"My favorite blog comments and 'mini stories - ValTube"

Wednesday, May 13, 2015

ലാഹോർ മുതൽ "അമ്മച്ചി" വരെ

Posted by VaITube | Wednesday, May 13, 2015 | Category: |



















അതി രാവിലെ സൂര്യൻ ഉദിച്ചാൽ മൂന്നു വീമാനം തെക്കോട്ടും.... തൊട്ടുപുറകെ ഒട്ടകകൂട്ടത്തേയും തെളിച്ചുള്ള ബംഗാളി പയ്യൻ വടക്കോട്ടും പോകുന്നതും കഴിഞ്ഞാൽ പിന്നെ ഇളകുന്ന ഒരു സാധനത്തെ കാണാൻ ലാഹോർ ഖാൻറെ പാട്ട ശകടം വരുന്നതും വരെ കാത്തിരിക്കണം. സൂര്യൻറെ തിളക്കത്തിൽ കണ്ണാടി പോലെ പരന്നു കിടക്കുന്ന മണലാരണ്യത്തിലൂടെ പുകയും പൊടിയും പറപ്പിച്ചു ഞങ്ങൾക്കുള്ള ഭക്ഷണവുമായി കൃത്യ സമയത്ത് തന്നെ പുള്ളി എത്തിയിരിക്കും. ഇടയ്ക്കുവണ്ടിയുടെ ടയർ എങ്ങാനും പഞ്ചർ ആയാൽ വണ്ടി അവിടെ ഇട്ടിട്ട്, ഭക്ഷണവും കയ്യിൽ തൂക്കി പിടിച്ചു നടന്നു വരുന്ന പാർട്ടിയാണ്. എന്തിനാണ് ഇത്രയും ദൂരം ഞങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടി താങ്കൾ ഇങ്ങനെ ഭക്ഷണവും ചുമന്നു വരുന്നത് എന്ന് ചോദിച്ചാൽ. "ഭക്ഷണത്തിന് രാജ്യങ്ങളുടെ വ്യതാസമില്ല. ജീവിതത്തിൽ പട്ടിണി കിടന്നവനേ വിശപ്പിൻറെ വിലയറിയൂ" എന്നാണ് പുള്ളിക്കാരൻറെ ഭാഷ്യം. സിറ്റിയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം കിടക്കുന്ന ഞങ്ങളുടെ വർക്ക്‌സൈറ്റിലെ കമ്പനി നിയമിച്ച ഒരേ ഒരു ഹംസദൂതനാണ്‌ പാകിസ്ഥാൻകാരനായ ലഹോർ ഖാൻ. അതിരാവിലെ ജോലിക്കാരെയും കൊണ്ട് പോയിക്കഴിഞ്ഞാൽ പിന്നെ പിന്നെ വരുന്നത് ഞങ്ങളുടെ ഭക്ഷണപൊതിയുമായിട്ടായിരിക്കും. അതിനിടയിൽ നാട്ടിലേക്കുള്ള ഞങ്ങളുടെ കത്തുകളും പൈസയും അയക്കുന്നതും, അത്യാവശ്യം സോപ്പ് ചീപ്പു കണ്ണാടി സാധങ്ങളും ഞങ്ങള്ക്ക് വേണ്ടി വാങ്ങി കൊണ്ടുവരികയും ചെയ്തിരുന്നു. കാണാൻ ആരോഗ്യവാനും, ഏതാണ്ട് നാൽപതു വയസ്സ് പ്രായം തോന്നിച്ചിരുന്ന ലാഹോർഖാൻറെ ചുണ്ടിൽ എപ്പോഴും ഒരു "മാൽബറോ" സിഗരറ്റ് എരിഞ്ഞു കൊണ്ടേയിരിക്കും. മൊബൈൽ ടവറുകൾ പോലും കണി കാണാത്ത ആ മരുഭൂമിയിൽ ഞങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുത്തിയിരുന്ന ലാഹോർ ഖാൻ, അദ്ദേഹത്തിൻറെ വീര സാഹസിക കഥകൾ പറയുന്നതിനിടയിൽ മൂന്നു നാല് സിഗരറ്റുകൾ "ടപോ" എന്നു ഒറ്റയടിക്ക് വലിച്ചു തീർക്കും.

