"My favorite blog comments and 'mini stories - ValTube"

Thursday, June 5, 2014

യക്ഷി

Posted by VaITube | Thursday, June 5, 2014 | Category: |













സമയം ക്ലോക്കിൽ ഒന്നടിച്ചു.

ഒന്നും വേണ്ടായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. ഒരു സിനിമ കണ്ടതിൻറെ ആവേശത്തിൽ അവൾക്കു വാക്ക് കൊടുത്തത് ഇങ്ങനെ ഒരു പൊല്ലാപ്പ് ആകുമെന്ന് ഒരിക്കലും കരുതിയില്ല. ക്ലോക്കിൽ ക്ലിക്ക്...... ക്ലിക്ക്...... അടിക്കുന്നതും എൻറെ ഹൃദയം മിടിക്കുന്നതും ഒരേ വേഗതയിൽ ആണോ ....? പണ്ടാരം ഹ്രദയം സ്ലോ മോഷൻ കളിക്കുകയാണ്. ക്ലോക്കിലേക്ക് സൂക്ഷിച്ചു നോക്കി.സമയം ഒരു മണി തന്നെ.

പട്ടം പോലെ സിനിമ കണ്ടത്തിൽ ശേഷം സ്നേഹിക്കുന്ന പെണ്ണുമായി ഒളിച്ചോടാൻ ഞാൻ തിരുമാനിച്ചതാണ്. അവളുടെ അച്ഛനോട് ചോദിച്ചാൽ ഒരു പക്ഷെ പുല്ലുപോലെ അവളെ ഇറക്കി കൊണ്ട് വരാമായിരുന്നു, ഹേയ്.....അത് ശരിയാകില്ല .... അതിൽ ഒരു ത്രിൽ ഇല്ലെന്നു പറഞ്ഞ അതേ മനസ്സ് തന്നെയാണ് ഇപ്പോൾ എന്നെ പുറകോട്ടു പിടിച്ചു വലിക്കുന്നത്.

"ഒരു ത്രിൽ ഇല്ലാതെ എന്ത് ആഘോഷം" എന്ന് എൻറെ ഗുരു പാഷാണം ഷാജി എപ്പോഴും പറയുമായിരുന്നു

ഇതെല്ലാം നടക്കുമോ...?

അവളോട്‌ പറഞ്ഞത് പോലെ കൃത്യം രാത്രി 2 മണിക്ക് വീടിൻറെ പടിക്കൽ ഇറങ്ങി നില്ക്കണം എന്ന് വാക്ക് കൊടുത്തതാണ്. ഇനി ചെല്ലാതിരുന്നാൽ അതൊരു കൊടും വഞ്ചന ആകില്ലേ...?

പുറത്താണെങ്കിൽ ഭയങ്കര മഴ....! നല്ല കാറ്റും വീശുന്നുണ്ട് ... എനിക്ക് പേടിയുള്ള മിന്നൽ, എൻറെ മുന്നിൽ ഒരു ചോദ്യ ചിഹ്നം പോലെ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അപ്പുറത്തെ മുറിയിൽ കിടക്കുന്ന അപ്പാപ്പൻ DJ സ്റ്റൈലിൽ ആയിരുന്നു കൂർക്കം വലിച്ചിരുന്നത്‌. ഓരോ ശ്വാസം വലിക്കുമ്പോഴും, പഴയ വീടിൻറെ മേൽക്കൂര ചെറുതായി ആടുന്നുണ്ടോ എന്നൊരു ശങ്ക ഇല്ലാതില്ല.

