറു കുറയുന്നതും നോക്കിയിരുന്നു. പൈസ പോയത് മിച്ചം. വയറിനു മുകളിൽ എണ്ണപാടയുടെ കനവും കൂടിയോ എന്നൊരു സംശയം. 100 ശതമാനം ആയുർ വിധി പ്രകാരം ഉണ്ടാക്കിയ "സ്ലിമ്മിംഗ് ടീ" കുടിച്ച് വയറിളക്കം പിടിച്ച കഥ ഞാൻ ഇവിടെ പറയാൻ ഉദേശിക്കുന്നില്ല

അടുത്ത ശ്രമം കുറച്ചു ചിലവേറിയ പരീക്ഷണം ആയിരുന്നു. "യോഗ". അതൊരു രാജയോഗമായിരുന്നു. എൻറെ അവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കിയ രാജഗുരു എനിക്ക് പതിവായി തന്നത് ശവാസനം, കൂർക്കാസനം എന്നീ അടവുകൾ ആയിരുന്നു. തടി കുറയ്ക്കാമെന്ന ഗ്യാരണ്ടി ഉള്ളത് കൊണ്ടാണ് പൈസ കൊടുത്തു യോഗം തുടങ്ങിയത്. യോഗയുടെ കൂടെ കുറച്ചു "ജിമ്മും" ചേർത്താൽ പെട്ടന്ന് "സ്ലിം" ആകുമെന്ന് യോഗോപധേശം സ്വീകരിച്ചു, യോഗ ക്ലാസ്സിനു ശേഷം ജിമ്മിൽ ചേർന്നു. ജിമ്മിൽ SIX പായ്ക്ക്കാരുടെ തിക്കും തിരക്കുമായിരുന്നു. പൊതുവേ ഇന്ത്യക്കാർക്ക് മാത്രം താല്പര്യമുള്ള ജിമ്മിൽ വരുന്നവരിൽ അധിക ഭാഗവും സൽമാൻഖാൻറെ ഉരുക്ക് ബോഡി സ്വപ്നം കണ്ടു നടക്കുന്നവരാണ്. അവിടെ വരുന്ന ഇന്ദ്രൻസ് കുടകമ്പി മോഡലുകളുടെ വ്യാമോഹം അതാണെങ്കിൽ, എനിക്കും എന്തുകൊണ്ട് ആയിക്കൂടാ എന്ന് ഞാൻ ചിന്തിച്ചതിൽ എന്താണ് തെറ്റ്? . ജിമ്മിലെ യന്ത്രങ്ങളുടെ നിർദേശ പ്രകാരം എൻറെ സ്റ്റീൽ ബോഡിയും വളരാൻ തുടങ്ങി. 1 +2+3+4+5+6 പാക്കുകൾക്ക് പുറമേ സ്വന്തമായി 2 പാക്കുകളും ഞാൻ വികസിപ്പിച്ചെടുത്തു(പുളു). ശരീരം അങ്ങിങ്ങു വീർത്ത ഒരു ചൊറിയൻ തവള പരുവത്തിലേക്ക്‌ പോയി കൊണ്ടിരിക്കുകയാണെന്ന് കണ്ണാടി നോക്കിയപ്പോൾ എനിക്ക് തോന്നി.

വ്യക്തമായ ഒരു ലക്ഷ്യ ബോധമില്ലാതെ വെല്ലവനും കാണിക്കുന്ന കസറത്തുകളും വിദേശ വനിതകളുടെ ആകര വടിവ് കാണിച്ചു മനുഷ്യനെ പറ്റിക്കുന്ന പരസ്യങ്ങളും കണ്ടു തടി കുറക്കാൻ പോയാൽ അവസാനം ചൊറിയൻ തവളയിൽ എത്തുമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. എളുപ്പത്തിൽ കാര്യങ്ങൾ നേടാനുള്ള ഇത്തരം ഒളിച്ചോട്ടങ്ങൾ തന്നെയാണ് എല്ലാ മലയാളികളുടെയും പരാജയം.

100% നർമ്മം ആണെങ്കിലും മുകളിൽ പറഞ്ഞ പല വഴികളിലൂടെയും ഞാൻ സഞ്ചരിച്ചതാണ്. തടി കുറയ്ക്കാമെന്ന മോഹവുമായി ഞാൻ അവസാനം ചെന്നെത്തിയത് ഇരു ചക്രമായ സൈക്കിളിൽ ആയിരുന്നു. ഒരു വർഷം കൊണ്ട് 4000 കിലോ മീറ്റർ തികച്ചത് കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു. വെക്കേഷനിൽ നാട്ടിൽ പോയാൽ ദിവസവും രാവിലെ വിലങ്ങൻ കുന്നിലേക്ക് സൈക്കിൾ ചവിട്ടി പോകുന്നത് ഒരു ഹരമാണ്. സൈക്കിൾ ചവിട്ടി പോകുന്ന എന്നെ പലരും ഒരു അത്ഭുദ ജീവിയെ പോലെയാണ് നോക്കിയിരുന്നത്

വാൽകഷ്ണം: എഴുതി കൊടുത്ത മരുന്ന് ഫലിക്കാതെ വരുമ്പോൾ എല്ലാ ഡോക്ടർമാർ പറയുന്ന ഒരു മുൻ‌കൂർ ജാമ്യം ഉണ്ട്. " നന്നായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, നിയന്ത്രിച്ചു ഭക്ഷണം കഴിക്കുക" ഇത് മൂന്നും മലയാളി പാലിക്കില്ല എന്ന് ഡോക്ടർമാർക്ക് നന്നായി അറിയാം. മലയാളികളുടെ ഇടയിൽ കായികആരോഗ്യം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചു മാത്രം എഴുതിയ ഒരു ടാക്സ് ഫ്രീ പൊസ്റ്റാണിത്.

