"My favorite blog comments and 'mini stories - ValTube"

Sunday, November 16, 2014

(((((((((ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്))))))))))

Posted by VaITube | Sunday, November 16, 2014 | Category: |














ബാച്ചിലർ റൂമിൽ താമസിക്കുന്ന കാലം. റൂമിനകത്ത് പുക വലിച്ച് മറ്റുള്ളവരെയെല്ലാം വെറുപ്പിക്കുന്നത് ചിലരുടെ വിനോദമാണ്. അങ്ങിനെയൊരു ഷിബു ഞങ്ങളുടെ റൂമിലും ഉണ്ടായിരുന്നു. പുകവലിക്കാരെ ഒതുക്കാൻ യൂടൂബിൽ ഒരു വീഡിയോ ഞങ്ങൾ കണ്ടിരുന്നു. അത് പ്രകാരം ഷിബുവിൻറെ സിഗരറ്റ് കൂടിൽ നിന്നും ഒരു 555 ഫിൽറ്റർ ചൂണ്ടി, പുകയിലയെല്ലാം ഒരു ചെറിയ കമ്പ് കൊണ്ട് പുറത്ത് എടുത്ത് അതിൽ തീപ്പെട്ടി മരുന്ന് മിശ്രിതം നിറച്ച് വീണ്ടും അറിയാത്ത പോലെ സിഗരറ്റ് കൂട്ടിലേക്ക് വെച്ച് ഷിബുവിനെ കാത്തിരുന്നു. ഷിബു വന്നതും ഒരു സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങി ... ഞങ്ങൾ മനസ്സിൽ ചിരി ഒതുക്കി ഒരു പൊട്ടിതെറിയും പ്രതീക്ഷിച്ച് രണ്ടു ചെവികളും കൂർപിച്ചിരുന്നു. (((((((((ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്)))))))))) ഒന്നും സംഭവിച്ചില്ല. സിഗരറ്റ് കൂട്ടിൽ നിറച്ചും സിഗരറ്റ് ഇരുന്നതിനാൽ ഞങ്ങൾ ഒളിപ്പിച്ച സിഗരറ്റ് ബോംബ്‌ മാറി പോയി. ഇനി അര മണിക്കൂർ കൂടി വെയിറ്റ് ചെയ്യണം. അടുത്ത വലി തുടങ്ങാൻ. ഞങ്ങൾ അക്ഷമരായി കാത്തിരുന്നു. (((((((((ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്)))))))))) ഒന്നും സംഭവിച്ചില്ല. ഞങ്ങളുടെ ക്ഷമ കെട്ടു. ഇനി രാവിലെ പ്രഭാതം പൊട്ടി വിടരുമ്പോൾ ചിരിക്കാം എന്ന് മനസ്സിൽ പറഞ്ഞു കിടന്നു.
പിറ്റേ ദിവസം രാവിലെ പ്രഭാതം പൊട്ടി വിരിഞ്ഞത് അടുത്ത ഫ്ലാറ്റിലെ ബാച്ചിലർ ടോയിലെറ്റിൽ ആയിരുന്നു. അപ്പോഴും നമ്മുടെ കഥാപാത്രം ഷിബു റൂമിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുകയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല.

വോയിസ്‌ റെക്കോർഡർ

Posted by VaITube | | Category: |






വോയിസ്‌ റെക്കൊർടെർ കൊറിയൻറെ ഒരു വീക്നെസ് ആയിരുന്നു. എവിടെ മീറ്റിങ്ങിനു പോയാലും അവർ ഈ ഉപകരണം കരുതും ... എല്ലാം റെക്കോർഡ്‌ ചെയ്തതിനു ശേഷം പശു അയവെട്ടുന്നത് പോലെ വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ട് പഠിക്കും. അതിനു ശേഷം മാത്രം മറുപടി കൊടുക്കും. അങ്ങിനെയാണ് പതിവ്.