എവിടെയോ ഒരു പേ പിടിച്ച പട്ടി മോങ്ങിയത് പോലെ തോന്നി. ജനാല തുറന്നു നോക്കിയപ്പോൾ അതാ ഒരു കറുത്ത പട്ടി. എന്നെ കണ്ടതും അടുത്ത പോന്തയിലേക്ക് മറഞ്ഞു. പഴയ തുരുമ്പ് പിടിച്ച ജനാല തുറന്ന ശബ്ദം കേട്ടിട്ടാകണം. അടുക്കളയുടെ പുറകിലുള്ള വാഴയുടെ കൂമ്പ് നുണയാൻ വന്ന വവ്വാലുകൾ കൂട്ടമായി ചിതറി. വാതിൽ വലിയ ശബ്ദത്തിൽ കൊട്ടിയടച്ചു. അപ്പാപ്പൻ കുറച്ചു സെക്കണ്ട് നിശബ്ദനായി. പിന്നെ വീണ്ടും കൂര്ക്കം വലി.... ! "വലിയെടാ ...വലി....ആഞ്ഞു വലി "

ദൈവമേ... അവസാനം അതും സംഭവിച്ചു...വലിയ ഒരു ഇടി വെട്ടിയതും ഒപ്പം കരണ്ടും പോയി. മുൻപേ പ്ലാനിംഗ് ചെയ്ത ലിസ്റ്റിൽ ടോർച്ചു എഴുതിയില്ലയിരുന്നു. ഭാഗ്യം മുത്തച്ഛന്റെ തലയ്ക്കു സൈഡിൽ വെച്ചിരിക്കുന്ന എട്ട് കട്ട എവറടി ടോർച്ചു ബാഗിലേക്കു എടുത്തു വെച്ചു. ഏതായാലും നനഞ്ഞു. ഇനി കുളിച്ചു കേറാം എന്ന് ആരോ പറഞ്ഞത് ഞാൻ മനസ്സിനെ ബലപ്പെടുത്തി . ദൈവത്തിനെയും വിളിച്ചു വാതലിൻറെ സാക്ഷ പതുക്കെ തുറന്നു. സകലരേയും മനസ്സില് ധ്യാനിച്ച് വലതുകാൽ പുറത്തോട്ടു വെച്ചു. മുത്തച്ഛൻ കൂർക്കം വലിക്കുന്ന ശബ്ദം, എൻറെ നെഞ്ഞിടിപ്പിൽ അലിഞ്ഞു പോയി. വാതിൽ പതുക്കെ ചാരി കുട നിവർത്തി മഴയിലേക്കിറങ്ങി.

കാലൻ കോഴി കൂവൽ ... പട്ടിയുടെ മോങ്ങൽ..... ഇടി വെട്ട് .... മിന്നൽ.....പൊരിഞ്ഞ മഴ ........കൊടും കാറ്റ് ..... കൂരാ കൂരിരുട്ട്...... ആകാശത്ത് നക്ഷത്രങ്ങൾ ശൂന്യം. ഒരു അന്ധനെ പോലെ ഞാൻ മുന്നോട്ടു നടന്നു. പ്രേമത്തിന് കണ്ണില്ല എന്ന് പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നിയ നിമിഷം. പഴയ പാമ്പിൻ കാവ്‌ വഴി ചെന്നാൽ പെട്ടന്ന് അവളുടെ വീടിനു അടുത്തെത്താം. ഞാൻ മുന്നോട്ടു നടന്നു...... ഇടി മിന്നലിൽ മുന്നോട്ടുള്ള വഴി എനിക്ക് തെളിഞ്ഞു. പത്തു മിനിട്ടോളം നടന്നപ്പോൾ മഴ കുറഞ്ഞ പോലെ തോന്നി. അതെ ....ഇപ്പോഴെനിക്ക്‌ പാമ്പിൻ കാവ്‌ കാണാം. ആരോ തെളിയിച്ച ഒരു തിരി ഇപ്പോഴും അവിടെ കത്തിയെരിയുന്നുണ്ട്, അത്ഭുതം എന്ന് പറയട്ടെ ...ഇടി നിന്നു...മിന്നൽ നിന്നു..കാലൻ കോഴി ...പട്ടി മോങ്ങൽ ....എല്ലാം നിന്നു ... ഞാൻ മാത്രം നടന്നു . മുന്നോട്ടു ....ലെഫ്റ്റ് റൈറ്റ് .....ലെഫ്റ്റ് ..റൈറ്റ്