മൈ വൈഫ്‌ ഫസ്റ്റ് ബേബി ഡൌണ്‍ (A KOREAN STORY)

Posted by VaITube | | Category: |





















ജീവിതത്തിൽ ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്യാൻ കഴിഞ്ഞാൽ പിന്നെ നരകത്തിൽ പോകേണ്ടി വരില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. അത്രയും പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ട് എങ്കിലും കൊറിയൻറെ ഇംഗ്ലീഷ് കേട്ടാൽ ചിരിക്കാത്തവർ ആരുമില്ല. ഇനി കൊറിയൻറെ മുന്നിൽ വെച്ച് പൊട്ടി ചിരിച്ചാൽ, എപ്പോൾ മൂക്കിൽ പഞ്ഞി വെച്ചാൽ മതി എന്നുള്ളത് കൊണ്ട്, ഗൌരവത്തിൽ തന്നെ മുഖം പിടിച്ചു ടോയിലെറ്റിൽ പോയി 'അലറി പൊട്ടിച്ചിരിക്കണം' എന്ന് നിയമപ്രകാരമുള്ള മുന്നറിയിപ്പും ഇതോടൊപ്പം നല്കുന്നു.

ഊട്ടിയിലെ മൂടൽ മഞ്ഞിനെ ഓര്മ്മ പെടുത്തും വിധം പതിവ് പോലെ ഓഫീസിൽ ഒരു സുപ്രഭാതം പൊട്ടി വിരിഞ്ഞു. പുകവണ്ടി പോലെ പുക തുപ്പി കൊണ്ട് കൊറിയൻ "ദിസ്‌" സിഗരറ്റ് ആഞ്ഞു വലിച്ചുകൊണ്ട് ഒരു ദിവസം ആരംഭിച്ചു. പുതിയതും പഴയതുമായ കൊറിയൻ തെറികൾ ഓഫീസ് റൂമിൽ അലയടിക്കുന്നത് ആര് കേൾക്കാൻ...? ഞാൻ പതിവുപോലെ എന്റെ ജോലി തുടങ്ങി, നാപ്സ്റ്ററിൽ പുതിയ MP3 അപ്‌ലോഡ്‌ ചെയ്യും, ആരാധകർക്ക് മറുപടി കൊടുക്കും, 14 വർഷം മുൻപ് ഇതൊക്കെ വലിയ സംഭവം ആയിരുന്നു. ദിവസത്തിൽ 14 മണിക്കൂറിൽ കൂടുതൽ "വിൻഡോസ്" കൊറിയൻ വേർഷനിൽ ജോലി ചെയ്യുന്നവർ ഇതിൽ കൂടുതൽ എന്ത് ആനന്ദിക്കാൻ...? അമ്പതോളം പേര് ജോലി ചെയ്യുന്ന വലിയൊരു ഓഫീസിൽ മലയാളികൾ വളരെ കുറവ്. കൊറിയൻ മാരിൽ അധികം പേരുടെയുയും പേര് "കിം" ആയതിനാൽ ഭയങ്കര കണ്‍ഫൂഷ്യൻ ആയിരുന്നു. ഒരു കിമ്മിനെ വിളിച്ചാൽ, മിനിമം 30 പേരെങ്കിലും വിളി കേൾക്കും. അങ്ങിനെയിരിക്കെ എൻറെ കൂടെ ജോലി ചെയ്യുന്ന ഒരു "കിം" നാട്ടിൽ പോയി വന്നതിൻറെ സന്തോഷത്തിൽ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തു ആശംസകൾ പങ്കു വെക്കുകയായിരുന്നു.

ഞാൻ : "ഹായ് കിം ..? എനിതിങ്ങ് സ്പെഷ്യൽ ......? " സ്ക്രീനിലെ രവിന്ദ്രൻ സാറിൻറെ പാട്ടുകളുടെ ലിസ്റ്റ് ഒരു ഫയൽ ഫോൾഡർ കൊണ്ട് മറച്ചു പിടിച്ചു ഞാൻ ചോദിച്ചു.

കൊറിയൻ : ബേബികാ ...!മൈ വൈഫ്‌ ഫസ്റ്റ് ബേബി ഡൌണ്‍ ...!
(ഹായ് ബേബി...! എൻറെ ഭാര്യ ആദ്യമായി പ്രസവിച്ചു)

ഞാൻ : താങ്ക് യു ... സെയിം റ്റു യു ......!
(നന്ദി.....!) എപ്പോഴും "സെയിം റ്റു യു" കൂടെ പറഞ്ഞാൽ അവർക്ക് വളരെ സന്തോഷം ആകും.

