"My favorite blog comments and 'mini stories - ValTube"

Thursday, June 5, 2014

4000 KM

Posted by VaITube | Thursday, June 5, 2014 | Category: |















പൊതുവെ കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിലിരുന്നു സമയം കൊല്ലുന്നവരെ, മണ്ടന്മാർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മാസത്തിൽ 28 ദിവസവും 14 മണിക്കൂർ വീതം 8 വർഷം 400KV ലൈൻനു താഴെ ജോലി ചെയ്തവരെ എന്ത് വിളിക്കണം ...? മരമണ്ടൻ എന്ന് വിളിക്കേണ്ടി വരും.

400000 വോൾട്ടിനു താഴെ ഫ്ലികർ ചെയ്യുന്ന CRT മോണിട്ടറിൽ കണ്ണും മിഴിച്ചിരിക്കുന്ന എൻറെ കണ്ണുകൾക്ക്‌, എന്നെ തെറി വിളിക്കുന്ന മാനേജർ കൊറിയനെ ദഹിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു എങ്കിലും, മുല്ലപെരിയാർ പൊട്ടുമ്പോൾ മലയാളിയുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ കൊണ്ട് അടിച്ചമർത്തുന്ന ആനന്തം ഞാൻ സ്വയം അനുഭവിച്ചു സുഖിപ്പിച്ചു.

അങ്ങിനെ വെറും ഒരു മരമണ്ടനിൽ തുടങ്ങിയ ജീവിതം, അത് മനസ്സിലാക്കാൻ വലതുകൈ മരവിച്ചു "മൗസ് പിടുത്തം" ഇടതു കയ്യിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു. മെഡിക്കൽ സയൻസിൽ "കാർപേൽ സിൻഡ്രോം" പോലെ കടുകട്ടിയുള്ള രോഗങ്ങളുടെ പേര് പഠിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് വേദനകൾ ഒരു ലഹരിയാക്കി കൂടെ കൊണ്ട് നടന്നു. അമിത വണ്ണം, കൊളസ്ട്രോൾ, ഷുഗർ എന്നിങ്ങനെ സ്ഥിരം അസുഖങ്ങൾ വേറെയും. മിക്കവാറും എല്ലാ കമ്പ്യൂട്ടർ മണ്ടന്മാരായ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ആയതിനാൽ ഇതിൽ പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നുമില്ല. 23 വയസ്സിൽ തുടങ്ങിയ എൻറെ കമ്പ്യൂട്ടർ പ്രണയം ഇതാണെങ്ങിൽ, ഒന്നാം ക്ലാസ്സിൽ കമ്പ്യൂട്ടർ പഠിക്കുന്ന എൻറെ മകൻറെ അവസ്ഥ എന്തായിരിക്കും ...?

(ഫ്ലാഷ് ബാക്ക് - 365 ദിവസങ്ങൾ)

ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്താൽ "ഇതൊക്കെ എന്ത്..?" എന്ന് ചിന്തിക്കാൻ പിന്നെയും 17 വർഷങ്ങൾ വേണ്ടി വന്നു . എൻറെ ജീവിതത്തിലെ മധുര പതിനേഴ്‌ 40 വയസ്സിലായിരുന്നു. "അവതാർ" സിനിമയിലെ നായകന് കാലിനു പോളിയോ ബാധിച്ചു വീൽ ചെയറിൽ ഒതുങ്ങിയ ജീവിതത്തിനു പുതിയ ജന്മം കിട്ടിയപ്പോൾ ഓടി നടക്കാനുള്ള വ്യഗ്രത എന്നിലും ചെറിയ പ്രതീക്ഷ ജനിപ്പിച്ചു. ജോലി ചെയ്യുന്ന നഗരത്തിൽ നിന്ന് കേരളം വരെ ഒന്ന് ഓടി നോക്കുക ... വെറും 4000 കിലോ മീറ്റർ. അതെൻറെ ഒരു സ്വപ്നമായിരുന്നു.