വേൾഡ് ട്രേഡ് സെൻറെർ തകർന്ന ദിവസം ഞങ്ങൾ എല്ലാരും ഇന്റർനെറ്റ്‌ - ടിവി വാർത്തക്ക് മുന്നിലാണ്. ദിവസവും ന്യൂസ്‌ അപ്ഡേറ്റ് ചെയ്യാൻ ഞങ്ങൾ മത്സരിച്ചു. മനസ്സിനെ നടുക്കിയ സംഭവ ബഹുലമായ ഒരാഴ്ച കടന്നു പോയി. കൊറിയന്മാർ ഇതൊന്നും അറിഞ്ഞ മട്ടില്ല. അവരെല്ലാം അവരുടെ ജോലിയിൽ മാത്രം മുഴുകി പുക വലിച്ചു തള്ളുന്നു. ഏകദേശം പത്തു പണ്ട്രണ്ടു ദിവസം കഴിഞ്ഞു കാണും. ഒരു കൊറിയൻ ഈ സംഭവത്തിൻറെ വീഡിയോ എവിടെ നിന്നോ കണ്ടു ഞങ്ങളുടെ മുന്നിൽ ചാടി വീണു.
"അമേരിക്ക ഹിറ്റ്‌ ഫ്ലൈറ്റ് ഫയർ ട്രേഡ്" കൈ കാലുകൾ കൊണ്ട് ആക്ഷൻ കാണിച്ചു ആശാൻ ഒരു വിധം പറഞ്ഞു ഒപ്പിച്ചു. ചിരി വരുന്നുണ്ട് എങ്കിലും അറിയാത്ത ഭാവത്തിൽ ഞങ്ങൾ കണ്ണും തുറുപ്പിച്ചു നിന്നു. ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് യാതൊരു അതിശയ ഭാവവും കാണാതായപ്പോൾ കൊറിയന് ദേഷ്യം വന്ന് മാതൃഭാഷയിൽ എന്തോ പുലമ്പി.
"인도 사람은 바보 입니다"
അത് മനസ്സിലാക്കാനുള്ള ബോധമൊക്കെ ഞങ്ങള്ക്ക് ഉണ്ടായിരുന്നതിനാൽ, കൂട്ടത്തിൽ ഉണ്ടായിരുന്ന ചൊറിച്ചു മല്ലൻ ഷിബു ചുട്ട മറുപടി മലയാളം തെറിയിൽ തന്നെ കൊടുത്തു.
"കണ്ടൻ മഴുതകൾ തെറിയൻ കൊണ്ടികൾ"


ഞെങ്ങളെ ഒന്ന് ആക്കി നോക്കിയതിന് ശേഷം കൊറിയൻ പിൻവാങ്ങി. ഇത് റെക്കോർഡ്‌ ചെയ്യുന്ന വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല.

ഒരു ആഴ്ചക്ക് ശേഷം കൊറിയൻറെ പാക്കിസ്ഥാനി ഡ്രൈവർ ഞങ്ങളോട് ചോദിക്കുന്നു...
"കണ്ടിനി മണ്ടി താഴെ കറികൾ" ബോലേ തോ ക്യാ ബയ്യാ ...?

(-)ഞാനും (+)നിങ്ങളും

Posted by VaITube | | Category: |






(Press 'R' while reading, however, and everything changes)

പുതിയ കാറ് വാങ്ങാൻ ഷോ റൂമിൽ ചെന്നപ്പോൾ, ഭയങ്കര സ്വീകരണമാണ് (-)എനിക്ക് ലഭിച്ചത്. കോട്ടും സ്യുട്ടും ധരിച്ച അങ്കരക്ഷകന്മാർ രണ്ടു കയ്യും നീട്ടി സ്വീകരിച്ച്, സോഫ്റ്റ്‌ ഡ്രിങ്കും ഓർഡർ ചെയ്ത്, (-)എന്നെ ആനന്ദസാഗരത്തിൽ ചിരിച്ച് മയക്കുമ്പോൾ, (-)എനിക്ക് തന്നെ സ്വയം തോന്നി (-)ഞാനൊക്കെ ഇത്ര വല്യ പുള്ളിയായോ എന്ന്. വലിയ പേരുള്ള ബാങ്കിൻറെ ചെക്ക് ബുക്ക്‌ എല്ലാം ഒപ്പിട്ട് കൊടുത്ത് താക്കോലും വാങ്ങി അഭിമാനപുരസരം കാറോടിച്ച് വീട്ടിലേക്കു പോയി.