ഞാൻ : ഹൌ ഈസ്‌ ഷീ ആൻഡ്‌ "ബേബി" ...?
(ഭാര്യക്കും കുട്ടിക്കും സുഖം തന്നെയല്ലേ ?)

കൊറിയൻ : #&%₹#^%₹് (കൊറിയൻ തെറി)

എൻറെ പേരും കൊറിയൻറെ ഭാര്യയുടെ പേരും ചേർത്ത് പറഞ്ഞത് ആ തെണ്ടിക്ക് ഇഷ്ടമായില്ല.

ഞാനൊന്നും മിണ്ടിയില്ല. രവീന്ദ്രൻ മാസ്റ്ററുടെ കമലധളം ഡൌണ്‍ ലോഡ് ആയി. അടുത്തതായി എ.ആർ. റഹ്മാൻ സൂപർ ഹിറ്റ്‌

"മുസ്തഫാ മുസ്തഫാ....! ഡോണ്ട് വറി ...മുസ്തഫാ" അപ്‌ലോഡ്‌ ....
********************************************************************
ഓഫിസ് ബോയി അവിടെ ഉണ്ടായിരുന്നില്ല. ഡിസംബറിലെ തണുപ്പിൽ ചുടു ചായ മോന്താൻ ഒരു മത്സരമാണ്‌. തൊട്ടടുത്ത്‌ വെച്ചിട്ടുള്ള വെള്ളം തിളപ്പിക്കുന്ന കെറ്റിൽ തിളച്ചു മറിയുന്നു.... നീരാവി .... ധാരാവി യായി പിന്നെ മായാവി ആയി . 'ഓട്ടോ കട്ട്‌ ഓഫ്' പണി മുടക്കിയതിനാൽ ...നിർത്താതെ ചൂളമടിച്ചു ബഹളം ഉണ്ടാക്കിയിരുന്നു . ഓഫിസ് ബോയി തമിഴൻ മാണിക്യൻ ആണ് സ്വിച്ച് ഓഫ് ചെയുന്നത്. (കരിക്കട്ട പോല്ലുള്ള മാണിക്യനു പേരിട്ട പെരിയ തന്തക്കു പ്രണാമം)

വെള്ളം ചൂടായി ... ഒപ്പം എൻറെ മാനേജർ കൊറിയനും ...

കൊറിയൻ : വൈ വാട്ടർ ടൂ മച്ചു ആങ്ക്രി ടുഡേ ....? വേർ ഈസ്‌ മണികം ......? (എന്ത് കൊണ്ടാണ് ഇന്ന് വെള്ളം കൂടുതൽ തിളച്ചു മറിയുന്നത്....? മാണിക്യൻ എവിടെ പോയി ?)

കൊറിയൻ : ബെബികാ....യു... ഗോ ..! മാണികം ... കം ...! (ഞാൻ പോയി മണിക്യതിനെ വിളിച്ചു കൊണ്ട് വരാൻ)

ഞാൻ : സർ മാണിക്യം അദർ വർക്ക്‌ .....(മാണിക്യൻ മറ്റു ജോലികളിൽ തിരക്കാണ്)

കൊറിയൻ : നോ... മാണി കം ...! നോ... "മണി" ഗോ ...!
(മാണിക്യം ഇപ്പോൾ വന്നില്ലെങ്കിൽ .... അവനു ഇത്തവണ സാലറി ഇല്ല)
************************************************************************
പത്തനംതിട്ടയിൽ നിന്ന് നിന്ന് കുരിയൻറെ ഭാര്യ സൂസന്നയുടെ ഫോണ്‍ .....

"ഞാൻ വീണ്ടും പ്രസവിച്ചു .... ഫോണ്‍ കൊര്യനു പെട്ടന്ന് കൊടുക്കോ.......!

വീണ്ടും കണ്‍ഫ്യൂഷൻ "കുര്യനോ" അതോ കൊറിയനോ ...?

"വാട്ട്‌ ഈസ്‌ ദിസ്‌..?"

Posted by VaITube | | Category: |
















"വാട്ട്‌ ഈസ്‌ ദിസ്‌..?" 

എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ നമ്പൂതിരിക്ക് സഹയാത്രികനായി കിട്ടിയത് കൊച്ചി കാണാന്‍ വന്ന സായിപ്പിനെയാണ് . പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി വിമാനത്തില്‍ കേരളീയ വിഭവങ്ങള്‍ ആയിരുന്നു വിതരണം ചെയ്തിരുന്നത്. ഭക്ഷണത്തിന്റെ സമയമായപ്പോള്‍ എയര്‍ ഹോസ്റ്റെസ് സായിപ്പിനും കേരളീയ ഭക്ഷണം ആയിരുന്നു നല്‍കിയത്. സായിപ്പിന് ഒട്ടും പരിചയം ഇല്ലാത്ത ദോശയും ഇഡലിയും കണ്ടപ്പോള്‍ നമ്പൂതിരിയോട് ,

സായിപ്പു : "വാട്ട്‌ ഈസ്‌ ദിസ്‌..?"

നമ്പൂതിരി : "ദിസ്‌ ഈസ്‌ ഇന്ത്യന്‍ ദോശ"

സായിപ്പു : "വാട്ട്‌ ഈസ്‌ ദിസ്‌..?"