"ഒരിക്കലും നടക്കാത്ത സ്വപ്നം" എന്ന് എൻറെ ഭാര്യ കൂടി പറഞ്ഞപ്പോൾ എനിക്ക് വാശിയായി. ശരീരം അമിത വണ്ണം ആയതിനാലും. ബിയർ വിഴുങ്ങിയ കുംബ വയർ ഒരു പ്രതിഭാസമായി എന്നിൽ നില നില്ക്കുന്നത് കൊണ്ടും... അതേറ്റെടുക്കുവാൻ എൻറെ ശരീരം എന്നെ അനുവദിച്ചില്ല. അങ്ങിനെയാണ് ഒരു പുതിയ സൈക്കിൾ വാങ്ങുവാൻ ഞാൻ തിരുമാനിക്കുന്നത്. പരിഷ്കൃത മലയാളി "നിസ്സാൻ സണ്ണി"യിൽ നിന്ന് "ഹമ്മറി"ലേക്ക് ചാഞ്ചാടുമ്പോൾ എൻറെ "സൈക്കിൾ" പ്രയോഗം പ്രിയതമക്ക് ഒട്ടും ഇഷ്ടമായില്ല. പ്രകൃതി വിപരീതമായി പതിവു പോലെ എൻറെ വാശി (പുരുഷ മേധാവിത്വം) തന്നെ ജയിച്ചു. ഒന്നല്ല, സൈക്കിൾ മൂന്നെണ്ണം വാങ്ങി. വീടിന്നു മുന്നിൽ, നടക്ക് ഇരുത്തിയ ഗജവീരന്മാരെ പോലെ, സൈക്കിളിൻറെ പെടലും പൊക്കി നിൽക്കുന്നു.

ഇത് കണ്ടു "വിജ്രംബിച്ച" മുഖവുമായി സംഭാരം തന്നു സ്വീകരിച്ച എൻറെ സ്വന്തം ഭാര്യ ഒരു "ഭാരം" ആയി തോന്നിയതേ ഇല്ല. മനസ്സിൽ ഒരു "മാരുതി" കാറ് സ്വപ്നം കണ്ടു നില്ക്കുന്ന ഭാര്യമാർക്ക് പണ്ടാരം സൈക്കിൾ കാണുമ്പോൾ എന്ത് തോന്നും ...? പിന്നീടുണ്ടായ തൃശൂർ പൂരവും, തുടർന്നുണ്ടായ വെടിക്കെട്ടും, ഞാൻ മാത്രം ഉള്ളിൽ ഒതുക്കി സ്വയം ആസ്വദിക്കുമ്പോഴും എൻറെ മനസ്സിൽ 4000 കിലോ മീറ്റർ COUNTDOWN തുടങ്ങിയിരുന്നു. വർഷത്തിൽ 4000 കിമി ഒറ്റ തവണ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഒരു തമാശക്ക് ചിന്തിക്കാൻ ഒരു അവസരം സൌജന്യമായി തരുന്നു...! എൻറെ മുന്നിൽ അവശേഷിക്കുന്നത് ഒരു വർഷവും 4000 കിലോമീറ്ററും.. ഞാൻ ഓടാൻ തുടങ്ങി...

***************************************************************************


അയലത്തെ വീട്ടിലെ സുന്ദരിയായ പെണ്‍കുട്ടിയെയും കൂട്ടി പട്ടം-പോലെ ഒളിച്ചോടാൻ അല്ലാതെ മലയാളിക്ക് അവൻറെ സംസ്കാരത്തിൽ ഓട്ടത്തിന് വലിയ പ്രാധാന്യം ഒന്നുമില്ലെന്ന് എനിക്കറിയാമായിരുന്നു. TV യിലെ കുങ്കുമപൂ സീരിയൽ കണ്ടു ടെൻഷൻ അടിക്കാനും, കേരളത്തിലെ രാഷ്ട്രീയക്കാർ പരസ്പരം മുണ്ട് പൊക്കി കാണിക്കുന്നതും, ക്രിക്കറ്റിലെ കോഴ കളിക്കാർ സിക്സർ അടിക്കുന്നതും, ഒരു ദിവസം പോലും ഒഴിവാക്കാരുതുന്നു നാട്ടിൽ നിന്നും വണ്ടി കയറുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞിരുന്നു. അമിതമായി വിയർത്താൽ അത് മെടുല ഒംബ്ലാം കട്ടക്ക് മാരകമായ ക്ഷതം ഉണ്ടാക്കുകയും, പിന്നീടു അൽഷിമേഴ്സ് പോലുള്ള വായിൽ കൊള്ളാത്ത സൂക്കേടുകൾ വന്ന് ബാങ്ക് ബാലൻസ് മറന്നു പോകാൻ സാധ്യത ഉണ്ടെന്ന ഭാര്യയുടെ മുന്നറിയിപ്പ് ഞാൻ ചെവി കൊണ്ടില്ല.

