"My favorite blog comments and 'mini stories - ValTube"

Thursday, May 14, 2015

അഥിതിദേവോഭവയാന്യനവാദ്യാനികര്‍മാണിതാനിസേവിതവ്യാനി

Posted by VaITube | Thursday, May 14, 2015 | Category: |




















രാവിലെ അഥിതികൾ വീട്ടിൽ വരുമ്പോൾ "സന്തോഷത്തിനായി" ബേക്കറികളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങി കൊണ്ടു വരുന്ന പലഹാരങ്ങൾ എങ്ങിനെയാണ്‌ വിശ്വസിച്ചു കഴിക്കുക..? എല്ലാ രുചികളും കളറുകളും മണങ്ങളും കൃത്രിമവും മാരകവുമായ രാസക്കൂട്ടുകളാണെന്നു ദിവസേന പത്രത്തിൽ വയിക്കുന്നതല്ലേ....! കാൻസർ മുതൽ ജനിതകമാറ്റം വരെ സംഭവിക്കാവുന്ന തരത്തിലുള്ള വിഷക്കൂട്ടുകളാണ് യാതൊരു നിയന്ത്രണവുമില്ലാതെ ദിനം പ്രതി മാർക്കെറ്റിൽ ലഭ്യമാകുന്നത്. അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടു വരാവുന്ന സാധങ്ങളുടെ വിശദമായ ഒരു ലിസ്റ്റ് എഴുതി ഫെയ്സ്ബുക്ക്‌ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു .. ഇത് വായിച്ചിട്ടെങ്കിലും വീട്ടിലേക്കു വരുന്ന അഥിതികൾക്ക് ഒരു പ്രചോദനമായെങ്കിലോ....? മാത്രവുമല്ല,

"വിദേശത്ത് നിന്നും കൊണ്ട് വന്നതും (മദ്യം ഉൾപ്പടെ), സ്വന്തമായി പറമ്പിൽ കൃഷി ചെയ്തതും... വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണ സാധങ്ങൾ ഒഴികെ, വഴിയോരത്തെ കടകളിലെ ചില്ലു ഭരണിയിൽ നിന്ന് വാങ്ങുന്ന സാധങ്ങൾ ഈ ഭവനത്തിലേക്ക്‌ പ്രവേശനമില്ല" എന്ന ഒരു ബോർഡും പടിക്ക് മുന്നിൽ കെട്ടി തൂക്കി.

രാവിലെ അഥിതികൾ കൊണ്ട് വന്ന കരിഞ്ഞ കേക്കും, വിര ജിലേബിയും, പാണ്ടി പഴവും, ഗുണ്ടല്ലൂർ ലടുവും വൃത്തിയുള്ള ഒരു കവറിൽ ഭദ്രമായി പൊതിഞ്ഞ് ആദ്യം വരുന്ന ഭിക്ഷക്കാരന് എടുത്തു കൊടുത്തപ്പോൾ "കൊണ്ടു പൊയ്ക്കോ അവിടന്ന്" എന്നും പറഞ്ഞു മൊബൈൽ പിടിച്ച കൈ കൊണ്ട് തിരിച്ച് ആട്ടി. ഓ ... ചിലപ്പോൾ പിച്ചക്കാരുടെ പേജ് ലൈക് ചെയ്യാത്തതിലുള്ള ദേഷ്യമാകും....!

ഇനി എന്ത് ചെയ്യും ...? കുഴിച്ചു മൂടിയാൽ ... തുരപ്പൻ അത് തോണ്ടി എടുത്ത് പറമ്പ് മുഴുവൻ വൃത്തികേടാക്കും.
തോട്ടിൽ ഒഴുക്കിയാൽ പഞ്ചായത്ത്ക്കാര് വന്ന് നോട്ടീസ് തരും ...! "പോന്നു മോനല്ലേ ... ഇച്ചിരി മിട്ടായി തിന്നിട്ടു പോകാടാ..." എന്ന് പറഞ്ഞാൽ പിള്ളാര്‌ വരെ ബ്രാൻഡ്‌ നോക്കി കഴിക്കുന്ന കാലമാ...!. ഇനി ഒരു വഴി മാത്രമേ മുന്നിലുള്ളൂ ...

"അഥിതി ദേവോ ഭവ. യാന്യനവാദ്യാനി കര്‍മാണി താനി സേവിതവ്യാനി"

അതായതു അഥിതികൾ കൊണ്ട് തരുന്നവ ... മറ്റ് അഥിതികൾക്ക് തന്നെ വിളമ്പി കൊടുക്കണമെന്ന്...

NB: ഇതിലെ കഥാപാത്രങ്ങളും പലഹാരങ്ങളും തമ്മിൽ എന്തെങ്ങിലും രൂപ സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ, തികച്ചും യാദൃച്ചികം മാത്രമായിരിക്കും.