നമ്പൂതിരി : "ദിസ്‌ ഈസ്‌ ഇന്ത്യന്‍ ഇഡലി"

സായിപ്പു : "വാട്ട്‌ ഈസ്‌ ദിസ്‌..?"

നമ്പൂതിരി: "ദിസ്‌ ഈസ്‌ ഇന്ത്യന്‍ സാമ്പാർ ർ ....ർ"

പിറു പിറുത്തു കൊണ്ട് സാമ്പാറിൽ ദോശ മുക്കി നക്കി കൊണ്ടിരുന്ന സായിപ്പിന് പ്രഭാതഭക്ഷണം അത്ര സുഖിചില്ലെന്നു നമ്പൂതിരിക്ക് മനസ്സിലായി. ഭക്ഷണ പ്രിയനായ നമ്പൂതിരി മൂക്ക് മുട്ടെ എല്ലാം കഴിച്ചു വണ്‍ ബൈ വണ്‍ ആയി നീണ്ട ഏമ്പക്കം വിട്ടത് മാത്രമല്ല, സായിപ്പിൻറെ മുഖം നോക്കി അഞ്ചു വിരലുകളും നക്കി ഈമ്പി വികൃത സ്വരം ഉണ്ടാക്കിയപ്പോൾ സായിപ്പിൻറെ ക്ഷമ കെട്ടു.

സായിപ്പു : "വാട്ട്‌ ഈസ്‌ ദിസ്‌..? "
(ആത്മഗതം: വാട്ട് എ സ്റ്റുപ്പിട് ഫാറ്റി ഫെല്ലോ...! യു ഡോണ്ട് നോ എനി ഈറ്റിംഗ് മാനേർസ് ...?")

നമ്പൂതിരി: "ഡോണ്ട് വറി സായിപ്പേ...! ദിസ്‌ ഈസ്‌ ഇന്ത്യൻ സ്റ്റൈൽ...!"
(ആത്മഗതം: അപ്പിയിട്ടാൽ കഴുകാത്ത നീയാണോടാ എന്നെ ഈറ്റിംഗ് മാനേർസ് പഠിപ്പിക്കുന്നത്‌ ...?")

കുറച്ചു കഴിഞ്ഞപ്പോള്‍ നമ്പൂതിരിയുടെ വയറ്റില്‍ കിടക്കുന്ന ദോശയും ഇഡലിയും ഇറാൻ-ഇറാക്ക് യുദ്ധം തുടങ്ങി. വായുകൊപത്തിന്റെ അസുഖം ഉണ്ടായിരുന്നതിനാല്‍ ബലൂണിൽ ഹൈഡ്രജൻ നിറക്കുന്ന പോലെ നമ്പൂരി വയറു ഉരുണ്ടു പെരുത്തു. നമ്പൂതിരിക്ക് അധികനേരം പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല. നിയന്ത്രണ രേഖ കടന്നപ്പോള്‍ അതങ്ങ് വലിയ ശബ്ദത്തോടെ പുറത്തോട്ടു പോയി. സഹയാത്രികരെല്ലാം സബ്ധരായി പോയി, ജുറാസിക് പാർക്ക്‌ സിനിമയിലെ മൂത്ത ഓന്തിന്റെ അലറൽ ഓർമ്മ വന്നു. റിക്ടർ സ്കൈൽ ഒടിഞ്ഞു പോയി. ആഫ്റ്റർ ഷോക്കിന് വേണ്ടി സായിപ്പു കാത്തു നിന്നില്ല. സായിപ്പ് വലിയ വായിൽ അലറി.

സായിപ്പു : വാട്ട്‌ ഈസ്‌ ദിസ്‌..??????????

നമ്പൂതിരി : ദിസ്‌ ഈസ്‌ "എയര്‍ ഇന്ത്യ ....!"

സായിപ്പു : നോ.....! നോ.....! നോ.....! ദിസ്‌ ഈസ്‌ ഹോട്ട് എയര്‍ ബലൂണ്‍ ...! ആള്‍ ഇറങ്ങാന്‍ ഉണ്ടേ....! " സായിപ്പു മലയാളം പഠിച്ചു.

"ഏഭ്യൻ....! കൊച്ചി കാണാൻ വന്നിരിക്കുന്നു " നമ്പൂതിരി ദീർഘശ്വാസം എടുത്തു.

ലിപ്ടൻ ടീ, സെയിം സെയിം (A KOREAN STORY)

Posted by VaITube | | Category: |















കൊറിയൻ വല്ലാത്ത പ്രതിസന്ധിയിലായി. ജോലി സ്ഥലത്ത് ഒരു ഇന്ത്യക്കാരൻ തൂങ്ങി മരിച്ചിരിക്കുന്നു. നാട്ടിലുള്ള ഭാര്യ വേറൊരുത്തൻറെ കൂടെ ഒളിച്ചു പോയതിൻറെ മനോവിഷമത്തിലാണ് പഞ്ചാബിൽ നിന്നുള്ള സുഖവന്ദർ സിംഗ് തൂങ്ങിയത്‌. 10-15 വർഷത്തോളം ഗൾഫിലെ മരുഭൂമിയിൽ പണിയെടുത്തു കിട്ടിയ സമ്പാദ്യം മുഴുവനും നഷ്ടപെട്ടവനെ കൂടെയുള്ള ജോലിക്കാർ എന്ത് പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിക്കും..?. ചുരുക്കം പറഞ്ഞാൽ സുഖവന്ദർ സിംഗ് തൂങ്ങിയത്‌ അന്നത്തെ പ്രൊജക്റ്റ്‌ ഇൻചാര്ജ്ആയ പാവം "കിം" കോറിയൻറെ തലയിലായി.

ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ എത്രയും പെട്ടന്ന് പോലീസിനെ വിവരം അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്ന് കോറിയനു അറിയാം എങ്കിലും,അത് എങ്ങിനെ അറബി പോലീസിനെ പറഞ്ഞു മനസ്സിലാക്കും എന്നാലോചിച്ചു കൊറിയാൻ കുഴങ്ങി. സിറ്റിയിൽ നിന്നും വളരെ അകലെ മരുഭൂമിയുടെ നടുക്ക് പുതുതായി തുടങ്ങിയ പ്രൊജക്റ്റ്‌ സൈറ്റ് ആയതിനാൽ, പുറം ലോകവുമായി ബന്ധപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. തൃപ്രയാറു കാരൻ ഡ്രൈവർ ബിജുവിനെയും കൂട്ടി, ലാൻഡ്‌ ക്രൂയിസർ ആഞ്ഞു ചവിട്ടി പിടിച്ച് 125 കിലോമീറ്റർ യാത്ര ചെയ്തു അടുത്തുള്ള സിറ്റിയിലെ പോലീസ് സ്റ്റേഷൻ എത്തുന്നത്‌ വരെ കൊറിയൻറെ മുഖം അസ്വസ്ഥമായിരുന്നു. നാലാം ക്ലാസ്സും ഡ്രൈവിങും മാത്രം പഠിച്ച മലയാളം മാത്രം പറയുന്ന ബിജു ആദ്യമായിട്ടയിരുന്നു പുറം ലോകം കാണുന്നത് തന്നെ.

പോലീസ് സ്റ്റഷനിൽ എത്തിയപ്പോൾ പോലീസു കാരെല്ലാം കൂടി സുലൈമാനി(ലിപ്ട്ടൻ ടീ) കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതു കണ്ട കൊറിയൻറെ മനസ്സിൽ ലഡ്ഡു പൊട്ടി. പുതുതായി എന്തോ കണ്ടു പിടിച്ച പോലെ കൊറിയൻ മുഖം തിളങ്ങി. ഇങ്ങോട്ട് ഒരു ചോദ്യം ചോദിക്കുന്നതിനു മുൻപ് തന്നെ കൊറിയൻ ടയലോഗ് കാച്ചി....

"വാഹദ് ഹിന്ദി, ഇൻസൈഡ് റൂം, ലിപ്ടൻ ടീ, സെയിം സെയിം"

വാഹദ് ഹിന്ദി (ഒരു ഇന്ത്യക്കാരൻ) ഇൻസൈഡ് റൂം (റൂമിനുള്ളിൽ) ലിപ്ടൻ ടീ, സെയിം സെയിം (ലിപടൻ ടീ ബാഗ് പോലെ.... തൂങ്ങി കിടക്കുന്നു). കൊറിയൻറെ റീമിക്സ്‌ ഇംഗ്ലീഷ് കേട്ട് അറബി പോലീസിന് ഒരു പിടിയും കിട്ടിയില്ല. അവസാനം ട്രാൻസ്ലേറ്റെർ ആയി കൂടെ പോയ ഡ്രൈവർ ബിജു കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ്, അറബിക്ക് സംഗതിയുടെ കിടപ്പ് മനസ്സിലായത്.

ഘും ഘും ഫിനിഷ്, ശൂ ശൂ നൊട്ട് ഫിനിഷ്..! - (A KOREAN STORY)

Posted by VaITube | | Category: |



















എട്ടു വർഷത്തോളം കൊറിയമാരുടെ കൂടെ ജീവിച്ചതിൽ നിന്ന് ഒരുപാടു പഠിച്ചു. പ്രധാനമായും ഞാൻ മനസ്സിലാക്കിയത്‌ ഒരിക്കലും ഒരു കൊറിയക്കാരനും ഇന്ത്യക്കാരനും ചേർന്ന് പോകുക എന്നത് വലിയ കഷ്ടമാണ്. ഒന്നമാതായി ഒരു ഇന്ത്യക്കാരൻറെ ചിന്തകളും പ്രവർത്തന മേഖലകളും ഒട്ടേറെ വ്യത്യാസമുണ്ട്. "ആദ്യം ചിന്തിക്കുക പിന്നീട് പ്രവര്ത്തിക്കുക" എന്നാണ് ശരാശരി എല്ലാ ഇന്ത്യക്കാരും ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ കൊറിയൻ ഇന്ത്യക്കാരെ പറ്റി പറയുന്നത് കേൾക്കുക.

"ഇന്ത്യൻസ് ആൾവെയ്സ് തിങ്കിങ്ങ് ഒണ്‍ലി...! നത്തിംഗ് സംതിംഗ് ടൂയിംഗ്".