നഗരത്തിലെ അതി വിശാലമായ പാർക്കുകൾ എനിക്ക് മുന്നിൽ തുറന്നു കിടക്കുമ്പോൾ, അവിടെ ഓടി കിതച്ച് തളരുന്നവരെ വായ്നോക്കാൻ വന്നവനാണോ എന്നർത്ഥത്തിൽ പലരും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ആദ്യ സംരംഭം ആയതിനാലും പരാജയ പെടുമോ, എന്ന ഭീതി ഉള്ളത് കൊണ്ടും ആരെങ്കിലും കളിയാക്കുമോ എന്ന ജള്യത മുഖത്ത് ഉണ്ടായിരുന്നു എങ്കിലും ഒരു മാരത്തോണ്‍ വിജയിയുടെ പ്രസരിപ്പോടെ കാലുകൾ മുന്നോട്ടു വെച്ചു. 200 മീറ്റർ ഓടിയതും, പെട്രോൾ തീർന്ന ഓട്ടോറിക്ഷ പോലെ വണ്ടി സടൻ ബ്രേക്ക്‌ ഇട്ടു. ഈ പരിപാടി ശരിയാകില്ല എന്ന് ഞാൻ സ്വയം മനസ്സിലാക്കിയപ്പോൾ, "എന്നാൽ പിന്നെ നടന്നേക്കാം" എന്നും പറഞ്ഞു കൂളായി നടക്കാൻ തുടങ്ങി. നടത്തം പിന്നെ ഇഴച്ചിലായി, ക്ഷീണമായി, ദാഹമായി, വിശപ്പായി, പണ്ടാരമടങ്ങി. ഇതേ കലാപരിപാടി കഷ്ടി ഒരു ആഴ്ചയോളം തുടർന്നു. പതുക്കെ പൂട്ടികെട്ടി.

വാട്ടർ ടാങ്ക് പോലെയുള്ള വയറും കാലൻ കുട പോലെയുള്ള ബലം ഇല്ലാത്ത കാലുകളുമാണ് എൻറെ ആദ്യ പരീക്ഷണം പൊളിയാനുള്ള പ്രധാനകാരണം എന്ന നഗ്ന സത്യം തിരിച്ചറിഞ്ഞു. പരമാവധി തടി കുറയ്ക്കുക എന്ന ലക്ഷ്യവുമായി ഭക്ഷണം കഴിപ്പ്‌ കുറക്കുന്നതിലായി എൻറെ ശ്രദ്ധ. രാവിലെ ഒരു ആപ്പിൾ, ഒരു ഗ്ലാസ്സ് വെള്ളം, ഉച്ചക്ക് രണ്ടു കയിൽ ചോറ് കുറച്ചു കറി, രാത്രിയിൽ ഒരു നേന്ത്ര പഴം, എന്ന രീതിയിൽ ഒരു ദിവസം മുന്നോട്ടു പോയെങ്കിലും വിശപ്പിൻറെ വിളി വന്നപ്പോൾ എല്ലാ കണ്ട്രോളും പോയി, എന്ന് മാത്രമല്ല. പൂർവാധികം ശക്തിയോടെ തീറ്റി തുടർന്നു.

അതിനിടയിൽ പരസ്യം കണ്ടു വാങ്ങിയ ഒരു കുപ്പി ലവണ തൈലം വയറിൽ പുരട്ടി, വയറു കുറയുന്നതും നോക്കിയിരുന്നു. പൈസ പോയത് മിച്ചം. വയറിനു മുകളിൽ എണ്ണപാടയുടെ കനവും കൂടിയോ എന്നൊരു സംശയം. 100 ശതമാനം ആയുർ വിധി പ്രകാരം ഉണ്ടാക്കിയ "സ്ലിമ്മിംഗ് ടീ" കുടിച്ച് വയറിളക്കം പിടിച്ച കഥ ഞാൻ ഇവിടെ പറയാൻ ഉദേശിക്കുന്നില്ല