പിറ്റേ ദിവസം രാവിലെ (+)നിങ്ങൾ കാറുമെടുത്തു സിറ്റിയിൽ കറങ്ങാൻ വേണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴാണ് പുത്തൻ കാറ് പണി മുടക്കിയ വിവരം അറിയുന്നത് . എന്തോ ഒരു ചെറിയ ലൂസ് കോണ്ടാക്റ്റ് കാരണം എഞ്ചിൻ സ്റ്റാർട്ട്‌ ആകുന്നില്ല. ഉടനെ (+)നിങ്ങളുടെ മുഖത്തെ സന്തോഷമെല്ലാം കാർമേഘം വന്നു മൂടുന്നു . കാറ് വാങ്ങിയ ഷോ റൂമിൽ കോണ്ടാക്റ്റ് ചെയ്യുമ്പോൾ ഫോണ്‍ എടുക്കുന്നില്ല. ഒരു ടാക്സി പിടിച്ച് ഉടനെ (+)നിങ്ങൾ ഷോ റൂമിലേക്ക്‌ പായുന്നു.

വീണ്ടും ഒരു കാറ് വാങ്ങാനെന്ന ഭാവത്തിൽ അവർ (-)എന്നെ സ്വീകരിക്കുന്നു. പക്ഷേ (-)എൻറെ പ്രശ്നം പറയുമ്പോൾ ഉടനെ അവരുടെ അഭിനയമെല്ലാം മാറുന്നു. തല്കാലം (-)എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറയുന്നു. അതു വരെ VIP ആയ (-)ഞാൻ വളരെ പെട്ടന്നാണ് അവരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറിയത്. കാത്തിരിപ്പ് മിനിറ്റുകളിൽനിന്ന് മണികൂറുകളിലേക്ക് നടന്നകലുമ്പോൾ ഇടയ്ക്കിടെ (-)ഞാൻ തല പൊക്കി കോട്ട്ധാരികളെ ഓർമ്മിപ്പിക്കുന്നു. അവരാണെങ്കിൽ പുതിയ കസ്റ്റമ്മറിനെ VIP യാക്കി കൊണ്ടിരിക്കാവും. അതുമല്ലെങ്കിൽ മൊബൈലിൽ തിരക്കായിരിക്കും. (-)എൻറെ ശല്യം സഹിക്കാൻ പറ്റാതാകുമ്പോൾ, പുതിയ ഒരു നമ്പരുമായി അവർ എന്നെ സമീപിച്ചു. ഏതോ ഒരു മൊബൈൽ നമ്പർ തന്ന്, അവരുടെ സർവീസ് വർക്ക്‌ ഷോപ്പിൽ കോണ്ടാക്റ്റ് ചെയ്യാൻ പറഞ്ഞ് (-)എന്നെ ഒഴിവാക്കാൻ ശ്രമിച്ചു. വേറെ നിവർത്തിയില്ലാത്തത് കൊണ്ട് (-)ഞാൻ നമ്പറിനു പുറകെ പാഞ്ഞു. അവരുമായി സംസാരിക്കുമ്പോൾ അതാ അടുത്ത നമ്പർ... അവിടെ പോകുമ്പോൾ ..പിന്നെ അടുത്ത സ്ഥലം. എന്തോ ഭൂമി ഉരുണ്ടാതായത് കൊണ്ട് (-)ഞാൻ വീണ്ടും കറങ്ങി തിരിഞ്ഞു പഴയ സ്ഥലത്ത് ചെന്നെത്തുന്നു.