എന്നാൽ അവര് പഠിച്ചു വെച്ചിരിക്കുന്നത് നേരെ വിപരീതം ആണ് "FIRST DOING SOMETHING, THEN THINK ABOUT IT". പലർക്കും എതിർ അഭിപ്രായം ഉണ്ടെങ്കിലും, ഇന്ന് കൊറിയ എവിടെ കിടക്കുന്നു..? ഇന്ത്യ എവിടെ കിടക്കുന്നു? ഇന്ത്യ തന്നെയാണ് മുന്നിൽ എങ്കിലും ഒരു വിദ്യാഭ്യാസവും ഇല്ലാത്ത കൊറിയൻ എങ്ങിനെ ഇന്ന് ലോക പ്രസക്തിയിൽ എത്തുന്നു ...? തെക്ക് വടക്ക് യുദ്ധം ഇല്ലായിരുന്നു എങ്കിൽ, ഇംഗ്ലീഷ് അറിയുമായിരുന്നു എങ്കിൽ ഒരു പക്ഷെ അവർ ലോകത്തിൽ തന്നെ നമ്പർ വണ്‍ ആയേനെ..!

വർഷത്തിൽ 365 ദിവസവും രാവിലെ 5 മണി എന്നൊരു സമയം ഉണ്ടെങ്കിൽ, ഞങ്ങളുടെ ക്യാമ്പിലെ 50തോളം വരുന്ന കൊറിയന്മാർ ചീഫ് ഹെഡ് ൻറെ ഓഫീസിൽ എത്തിയിരിക്കും, സമയത്തിന് എത്താത്തവൻ മരിച്ചു പോയി എന്നാണ് കൊറിയന്മാർ പറയുന്നത്. "ജോലി പോണാൽ പോകട്ടെ " എന്ന് കരുതുന്ന ഞാനാണ്‌ ഓഫീസിൽ ഏറ്റവും അവസാനം എത്തിയിരുന്നത്. എന്നിട്ടും വർഷത്തിൽ 345 ദിവസവും 14 മണിക്കൂർ വീതം ജോലി അധികമാണ് എന്ന് പറഞ്ഞു കരയുന്ന എന്നെ മനസിലാക്കാൻ അവിടെ ഒരു തെണ്ടിയും ഉണ്ടായിരുന്നില്ല. ആ വിഷമം കൊണ്ട് തന്നെയാണ് ഞാൻ ജോലി രാജി വെച്ച് നാട്ടിൽ പോയതും.

"ഓൾ ഇന്ത്യ മാൻ സിക്ക്......!" ജോലിക്കാരിൽ അധികം പേരും പഞ്ചാബിൽ നിന്നുള്ള സിക്കുകാർ ആയിരുന്നു. എന്നാൽ ഇപ്പോൾ പറഞ്ഞതിൻറെ അർഥം അതല്ല. ഇന്ത്യക്കാർക്ക് എപ്പോഴും അസുഖമാണ്.....! അത് കുറച്ചൊക്കെ ശരിയാണെന്ന് എനിക്കും തോന്നി. വയറു വേദന,നടുവേദന, പനി , ജലദോഷം, നീർകെട്ടു ... ഇതൊന്നും ഇല്ലാത്തവർ ഇന്ത്യക്കാരൻ അല്ലെന്നാണ് എൻറെ പക്ഷം. ചുരുങ്ങിയത് ഒരു തലവേദനയെങ്കിലും ഇല്ലാത്ത ഇന്ത്യക്കാരനെ കണ്ടു പിടിക്കുക വളരെ വിഷമമാണ്. പരമ്പരാഗതമായ പല ആയുർ വേദങ്ങൾ കണ്ടു പിടിച്ചതും ഇന്ത്യക്കാരൻറെ ഇത്തരം അസുഖങ്ങൾ മുന്നിൽ കണ്ടു തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, കുടവയർ ഉള്ളവനും അസുഖം ഉള്ളവനും കൊറിയനിൽ ഞാൻ കണ്ടിട്ടില്ല. അവരുടെ ആര്യോഗ്യ രഹസ്യം ഒരു പക്ഷെ, പാറ്റ, തേൾ, പാമ്പ്, പട്ടി, പൂച്ച, തൊലി കളഞ്ഞ വെളുത്തുള്ളി എന്നിവ സ്ഥിരമായി കഴിക്കുന്നത്‌ കൊണ്ടായിരിക്കാം.

ഗൾഫിൽ ചൂട് തുടങ്ങുന്നതിനു മുൻപായി ഇന്ത്യക്കാർക്ക് പകർച്ച പനിയും, ചിക്കൻ പോക്സും പതിവാണ്. ഒരിക്കൽ ഞങ്ങളുടെ ക്യാമ്പിൽ കൂട്ടത്തോടെ ഞാൻ അടക്കം എല്ലാവർക്കും വൈറൽ പനി പടർന്നു. അകലെയുള്ള ക്ലിനിക്കിൽ കൊണ്ടുപോയി ചന്തിയിൽ വെളുത്ത കേരള മാലാഖമാർ വക ഒരു ഇൻജെക്ഷൻ...അതാണ് രീതി. എന്തോ.....?, ക്ലിനിക്കിലെ മാലാഖമാർ സൂചി കുത്തുമ്പോൾ വേദന ഒരു മധുരമായിരുന്നു. മൈ സ്വീറ്റ് മെമ്മറീസ...