ഇനി പാമ്പിൻ കാവ്‌ കടക്കണം. അതാണ് എൻറെ ചിന്ത...വിഷ പാമ്പുകൾ കൂട്ടമായി കൊത്തുമോ..? മനസ്സിൽ ഞാൻ സകല ന്യു ജനറേഷൻ ദൈവങ്ങളെയും പ്രാർത്ഥിച്ചു. പാമ്പുകൾ വഴി മാറി പോകാൻ ഞാൻ ശബ്ദം ഉണ്ടാക്കി നടന്നു. വലിയ വായിൽ സെബസ്റ്റിയാനോസു പുണ്യാളനെ ഉറക്കെ പ്രാർത്ഥിച്ചു, പാമ്പുകൾ എല്ലാം എനിക്ക് വഴി മാറി തന്നു.... ഓരോ ചുവടും ഞാൻ പ്രാണ സഖിക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്തു മുന്നേറി. "അടിച്ചു മോനെ പാമ്പിൻ കാവ്‌" ഞാൻ രക്ഷപ്പെട്ടു എന്ന തോന്നൽ, അതൊരു വലിയ "എക്കോ" ടയലോഗ് ആയി പാമ്പിൻ കാവിൽ മുഴങ്ങി. ഇനിയൊരു മതിൽ കെട്ടുണ്ട്...അത് ചാടി കടന്നാൽ അവളുടെ വീടായി.

ഞാൻ വാച്ചിലേക്ക് നോക്കി. ഇനി 10 മിനിട്ട് കൂടിയുണ്ട്.. അവൾ പുറത്തിറങ്ങി നില്ക്കും എന്ന വിശ്വാസത്തിൽ ഞാൻ ഓരോ ചുവടും ഒരു പട്ടാളക്കാരനെ പോലെ അടി വെച്ചു മുന്നേറി . അതാ ഇപ്പോൾ മതിൽ കെട്ട് ദ്രിശ്യമായി. ഞാൻ സൂക്ഷിച്ചു നോക്കി .... മതിലിനു മുന്നിൽ ഒരു സ്ത്രീ....വെളുത്ത സാരി ..... കാലുകൾ നിലത്തു മുട്ടിയിട്ടില്ല.......... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി..... വശ്യതയാർന്ന മുഖം...ഐശ്വര്യറായി പോലെ ഏതോ ഒരു റായി......! ദൈവമേ ...എൻറെ കയ്യിൽ ചുണ്ണാമ്പ് ഇല്ല...! അപ്പാപ്പൻ വക ടോർച്ചു ഞാൻ ആ "പൂതനയുടെ" മുഖതോട്ടു തെളിച്ചു. ദൈവമേ ..."യക്ഷി".....സാക്ഷാൽ "യക്ഷി" ചോര പുരണ്ട തേറ്റ പല്ലുകൾ. വശീകരിക്കുന്ന അങ്കലാവണ്യം.......! കസ്തൂരി മഞ്ഞളിൻറെ കാന്തി...! ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല.. എൻറെ സെബസ്റ്യനോസു പുണ്യളാ.... കാത്തു രക്ഷിക്കണേ......!

ഒരു "പീക്കിരി" പ്രേമത്തിന് മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. സകല ശക്തിയും എടുത്തു ഞാൻ മുന്നോട്ടു നടന്നു
ഇപ്പോൾ ഞാൻ യക്ഷിയുമായി വെറും 100 മീറ്റർ അകലം കാണും. എങ്ങും നിശബ്ദം..... അപ്പാപ്പൻറെ ടോർച്ചു പതുക്കെ കണ്ണടച്ചു തുടങ്ങി...കുറ്റിച്ചെടി കാടുകളിൽ കൂടി ഞാൻ തവളയെപോലെ ചാടി ചാടി മുന്നോട്ട് നടന്നു.

യക്ഷിയെങ്കിൽ യക്ഷി. ഒന്നുമില്ലെങ്കിൽ മരിക്കുന്നതിനു മുൻപ് നേരിട്ട് ഒരു ജീവനുള്ള യക്ഷിയെ പരിചയപ്പെടാമല്ലോ...! അഥവാ പാവം യക്ഷിയാണ് എങ്കിൽ, മൃഗകൊഴുപ്പില്ലാത്ത നിറപറ സാംബാർ ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുക്കാം. അതല്ല രക്തം കുടിക്കുന്ന രക്ത രക്ഷസ് ആണെങ്കിൽ കഴുത്ത് നീട്ടി കൊടുത്തേക്കാം. പേടിച്ചാലും ഇല്ലെങ്കിലും എല്ലാരും ജീവിതത്തിൽ ഒരു തവണ മരിക്കും. ഞാൻ ധൈര്യം മുറുകെ പിടിച്ചു. അപ്പാപ്പൻറെ എട്ടര കട്ട ടോർച്ചു ഇപ്പോൾ പരിപൂർണ്ണമായി വെടി തീർന്നു.