ആയിടക്കാണ്‌ കമ്പനി പുതുതായി നിയമിച്ച സേഫ്റ്റി മാനേജർ "അമ്മച്ചി" വർക്കി ഒരു വില്ലനായി ഞങ്ങളുടെ ക്യാമ്പിൽ അവതരിക്കുന്നത്. വന്ന ദിവസം തന്നെ ക്യാമ്പിലെ എരന്നു ഓസ് (CEO) അടിക്കുന്നതിൻറെ ചീഫ് മാനേജർ പദവി ഞങ്ങൾ എല്ലാവരും കൂടി "അമ്മച്ചി"വർക്കിക്ക് നാമകരണം ചെയ്തു. സംസാരിക്കുന്നതിനിടയിൽ പഴയ അമ്മച്ചി മാരുടെ പോലെ കൈ കൊട്ടി ആർത്തു ചിരിക്കുന്ന ഒരു സ്വഭാവം വർക്കിക്കുണ്ടായിരുന്നു. അതാണ്‌ "അമ്മച്ചി" വർക്കി എന്ന വിളിപ്പേരിനു കാരണം.

ലാഹോർ ഖാനെ "അമ്മച്ചി"വർക്കി പരിചയപ്പെട്ട ദിവസം മുതൽ തന്നെ ഖാൻറെ കഥകളും സിഗരറ്റ് വലിച്ചു തീരുന്നത് പോലെ തന്നെ പെട്ടന്ന് ചുരുങ്ങാൻ തുടങ്ങി. ലാഹോർ ഖാൻറെ കഥകൾ കേൾക്കുന്നതിനേക്കാൾ 'മാൽബറോ" സിഗരറ്റുകൾ അടിച്ചു മാറ്റുന്നതിനാണ് അമ്മച്ചി വർക്കി ശ്രദ്ധ കാണിച്ചിരുന്നത്. ലാഹോർ ഖാനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി, താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്രിക്കെറ്റ് കളിക്കാരനാണ് വാസിം അക്രമാണെന്നും, ഭൂട്ടോയാണ് നല്ല പ്രധാന മന്ത്രിയെന്നും... കറാച്ചി ഡൽഹിയെക്കാൾ നല്ല സ്ഥലമാണെന്നും, പാക്കിസ്ഥാനികൾ ഇന്ദ്യക്കാരെക്കാൾ സ്നേഹമുള്ളവരാനെന്നും തട്ടി വിടുന്നുണ്ടായിരുന്നു. പാവം ലാഹോർ ഖാൻ "അമ്മച്ചി" വർക്കിയുടെ വാചകമടിയിൽ വീഴുകയും "മാൽബ്രൊ" കയ്യയച്ചു നഷ്ടപ്പെടുകയും, അവസാനം ഞങ്ങൾ പ്രതീക്ഷിച്ച പോലെ ആ പാവം എന്നെന്നേക്കുമായി സിഗരറ്റ് വലി നിരത്തുകയും ചെയ്തു.

ലാഹോർ ഖാൻറെ സിഗരറ്റ് വലി നിർത്തിച്ചത് "അമ്മച്ചി" വർക്കിയാണ് എന്ന കിംവദന്തി ക്യാമ്പിൽ പരന്നതോടെ "അമ്മച്ചി" വർക്കിക്ക് പാക്കിസ്ഥാനികളോട് കലശലായ വിരോധവും വിദ്വേഷവും മുള പൊട്ടി. പാക്കിസ്ഥാനികൾ ദുഷ്ടന്മാരാണെന്നും, അവരുമായി ഒരു തരത്തിലും കൂട്ട് കൂടരുതെന്നും, ഇന്ത്യക്കാരുടെ ആജീവനാന്ത ശത്രുക്കൾ ആണെന്നും, തുടങ്ങിയ പ്രസ്ഥാവനകൾ ക്യാമ്പ് മുഴുവൻ അടിച്ചിറക്കി. ലാഹോർ ഖാന് നല്ലൊരു പണി കൊടുക്കാൻ കാത്തിരിക്കുകയായിരുന്ന "അമ്മച്ചി" വർക്കിക്ക് അതിനുള്ള ഒരു അവസരം വന്നു ചേർന്നു.