തൃപ്രയാർ കടപ്പുറം ഭാഷ സംസാരിക്കുന്ന ബിജുവായിരുന്നു രോഗികളായ ഞങ്ങളെ ക്ലിനിക്കിൽ കൊണ്ട് പോയിരുന്നത്. തൃശൂര് ഭാഷ വളരെ സരസമാണ് എങ്കിലും ബിജു പറയുന്നത് മനസ്സിലാക്കാൻ മിനിമം ആദിവാസി Phd എങ്കിലും എടുക്കേണ്ടി വരും. ശരാശരി മലയാളിക്ക് മനസ്സിലാകില്ല എങ്കിലും കൊറിയന് അവനാണ് സൂപ്പർ സ്റ്റാർ, അതുകൊണ്ട് തന്നെയാണ് അവനെ കൊറിയൻ ചീഫ് ഡ്രൈവർ ആക്കിയതും.

കഥയുടെ അവസാനം കൊറിയൻ വക ചോദ്യം ബിജുവിനോട്.

"""""ആൾ സിക്ക് മാൻ റിപ്പയർ ഫിനിഷ് .....?""""

(അസുഖം പിടിച്ച എല്ലാവരെയും ക്ലിനിക്കിൽ കൊണ്ട് പോയി ചികില്സിച്ചില്ലേ ...?)

ബിജുവിൻറെ മറുപടി: "ഘും ഘും ...ഫിനിഷ് ...ശൂ ശൂ ... നൊട്ട് ഫിനിഷ് .. (ചുമ നിന്നു ... വയറിളക്കം നിന്നിട്ടില്ല..!) ശരി ഡാ കന്നാലി..!"

കൊറിയൻ ഹാപ്പി .....Everyone Happy ...! ഹാപ്പി വർക്കിംഗ്‌ ഹോളി ഡെയ്സ്...!

യുവർ ലൈഫ് ഈസ്‌ LINKED...!

Posted by VaITube | | Category: |








എന്നെ വളരെ അത്ഭുതപ്പെടുത്തിയ മൂന്നു കുട്ടികളുടെ പേരുകളാണ് സച്ചിൻ, കുട്ടൻ, കൊച്ച്. മൂന്നു പേരും ആണ്‍കുട്ടികൾ, ഒരേ പ്രായം, ഒരേ നിറം, ഒരേ പേരുകൾ. മൂന്നു പേരും എൻറെ അയൽവാസികളായി താമസിച്ചിരുന്ന കുട്ടികൾ. "കൊച്ച്" കേരളത്തിലും, സച്ചിൻ ബോംബയിലേയും, കുട്ടൻ ഗൾഫിലെയും കുട്ടികളാണ്. (മലയാളികൾ ആയതിനാൽ വളരെ സാമ്യമുള്ള, യഥാർത്ഥ പേരുകൾ വെളിപ്പെടുത്തുന്നില്ല )

അമ്മയുടെ അടി പേടിച്ചു "കൊച്ച്" തൃശ്ശൂരിൽ നിന്ന് ഒളിച്ചോടി നാടുവിട്ടു. കൊച്ചിൻ കുർള ട്രെയിനിൽ നിന്നും രക്ഷപെടുത്തി. അമ്മയുടെ താലി മാലയും, ഒന്നാന്തരം മൂർച്ചയുള്ള പിച്ചാത്തിയും 175 രൂപയും ബാഗിൽ നിന്നും കിട്ടി. സിനിമയിൽ അഭിനയിക്കാൻ ആയിരുന്നു അവനു മോഹം. ചെറുപ്പത്തിൽ സിനിമാ കമ്പക്കാരനായ എൻറെ, ശിക്ഷ്യൻ കൂടിയായിരുന്നു "കൊച്ച്". ഒരുപാടു സിനിമാ ടെക്നിക്കുകൾ ഞാൻ അവനെ പഠിപ്പിച്ചിരുന്നു.

സച്ചിൻ പഞ്ചാബ്‌-സിന്ധി കുട്ടിയാണ്. മഹാരാഷ്ട്രയിലെ താനെയിൽ താമസ്സിച്ചിരുന്നപ്പോൾ അടുത്ത റൂമിൽ താമസിച്ചിരുന്ന ഹൌസ് ഓണറുടെ ഒരേ ഒരു മകൻ. അടുക്കള പണി ചെയ്തിട്ടാണ് വിധവയായ ഹൌസ് ഓണർ-അമ്മ അവനെ പഠിപ്പിച്ചിരുന്നത്. അവനെ കുറിച്ച് കണ്ട വലിയ സ്വപ്‌നങ്ങൾ എപ്പോഴും ഞങ്ങളോട് വലിയ വായിൽ പറയുമായിരുന്നു. എങ്കിലും പഠിക്കാൻ പുറകിലായിരുന്ന അവനെ എന്നും ആ അമ്മ അവനെ വളരെ ക്രൂരമായി തല്ലുമായിരുന്നു. എയർ ഗണ്ണിൽ ഗ്രീൻ പീസ് വെച്ച് എൻറെ ദേഹത്ത് നിരവധി തവണ വെടി വെച്ച് പരീക്ഷിക്കുകയായിരുന്നു അവൻറെ വിനോദം. പെട്ടൊന്നൊരു ദിവസം സച്ചിൻ അപ്രത്യക്ഷമായി. ഒരു മാസത്തിനു ശേഷം ബോംബെ കൊളാബയിലെ തെരുവിൽ നിന്നും രക്ഷപെടുത്തി. തട്ടുകടക്കാരുടെ കൂടെ വടപ്പാവ് വിലക്കാൻ ആയിരുന്നു അവനു ഇഷ്ടം. അവനെ ആദ്യം കൂട്ടി കൊണ്ടുപോയത് ഒരു മറാട്ടി പിടിച്ചു പറിക്കാരൻ ആയിരുന്നു , സ്കൂളില് മുന്നിൽ പെൻസിൽ, പുസ്തകം കച്ചവടം ചെയ്യാനാണ് അവനെ ഉപയോഗിച്ചിരുന്നത്. പിന്നീടു തട്ട് കടയിലെ ക്ലീനിംഗ് ജോലികളിലേക്ക് മാറ്റി. ദിവസേന അടി കിട്ടിയിരുന്നെങ്കിലും വയറു നിറച്ചു പുലാവ്ബിരിയാണി കിട്ടുമായിരുന്നു എന്ന് അവൻ വളരെ സന്തോഷത്തോടെ പറഞ്ഞിരുന്നു. എൻറെ ഓർമ്മയിൽ പന്ത്രണ്ടു തവണ അവൻ നാട് വിട്ടിരുന്നുവെങ്കിലും, എന്തോ... ആരുടെയൊക്കെയോ സഹായത്തോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു.