ഇത്തവണ (+)നിങ്ങൾ വളരെയധികം ക്ഷോഭിച്ചാണ് അവരോടു സംസാരിച്ചത് എങ്കിൽ പണിപാളും. ഒരു ഉന്തും തള്ളുമാണ് പ്രതീക്ഷിക്കുന്നത് എങ്കിൽ അവര് നിയമം പറഞ്ഞ് പേടിപ്പിക്കും. അല്ലെങ്കിൽ പോലീസിനെ വിളിപ്പിക്കും. (+)നിങ്ങളപ്പോൾ ഈ വമ്പൻ കച്ചവടകാരന് എതിരെ കേസ് കൊടുത്തോ കായികമായി നേരിടാനോ ഉള്ള മാനസ്സിക അവസ്ഥയിലായിരിക്കില്ല ..!

ഇനി എന്ത് ചെയ്യും....? ഒന്നും ചെയ്യാനില്ല. (-)എൻറെ പ്രശനം ഏതങ്കിലും ഒരു സാദാ മെക്കാനിക്കിനെ ധരിപ്പിക്കും, അവർക്കും പരിഹരിക്കാൻ കഴിഞ്ഞെല്ലെങ്കിൽ (-)എൻറെ വിഷമം മനസ്സിലാക്കി കാറ് സ്വയം സ്റ്റാർട്ട്‌ ആകും എന്ന് കരുതി ദൈവത്തോട് പ്രാർത്ഥിക്കും . പണ്ടാരോ പറഞ്ഞത് കേട്ടിട്ടില്ലേ ... ഒരു വഴി അടയുമ്പോൾ മറ്റൊന്ന് തുറക്കുമെന്ന്.

Friday, November 14, 2014

കള്ളപ്പം

Posted by VaITube | Friday, November 14, 2014 | Category: |















പണ്ട് ക്രിസ്തുമസ് ആയാൽ .. കള്ളപ്പം ഉണ്ടാക്കാൻ അമ്മമാരെല്ലാം കൂടി ഞങ്ങളെ കള്ള് വാങ്ങാൻ പറഞ്ഞു വിടാറുണ്ട്. അയൽവാസികളായ വീടുകളിലെ കുട്ടികളെല്ലാം ചേർന്ന് ഒരു ഗ്രൂപ്പ്‌ ആയിട്ടായിരുന്നതിനാൽ ഞാനും കൂടി. കുപ്പിയും കാശുമായി ജയ്‌ വിളിച്ച്, ഒരു കുട്ടിപ്പട തന്നെ കള്ളുഷാപ്പ് ലക്ഷ്യമാക്കി പാടവരമ്പത്തൂടി നടന്നു നീങ്ങുമ്പോൾ,ഷാപ്പ്‌ പരിസരത്തുള്ള മൂത്ത കുടിയന്മാരെല്ലാം ഞങ്ങളെ തുറിച്ചു നോക്കുമായിരുന്നു. ഞങ്ങൾ, കുട്ടികൾക്ക് അന്ന് കള്ള്ഷാപ്പിൽ കയറുന്നത്, ആദ്യമായി ഗൾഫിൽ പോകുന്ന പോലെ ഒരു ഇത് ആയിരുന്നു. കാശും കൊടുത്ത് കുപ്പി നിറയെ കള്ളും വാങ്ങി അതീവ ജാഗ്രതയിലയിരുന്നു മടക്കയാത്ര. മധുരിക്കുന്ന തെങ്ങിൻകള്ളിൻറെ മണം മൂക്കിൽ തട്ടുമ്പോൾ തന്നെ ഒരു ലഹരി കിട്ടും. കള്ള് തുളുമ്പി പോകാതിരിക്കാനുള്ള കാർക്ക് വലിച്ചൂരി അൽപസ്വൽപ്പം ആരും കാണാതെ അകത്താക്കുമായിരുന്നു. കുപ്പിയിലെ കള്ളിൻറെ അളവ് കുറയുന്നത് അനുസരിച്ച് മുന്സിപാലിറ്റി ടാപ്പ് വെള്ളം നിറക്കും. നിഷ്കളങ്കരായ ഞങ്ങൾ കുട്ടികളെ അന്ന് ആരും സംശയിച്ചിരുന്നില്ല. അവസാനം കള്ളപ്പം കല്ലപ്പം ആകുമ്പോൾ, വീട്ടിലിരുന്ന് അമ്മാമയുടെ വക കള്ള്ഷാപ്പ്‌കാരനെ ഒരു ചീത്ത വിളിയുണ്ട്.
"ആ കള്ളൻ ശങ്കരൻ ഇത്തവണേം കുട്ട്യോളെ പറ്റിച്ചു"

