"My favorite blog comments and 'mini stories - ValTube"

Sunday, September 21, 2014

ഋഷ്യശൃംഗൻ 2

Posted by VaITube | Sunday, September 21, 2014 | Category: |





വരൾച്ച ബാധിച്ച അംഗരാജ്യത്തെ മഴ പെയ്യിക്കലിനു ശേഷം വേറെ പണിയൊന്നും കിട്ടാത്ത കാരണം വാർദ്ധക്യപെൻഷനും വാങ്ങി ചൊറിയും കുത്തിയിരിക്കുന്ന നേരത്താണ് ഋഷ്യശൃംഗനെ കാണാൻ കേരളത്തിൽ നിന്നും ഒരു പറ്റം കുടിയന്മാർ എത്തുന്നത്‌.
"രക്ഷിക്കണം ശൃങ്കാരവേലാ....! സർക്കാര് ഞങ്ങടെ വെള്ളം കുടി മുട്ടിച്ചു. എങ്ങിനെയെങ്കിലും കേരളത്തിൽ വന്നു ഒരു മദ്യമഴ പെയ്യിച്ചു തരണം. പകരം കേരളത്തിലെ മുഖ്യകക്ഷിയായ കുടിയന്മാരെല്ലാം ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കി അങ്ങയെ ഞങ്ങളുടെ നേതാവാക്കാം." കുടിയന്മാരുടെ വിഷ...മം മനസ്സിലാക്കിയ ഋഷ്യശൃംഗൻ മദ്യമഴ പെയ്യിക്കാൻ കേരളത്തിലേക്ക് പുറപ്പെട്ടു. ഋഷ്യശൃംഗൻ എത്തുന്നതും നോക്കി കുടിയന്മാരുടെ വളരെ വലിയ കൂട്ടമാണ് കേരളത്തിൽ കാത്തു നിന്നിരുന്നത്. അക്ഷമരായ കുടിയന്മാരെല്ലാം വായും പൊളിച്ചു മുകളിലോട്ടു നോക്കി നില്പ്പാണ്‌.
"ആകാശമേ... മദ്യമഴ പെയ്യട്ടെ" എന്ന് ഋഷ്യശൃംഗൻ ആകാശത്തോട് പറഞ്ഞപ്പോൾ മദ്യമഴ പെയ്യാൻ തുടങ്ങി. ബിയറും ബ്രാണ്ടിയും വിസ്കിയും വോഡ്കയും കൂതറയും മാറി മാറി പെയ്തു. കുടിയന്മാർ ""ദും ദും ദും ദുന്ദുഭിനാദം" " നൃത്തചുവടുകൾ വെച്ച് മുണ്ടഴിച്ച് ആറാടി. ഇടയ്ക്കു ഒരു ടച്ചിങ്ങ്സ് പോലെ മുഖ്യമന്ത്രിക്ക് തെറിയും വിളിക്കുന്നുണ്ട്. കുടിയന്മാരുടെ സന്തോഷത്തിനു ഇതിൽ കൂടുതൽ ഇനി എന്ത് വേണം...? അവസാനം കുടിയന്മാരെല്ലാം വാള് വെച്ച് പമ്പായാപ്പോൾ മഴ നിന്നു. എങ്ങും ശാന്തം.
പൊടുന്നനെ എങ്ങു നിന്നോ അതിവേഗം ഒരു അശീരീരി പോലെ പാഞ്ഞു വന്ന് മുഖ്യനും കൂട്ടരും ഋഷ്യശൃംഗനു ഒരു രസീതി എഴുതി കയ്യിൽ കൊടുത്തു. ആകെ പെയ്ത
മദ്യമഴയുടെ 50% നികുതി അടക്കാനുള്ള രസീതി കൈ പറ്റുമ്പോൾ ഋഷ്യശൃംഗൻറെ മുഖത്ത് കമലദളം വിരിഞ്ഞു. ഇതൊന്നുമറിയാതെ നിഷ്കളങ്കരായി ചരിഞ്ഞ കുടിയന്മാർ അടുത്ത മഴക്കു മുമ്പുള്ള ഉയിർത്തെഴുന്നേൽപിനായി ആക്കം കൂട്ടുകയായിരുന്നു.