ഗൾഫിൽ ഷെയറിംഗ് വില്ലകളിൽ താമസ്സിച്ചിരുന്നപ്പോൾ, അപ്പുറത്തെ വീട്ടിലെ ചേട്ടൻറെ കുസൃതി കുട്ടിയാണ് കുട്ടൻ....! കുട്ടന് വേണ്ടി അവൻറെ മാതാപിതാക്കൾ കാണിച്ചിരുന്ന ആവേശം എനിക്ക് ഇപ്പോഴും മറക്കാൻ കഴിയില്ല..! വില പിടിപ്പുള്ള കളിപ്പാട്ടങ്ങൾ, ചിത്ര കഥാ പുസ്തകങ്ങൾ, ടോഫി മിട്ടായികൾ, എന്ന് വേണ്ട... അവൻ എന്ത് പറഞ്ഞാലും, മിനിറ്റിനുള്ളിൽ എത്തിയിരിക്കും. കുട്ടികൾക്ക് ഇത്രയും സൌകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഒരു കുടുംബത്തെയും ഞാൻ ഇതു വരെ കണ്ടിട്ടില്ല. സൗകര്യങ്ങൾ എല്ലാം കിട്ടിയിരുന്നെങ്കിലും എപ്പോഴും അവൻറെ മുഖം വിഷാദമായിരുന്നു. കമ്പ്യൂട്ടറിലെ പല ആപ്പളിക്കേഷനുകളും എന്നിൽ നിന്നും എന്നിൽ നിന്നും കണ്ടു പഠിക്കാൻ അവനു നല്ല ഉത്സാഹമായിരുന്നു. മൊബൈൽ ഫോണിൽ വരുന്ന പുതിയ ഗൈമുകൾ, അവൻ എന്നെ പരിചയപ്പെടുത്തുമായിരുന്നു. എന്നിട്ടും ...!

പ്രമുഖ ഗൾഫ്‌ ചാനലിൽ, മെയിൻ ന്യൂസ്സിൽ അവൻറെ തിരോധാനം വന്നിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുട്ടനെ കണ്ടു കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷമായി....!

മുകളിൽ വിവരിച്ച മൂന്നു സംഭവങ്ങളിൽ നിന്നും എനിക്ക് പിടി കിട്ടാത്ത ഒരു കാര്യം ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഉള്ളപ്പോൾ നടന്ന സംഭവങ്ങളിൽ എല്ലാം തന്നെ ഇവരെ രക്ഷപെടുത്തിയിട്ടുണ്ട്. നിരവധി തവണ ഞാനും കൂട്ടുകാരും ഇതിൻറെ പേരിൽ പോലീസ് സ്റ്റെഷനിൽ കയറിയിറങ്ങിയിട്ടുണ്ട്.

"ഞാനും, ഈ സംഭവങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ...?"

സമാനമായ മൂന്നു സംഭവങ്ങൾ പിന്നെയും ഉണ്ടായിട്ടുണ്ട്. ഓടിപ്പോകാൻ തയ്യാറായി ഇരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് അബദ്ധവശാൽ ഞാൻ എത്തിപെടുന്നതയിട്ടാണ് എനിക്ക് തോന്നിയത്.

അന്വേഷിച്ചപ്പോൾ... എല്ലാവരുടെ ചുറ്റുപാടുകളിലും ഇത്തരം ശുഭവും അശുഭവുകരമായ സംഭവങ്ങൾ ദിനം പ്രതി നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇവയെല്ലാം മനസ്സിൽ റെക്കോർഡ്‌ ചെയ്തു ഒന്നൊന്നായി പരസ്പരം ലിങ്ക് ചെയ്യുന്നു.

പഴയ കാര്യങ്ങൾ ചികഞ്ഞു നിങ്ങളും മനസ്സിനെ ഒന്ന് റീ വൈൻറ് ചെയ്തു നോക്കിക്കേ....!