നിലാവിൽ ഇടക്കിടെ വീശുന്ന ഇളം തെന്നലിൽ അവളുടെ വെളുവെളുത്ത സാരി പാറി പറന്നു. ശീമാട്ടിയിലെ വില കൂടിയ സാരി ആയിരിക്കും, നല്ല തിളക്കം, ഒരു നക്ഷത്ര തിളക്കം.

മതിലിനു അഭിമുഖം ആയപ്പോൾ, ഞാൻ യക്ഷിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. മുഖം ശരിക്കും ഒരു നക്ഷത്രം പോലെ ഇരുട്ടിൽ വെട്ടി തിളങ്ങുന്നു. കഴുത്ത് ഒരു ചുറ്റിക പോലെ കടഞ്ഞെടുത്ത വെണ്ണതടി രൂപത്തിൽ ഉരുണ്ടു നീളത്തിൽ..., ശരീരം ആലില പോലെ അരിവാൾ ഷേപ്പിൽ തുളുമ്പി നില്ക്കുന്നു. വാഴയില പോലെ അവളുടെ സാരി കാറ്റിൽ പാറി പറക്കുന്നു. ഞാൻ മതിൽകെട്ടിനോട് വളരെയടുത്തു. അപ്പോഴാണ് ഞാൻ അരിവാൾ പിടി പോലെ വായുവിൽ ഉയർന്നു നിൽക്കുന്ന അവളുടെ കാലിനു തൊട്ടു താഴെയായി എഴുതി വെച്ച അടിക്കുറിപ്പ് ശ്രദ്ധിച്ചത്.

"നിങ്ങളുടെ വിലയേറിയ വോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അടയാളപ്പെടുത്തുക.....!"

അമ്പടാ ...!!!.

ഇപ്പോഴാണ്‌ ഒരു കാര്യം എനിക്ക് ഓർമ്മ വന്നത്.. ഒളിച്ചോടാനുള്ള തിരക്കിനിടയിൽ എൻറെ സോടാകുപ്പി കണ്ണട എടുക്കാൻ മറന്നു പോയിരിക്കുന്നു. മതിലിൽ എന്നെ മാടി വിളിച്ച യക്ഷിയായി അഭിനയിച്ചത് നമ്മുടെ സ്വന്തം പാർട്ടി ചിഹ്നം ..!

"അരിവാൾ ചുറ്റിക നക്ഷത്രം"

ഇലക്ഷന് മുന്നോടിയായുള്ള പാർട്ടിക്കാരുടെ ചുമരെഴുത്തായിരുന്നു അത് . മതിലിനു മുന്നിൽ നിന്നിരുന്ന ഓണവാഴയുടെ ഇലകളായിരുന്നു കുത്തഴിഞ്ഞ സാരിയുടെ റോൾ അഭിനയിച്ചത് . ചോര പുരണ്ട തേറ്റ പല്ലുകൾ അരിവാളിൻറെ വായ്ത്താരി ആയിരുന്നു . പാർട്ടി എന്നെ വെറുതെ മായാ മോഹിപ്പിച്ചു. അരിവാളിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന ഞാൻ അപ്പോഴേ കൈപത്തിയിലേക്ക്കൂറ് മാറി. വിശ്വാസ വഞ്ചന ഒരിക്കലും എനിക്ക് പൊറുക്കാൻ കഴിയില്ല. എൻറെ കൂടെ ഒളിച്ചോടാൻ തയ്യാറായി നിൽക്കുന്ന പെണ്ണാണെ സത്യം.. ! ഞാൻ പാർട്ടി മാറി...!

ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. വാച്ചിൽ സമയം രണ്ടു മണി ആകാൻ ഇനി വെറും 10 മിനിട്ട് മാത്രം ബാക്കി. എന്നെയും കാത്തു എൻറെ പ്രാണ സഖി ഇപ്പോൾ വീടിനു പുറത്തു ഇറങ്ങിയിരിക്കും. കാത്തു നിന്ന് എന്നെ കണ്ടില്ലെങ്കിൽ ഇനി അവള് തിരിച്ചു പോയാലോ ...? വീട്ടിലുള്ളവരുടെ സ്വർണ്ണവും പണവും എളുപ്പത്തിൽ അടിച്ചു മാറ്റി വെറുതെ വീടിൻറെ പടിക്കൽ എന്നെ കാത്തു നിൽക്കുന്ന എൻറെ പ്രിയ കാമുകിക്ക് അറിയില്ലല്ലോ ഒരു ധീരനായ കാമുകൻറെ ജീവൻമരണപോരാട്ട കസ്സർത്തുകൾ...!

മുന്നിലെ മതിലെടുത്തു ചാടിയാൽ ദൂരം അര മണിക്കൂർ കുറയ്ക്കാം. പക്ഷെ പന്ത്രണ്ടു അടിയുള്ള ഈ വന്മതിൽ എങ്ങിനെ ചാടും...! അവൾക്കു സമ്മാനിക്കാൻ തങ്കത്തിൽ പൊതിഞ്ഞ ടൂക്ലി മോതിരവും, അവൾക്കു ഏറ്റവും പ്രിയപ്പെട്ട, അമ്മയെ കൊണ്ട് പ്രത്യേകം പറഞ്ഞുണ്ടാക്കിയ ചക്കക്കുരു കൂട്ടാനും തോളതുള്ള ബാഗിൽ ഭദ്രമാണെന്ന് ഞാൻ ഉറപ്പു വരുത്തി.

ഒരു മുള വടിയോ എണിയോ കിട്ടിയിരുന്നെങ്കിൽ...? ഞാൻ പുറകോട്ടു തിരിഞ്ഞു നോക്കി .........! എങ്ങും കുറ്റി ചെടികൾ മാത്രം....! നിലാവിലെ കുറ്റി ചെടികൾക്കിടയിൽ രണ്ടു കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നു. ! ദൈവമേ ...മുൻപ് പൊന്തക്കാട്ടിൽ മറഞ്ഞ കറുത്ത പട്ടി..! വിഷ പല്ലുകളും ചീർത്തു എനിക്ക് നേരെ പാഞ്ഞു വരുന്നു! കുറ്റി ചെടികളെ തെറിപ്പിച്ചു കൊണ്ട് 100-120 സ്പീഡിൽ എൻറെ നേരെ പാഞ്ഞു വരുന്ന പട്ടിയെ ഞാൻ അപ്പാപ്പൻ വക ടോർച്ചു കൊണ്ട് ആഞ്ഞെറിഞ്ഞു. നല്ല ഉന്നം..! ടോർച്ചു കുറ്റിക്കാട്ടിൽ എവിടെയോ മറഞ്ഞു. കുരച്ചു കൊണ്ട് നാക്കും പുറത്തു നീട്ടി സിംഹത്തെ പോലെ പാഞ്ഞു വരുന്ന പട്ടിയെ ഒരു നോക്കു നോക്കിയതേ ഉള്ളൂ.എന്നിലെ അവശേഷിച്ച മനുഷ്യ മൂത്രം സ്വമേധയാ കീഴടങ്ങി. സകല ശക്തിയും സംഭരിച്ചു, അന്തോനീസു പുണ്യാളനെയും വിളിച്ചു മതിലിൽ പൊത്തി പിടിച്ചു കയറി. പുണ്യാളൻ വലിച്ചു കയറ്റി..! പിന്നെയൊരു ഇറക്കമായിരുന്നു. ഒരു പടു കുഴിയിൽ.!