ആയിടക്ക്‌ അപ്രതീക്ഷിതമായി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തം കമ്പനിക്ക് ചില്ലറ നഷ്ടങ്ങളുണ്ടാക്കി. ലാഹോർ ഖാൻ ഒളിച്ചിരുന്ന് സിഗരറ്റ് വലിച്ചതാണ് തീ പിടുത്തം ഉണ്ടാക്കിയതെന്ന കള്ളകഥ മെനെഞ്ഞ് "അമ്മച്ചി" വർക്കി കമ്പനിയുടെ മുന്നിൽ വീണ്ടും ആളായി. തത്ഫലമായി ലാഹോർ ഖാൻറെ ഒരു മാസത്തെ ശമ്പളം കട്ട് ചെയ്യാനും, "അമ്മച്ചി" വർക്കിയെ കമ്പനിയുടെ ചീഫ് സേഫ്റ്റി മനേജരക്കാനും ഉത്തരവായി. കൈ കൊട്ടി ആർത്തു ചിരിച്ചു കൊണ്ട്, ഓസിനു കിട്ടുന്ന സിഗരറ്റുകൾ ആഞ്ഞു വലിച്ചു "അമ്മച്ചി" വർക്കി മുന്നോട്ടുള്ള തൻറെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു. "അമ്മച്ചി"വർക്കി കാരണം സിഗരറ്റ് വലി ജീവിതത്തിൽ നിന്നും ഉപേക്ഷിച്ചവരുടെ എണ്ണവും കൂടികൊണ്ടിരുന്നു.

വർഷങ്ങൾ എടുത്ത മരുഭൂമിയിലെ പ്രൊജക്റ്റ്‌ കഴിഞ്ഞതോടെ ജോലിക്കരെയെല്ലാം കമ്പനി കൂട്ടത്തോടെ പിരിച്ചു വിട്ടു. കൂടെ "അമ്മച്ചി" വർക്കിയും സ്വയം പിരിഞ്ഞു നാട്ടിൽ പോയി. നാട്ടിൽ പുതിയ വീട് പണിതതിൻറെ സന്തോഷത്തിലാണ്‌ പുള്ളിക്കാരൻ. പുതിയ വീടിൻറെ പാല് കാച്ചുന്ന ദിവസം "അമ്മച്ചി" വർക്കിയേയും തിരഞ്ഞ് പോസ്റ്റ്‌ മാൻ ഗൾഫിൽ നിന്നും വന്ന ഒരു വലിയ സമ്മാന പൊതിയുമായി രംഗപ്രവേശം ചെയ്തു. ബഹുജന മധ്യത്തിൽ ആകാംഷയോടെ "അമ്മച്ചി" വർക്കി ആ പെട്ടി തുറന്നു.

"നിങ്ങളുടെ ശ്വാസകോശം ഒരു സ്‌പോഞ്ചുപോലെയാണ്. ഒരു ശരാശരി "ഓസിനു" സിഗരറ്റ് വലിക്കുന്നവൻറെ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല്‍ ഒരു ബാർ സോപ്പിനോളം വലുപ്പം വരും." മലയാളത്തിൽ വലിയ അക്ഷരത്തിൽ അടിച്ച ഒരു നോട്ടീസിനോടപ്പം ഒരു സ്പൊഞ്ചും, ഒരു ബാർ സോപ്പും പിന്നെ ലാഹോർ ഖാൻറെ കയ്യൊപ്പിട്ട രണ്ടു മാൽബ്രൊ സിഗരറ്റും.