"My favorite blog comments and 'mini stories - ValTube"

Monday, December 17, 2012

രാജാവ്‌ നഗ്നനാണ്

Posted by VaITube | Monday, December 17, 2012 | Category: |

















എല്ലാവര്‍ക്കും അറിയാവുന്ന ഒരു കഥയാണ്, അതിനപ്പുറം എന്ത് സംഭവിച്ചു എന്നറിയണ്ടേ, ഒരിടത്ത്‌ ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം മന്ത്രിയെ വിളിച്ചിട്ട്‌ പറഞ്ഞു "മഹാനായ നമുക്ക്‌, മറ്റു രാജക്കന്‍മാര്‍ക്ക്‌ ഇല്ലാത്ത പല കഴിവുകളും ഉണ്ടല്ലൊ. ആയതിനാല്‍ മറ്റാര്‍ക്കും ഇല്ലാത്ത എന്തെങ്കിലും നമുക്ക്‌ വേണം". ഒരു നിമിഷം ആലോചിച്ചിട്ട്‌ പറഞ്ഞു "ആര്‍ക്കും കാണാന്‍ കഴിയാത്ത വസ്ത്രം ഉണ്ടാക്കി തരണം"

മന്ത്രി രാജ്യത്തെ പണ്ഡിതന്‍മാരെ വിളിച്ചിട്ട്‌ രാജാവിന്റെ കല്‍പനയെ കുറിച്ച്‌ പറഞ്ഞു. രാജാവിന്റെ കല്‍പന നിറവേറ്റാന്‍ കഴിയില്ല എന്ന്‌ എല്ലാവര്‍ക്കും അറിയാം, പക്ഷെ രാജാവിനോട്‌ പറയുവാൻ ധൈര്യം ഇല്ല, തല പോയാലോ? ഒടുവില്‍ മന്ത്രി രാജാവിന്റെ അടുക്കൽ ഒരു ഒഴിഞ്ഞ താലവുമായി ചെന്ന്‌ പറഞ്ഞു. "മഹാരാജൻ‍, ഇതാ അങ്ങു പറഞ്ഞതു പോലെ ആര്‍ക്കും കാണാന്‍ കഴിയാത്ത വസ്ത്രം". രാജാവ്‌ ചോദിച്ചു "ഇത്‌ ഒഴിഞ്ഞ താലമല്ലേ?" മന്ത്രി പറഞ്ഞു, "മഹാരാജൻ‍, ഇത്‌ ആര്‍ക്കും കാണാന്‍ കഴിയാത്ത വസ്ത്രമല്ലേ, അതിനാല്‍ അങ്ങേക്കും കാണാന്‍ കഴിയില്ല".അപ്പോള്‍ രാജാവിന് ആ വസ്ത്രം ധരിക്കാന്‍ മോഹം. മന്ത്രി അദ്ദേഹത്തെ ആ വസ്ത്രം ധരിപ്പിച്ചു. ആർക്കും കാണാന്‍ കഴിയാത്ത വസ്ത്രമല്ലേ, അതിനാല്‍ രാജാവ്‌ നഗ്നനായിരുന്നു. പ്രജകള്‍ തന്റെ വസ്ത്രത്തെക്കുറിച്ച്‌ പറയുന്നതു കേള്‍ക്കാന്‍ രാജാവു കൊട്ടരത്തിനു വെളിയില്‍ ഇറങ്ങി നടക്കുവാന്‍ തുടങ്ങി. രാജാവ്‌ നഗ്നനാണ് എന്നു എല്ലാവ൪ക്കും അറിയാം, പക്ഷെ പറയുവാന്‍ ധൈര്യം ഇല്ല. ഏല്ലാവരും രാജാവിനെ പുകഴ്ത്തുവാൻ‍ തുടങ്ങി. അതു കേട്ടു രാജാവ്‌ സന്തോഷത്തോടുകൂടി നടന്നു. അപ്പോള്‍ കൂട്ടത്തില്‍ ഒരു ചെറിയ കുട്ടി വിളിച്ചു പറഞ്ഞു "അയ്യേ... ഈ രാജവ്‌ തുണിയുടുത്തിട്ടില്ലേ....." അപ്പോള്‍ താന്‍ നഗ്നനാണെന്ന സത്യം രാജാവ്‌ തിരിച്ചറിഞ്ഞു.

കാലം കുറെ കടന്നു പോയി. രാജാവ്‌ മാറി രാജാക്കന്മാര്‍ വന്നു. ഒപ്പം വോട്ടര്‍മാരായി പ്രജകളും. ആഗോള താപനം വന്നതോടെ രാജ്യത്തു ചൂട് കൂടാന്‍ തുടങ്ങി. പ്രജകളെല്ലാം വിയര്‍ക്കാന്‍ തുടങ്ങി. ദാഹം കൊണ്ട് വലഞ്ഞു. അന്തപുരത്തിലെ ശീതികരണ യന്ത്രങ്ങളെല്ലാം രാജാക്കന്മാരെ തണുപ്പിക്കാന്‍ പെടാപാട് പെട്ടു. ചൂട് കൂടിയതോടെ രാജാക്കന്മാരെല്ലാം തുണി അഴിക്കാന്‍ തുടങ്ങി. പകരം സുതാര്യമായ അഴിമതിയുടെ കുപ്പായങ്ങള്‍ ധരിച്ചു. നന്ഗ്നത മറക്കാന്‍ കഴിഞ്ഞില്ലെങ്ങിലും തങ്ങള്‍ക്കു പുതിയ വസ്ത്രങ്ങള്‍ നന്നായി ഇണങ്ങുന്നതിനാല്‍ പുതിയ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ വിപണി കിട്ടി. നഗ്നരായ രാജാക്കന്മാരെ കണ്ടു പ്രജകള്‍ വിളിച്ചു കൂവി. "അയ്യേ... ഈ രാജവ്‌ തുണിയുടുത്തിട്ടില്ലേ....." നാണമില്ലാത്ത രാജാവ്‌ ഇതു കേട്ട് ചിരിച്ചു. പ്രജകള്‍ ചമ്മി പോയി. ചൂടിന്റെ കാഠിന്യം കൂടിയതോടെ പ്രജകള്‍ നിവൃത്തി കേടുകൊണ്ട് സ്വയം വസ്ത്രം അഴിക്കാന്‍ തുടങ്ങി. തങ്ങളെ അപമാനിക്കുകയാണെന്ന് കരുതി രാജാക്കന്മാര്‍ പ്രജകളെ തുറുങ്കില്‍ അടച്ചു.

ഗുണപാഠം : അഴിമതി കുപ്പായം കണ്ടു തുണി അഴിച്ചാല്‍ ജയില്‍ അഴി എണ്ണാം.