ശരീരം മുഴുവൻ മുറിവുകൾ...! ചുറ്റും നല്ല ഫോറിൻ മുല്ലപ്പൂ മണം..! അല്ല..! പശുവിൻറെ ചാണകം മണക്കുന്നു. എല്ലാ നായകന്മാരെ പോലെ ഞാനും ചാണക കുഴിയിൽ നിന്നും തന്നത്താൻ ഉയർത്തു എഴുന്നേറ്റു. സ്വിമ്മിംഗ് പൂളിലെ ബാറുകൾ പിടിച്ചു കരക്ക്‌ കയറി. അവിടെയും കിട്ടി തോഴി. സ്വിമ്മിംഗ് പൂളിലെ പിടിച്ചു കയറുന്ന ബാറുകൾ, ഗോക്കൾ തൻ ഉരുക്കു കാലുകൾ ആയിരുന്നു. തൊഴുത്തിലെ പോന്നീച്ചകൾ എൻറെ തലയ്ക്കു വട്ടം പറക്കുന്നു. ഇതേതാ സ്ഥലം ...?

ഇങ്ങനെയൊരു തൊഴുത്ത് എൻറെ ഗൂഗിൾ മാപ്പിൽ ഇല്ലായിരുന്നു. ഞാൻ വാച്ചിലേക്ക് നോക്കി. രണ്ടു മണിക്ക് ഇനി വെറും 3 മിനിട്ട് മാത്രം ബാക്കി. ഇനി ഒന്നും നോക്കാനില്ല... മുന്നിൽ കണ്ട ഇടവഴിയിലൂടെ ഓടി. വീഴ്ചയിൽ എവിടെയോ എൻറെ ബാഗ് നഷ്ടപെട്ട സത്യം ഓട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു. ഓടുന്നതിന് ഇടയിൽ തൊഴുത്തിന് മുന്നിൽ സ്ഥാപിച്ച തേനിച്ച വളർത്തു കൂട് ഞാൻ അതി വിദക്തമയി കാലുകൊണ്ട്‌ ഒരു ഷോർട്ട് കിക്ക് അടിച്ചു തെറിപ്പിച്ച് ഗോളടിക്കാനും മറന്നില്ല. ആരോ കുബേര ബ്ലൈട് ലോണ്‍ എടുത്തു വളർത്തുന്ന തെനീച്ചയാകണം...! പ്രത്യാക്രമണം ഉണ്ടായില്ല.

ഇടവഴി പെരുവഴിയായി. പെരുവഴി പലവഴിയായി...! പലവഴി എന്നെ അവളുടെ വീടിനു മുന്നിലെത്തിച്ചു. രണ്ടു മണി ആകാൻ ഇനി വെറും ഒരു മിനിട്ട് മാത്രം.! നിലാവിൽ അവളുടെ വീട് വ്യക്തമായി കാണാം. പരസ്യം പതിക്കരുത് എന്നെഴുതിയ മതിലിനു മുന്നിൽ എന്നെയും പ്രതീക്ഷിച്ചു നില്ക്കുന്ന എൻറെ വാരിയെല്ലിനെ തേടി ഞാൻ ഓട്ടത്തിനിടയിലെ കിതപ്പ് വക വെക്കാതെ ഉറ്റു നോക്കി...!

ശൂന്യം...! അവിടെ ഒരു പെണ്ണും ഇല്ല... പെട കോഴിയും ഇല്ല..! പെണ്ണ് ചതിച്ചു...! കനകവും കാമിനിയും അവളുടെ കയ്യിൽ തന്നെ..! വിഷണ്ണനായി വായും പൊളിച്ചു നില്ക്കുമ്പോഴാണ് അത് സംഭവിച്ചത്.

""""""""നില്ക്കാടാ അവിടെ ..! രാത്രി രണ്ടുമണിക്ക് നീയിവിടെ എന്തെടുക്കുവാ...?"""""""

പുറകിൽ നിന്നും കേട്ട അശിരീരി കേട്ട് ഞാൻ വെട്ടി തിരിഞ്ഞു നോക്കി ....!

ഏട് കുട്ടൻപിള്ള ....!

കൊമ്പൻ മീശക്കാരൻ കുംബവയറൻ പോലീസ്! രാത്രി പെട്രോളിംഗ് സ്പെഷ്യൽ ഐറ്റം!