കൊച്ചു കൊച്ചു നൊമ്പരങ്ങൾ.....

Posted by VaITube | | Category: |











നാലാം ക്ലാസ്സിലെ സിന്ദു, അച്ഛൻ ദുബായിൽ നിന്നും കൊടുത്തയച്ച തിളങ്ങുന്ന പെൻസിലും മണമുള്ള റബ്ബറും എല്ലാരേം കാണിച്ചു ഷൈൻ ചെയ്യുകയാണ്. നമ്മളൊക്കെ അന്ന് നടരാജൻ ബ്രാൻഡ്‌ ആയിരുന്നതിനാൽ പ്രത്യേകിച്ച് ആരുംതന്നെ ശ്രദ്ധിക്ക പോലുമില്ല. അത്തറിൻറെ മണമുള്ള റബ്ബറ് മണപ്പിക്കാൻ കൊണ്ട് വന്നപ്പോൾ ഒരു കാര്യം ചോദിച്ചു.

"നിൻറെ അച്ഛൻ എവിടാ ...?"

"ദുബായില് .."
"ദുബായ് എവിടാ ...?"
"അത് മോളില് ... മുകളിലേക്ക് കൈ ചൂണ്ടി പറയും. വീമാനത്തിലാ പോകാ...!"
(നമുക്ക് മുകളിലും കുറേ പേര് താമസ്സിക്കുന്നുണ്ട് എന്ന് അപ്പോഴാണ് മനസ്സിലായത്)
"പരീക്ഷേല് ഇനീം മാർക്ക്‌ കൂടുതൽ വാങ്ങിച്ചാൽ ഫോറിൻ ബാഗും കുടയും വാങ്ങി തരാമെന്ന് പറഞ്ഞിട്ടുണ്ട്."
അവള് പോങ്ങച്ച ചാക്ക് കെട്ടഴിക്കാൻ തുടങ്ങുന്നതിനു മുൻപേ ഞാൻ ഇടപെട്ടു.
"അതിന് നെനക്ക് നന്നായി പഠിച്ചാ പോരേ? നിൻറെ അച്ഛൻ എല്ലാം വാങ്ങി തന്നിട്ടില്ലേ ...?"
"അതിന് തലയിലെ നശിച്ച പേൻ സമ്മതിക്കേണ്ടേ...! തലയിലെ ബുദ്ധിയെല്ലാം പേൻ തിന്നോണ്ട് പോയാൽ എനിക്കെങ്ങനെ മാർക്ക്‌ കിട്ടും?" സിന്ദു തല ചൊറിഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു.
"എന്നാരാ സിന്ദുനോട് പറഞ്ഞേ ..?"
"അമ്മ....! അല്ലാണ്ട് ആരാ?. അച്ഛൻറെ മൊട്ടത്തലയിൽ പേൻ ഇരിക്കാത്തോണ്ടാ ബുദ്ധിയുള്ള അച്ഛൻ പഠിച്ച് പഠിച്ചു ദുബായിക്ക് പോയത്"
"മൊട്ടത്തല ഉണ്ടേൽ അപ്പൊ ദുബായിക്ക് പോകാം ല്ലേ ...!"
"പിന്നലാതെ ...! അച്ഛൻറെ ഫോട്ടോയിൽ ഉള്ളവരെല്ലാം മൊട്ടത്തലയാ"