അടുത്ത ശ്രമം കുറച്ചു ചിലവേറിയ പരീക്ഷണം ആയിരുന്നു. "യോഗ". അതൊരു രാജയോഗമായിരുന്നു. എൻറെ അവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കിയ രാജഗുരു എനിക്ക് പതിവായി തന്നത് ശവാസനം, കൂർക്കാസനം എന്നീ അടവുകൾ ആയിരുന്നു. തടി കുറയ്ക്കാമെന്ന ഗ്യാരണ്ടി ഉള്ളത് കൊണ്ടാണ് പൈസ കൊടുത്തു യോഗം തുടങ്ങിയത്. യോഗയുടെ കൂടെ കുറച്ചു "ജിമ്മും" ചേർത്താൽ പെട്ടന്ന് "സ്ലിം" ആകുമെന്ന് യോഗോപധേശം സ്വീകരിച്ചു, യോഗ ക്ലാസ്സിനു ശേഷം ജിമ്മിൽ ചേർന്നു. ജിമ്മിൽ SIX പായ്ക്ക്കാരുടെ തിക്കും തിരക്കുമായിരുന്നു. പൊതുവേ ഇന്ത്യക്കാർക്ക് മാത്രം താല്പര്യമുള്ള ജിമ്മിൽ വരുന്നവരിൽ അധിക ഭാഗവും സൽമാൻഖാൻറെ ഉരുക്ക് ബോഡി സ്വപ്നം കണ്ടു നടക്കുന്നവരാണ്. അവിടെ വരുന്ന ഇന്ദ്രൻസ് കുടകമ്പി മോഡലുകളുടെ വ്യാമോഹം അതാണെങ്കിൽ, എനിക്കും എന്തുകൊണ്ട് ആയിക്കൂടാ എന്ന് ഞാൻ ചിന്തിച്ചതിൽ എന്താണ് തെറ്റ്? . ജിമ്മിലെ യന്ത്രങ്ങളുടെ നിർദേശ പ്രകാരം എൻറെ സ്റ്റീൽ ബോഡിയും വളരാൻ തുടങ്ങി. 1 +2+3+4+5+6 പാക്കുകൾക്ക് പുറമേ സ്വന്തമായി 2 പാക്കുകളും ഞാൻ വികസിപ്പിച്ചെടുത്തു(പുളു). ശരീരം അങ്ങിങ്ങു വീർത്ത ഒരു ചൊറിയൻ തവള പരുവത്തിലേക്ക്‌ പോയി കൊണ്ടിരിക്കുകയാണെന്ന് കണ്ണാടി നോക്കിയപ്പോൾ എനിക്ക് തോന്നി.

വ്യക്തമായ ഒരു ലക്ഷ്യ ബോധമില്ലാതെ വെല്ലവനും കാണിക്കുന്ന കസറത്തുകളും വിദേശ വനിതകളുടെ ആകര വടിവ് കാണിച്ചു മനുഷ്യനെ പറ്റിക്കുന്ന പരസ്യങ്ങളും കണ്ടു തടി കുറക്കാൻ പോയാൽ അവസാനം ചൊറിയൻ തവളയിൽ എത്തുമെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. എളുപ്പത്തിൽ കാര്യങ്ങൾ നേടാനുള്ള ഇത്തരം ഒളിച്ചോട്ടങ്ങൾ തന്നെയാണ് എല്ലാ മലയാളികളുടെയും പരാജയം.

100% നർമ്മം ആണെങ്കിലും മുകളിൽ പറഞ്ഞ പല വഴികളിലൂടെയും ഞാൻ സഞ്ചരിച്ചതാണ്. തടി കുറയ്ക്കാമെന്ന മോഹവുമായി ഞാൻ അവസാനം ചെന്നെത്തിയത് ഇരു ചക്രമായ സൈക്കിളിൽ ആയിരുന്നു. ഒരു വർഷം കൊണ്ട് 4000 കിലോ മീറ്റർ തികച്ചത് കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു. വെക്കേഷനിൽ നാട്ടിൽ പോയാൽ ദിവസവും രാവിലെ വിലങ്ങൻ കുന്നിലേക്ക് സൈക്കിൾ ചവിട്ടി പോകുന്നത് ഒരു ഹരമാണ്. സൈക്കിൾ ചവിട്ടി പോകുന്ന എന്നെ പലരും ഒരു അത്ഭുദ ജീവിയെ പോലെയാണ് നോക്കിയിരുന്നത്

വാൽകഷ്ണം: എഴുതി കൊടുത്ത മരുന്ന് ഫലിക്കാതെ വരുമ്പോൾ എല്ലാ ഡോക്ടർമാർ പറയുന്ന ഒരു മുൻ‌കൂർ ജാമ്യം ഉണ്ട്. " നന്നായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, നിയന്ത്രിച്ചു ഭക്ഷണം കഴിക്കുക" ഇത് മൂന്നും മലയാളി പാലിക്കില്ല എന്ന് ഡോക്ടർമാർക്ക് നന്നായി അറിയാം. മലയാളികളുടെ ഇടയിൽ കായികആരോഗ്യം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചു മാത്രം എഴുതിയ ഒരു ടാക്സ് ഫ്രീ പൊസ്റ്റാണിത്.