"My favorite blog comments and 'mini stories - ValTube"

Thursday, June 5, 2014

വ്യാജൻ "O"

Posted by VaITube | Thursday, June 5, 2014 | Category: |



















സിനിമ അപ്‌ലോഡ്‌ ചെയ്തവരെ പിടിക്കാതെ യുടുബിൽ കണ്ടവനെയും നെറ്റിൽ ലിങ്ക് ഫോർവേർഡ്‌ ചെയ്തവരെയും തിരയുന്നതിന്റെ തന്ത്രം എന്താണ്. ഇന്റർനെറ്റിൽ സിനിമ കണ്ടതിനു കുറെ നിരപരാദികളെ തെരുവിലിറക്കുന്ന പരിപാടി കുറെ കാലമായി പത്രങ്ങളിൽ വാർത്ത‍യാകാറുണ്ട്. ഇന്റർനെറ്റിൽ ലഭ്യമാകുന്നവയിൽ എന്ത് കാണണം എന്ത് കാണരുത് എന്ന നിയമങ്ങൾ എത്ര പേർക്കറിയാം. എന്നാൽ അത് വ്യക്തമാക്കുന്ന ഒരു നിയമാവലിയോ, ലഘുലേഖയോ വെബ്സൈറ്റോ ഉത്തരവാദിത്വമുള്ളവർ ഇതുവരെ ഇറക്കിയിട്ടുമില്ല. പലരും പിടിക്കപെടുമ്പോൾ മാത്രമാണ് തങ്കൾ ചെയ്ത കുറ്റം എന്താണെന്നു പോലും തിരിച്ചറിയുന്നത്‌.

സിനിമകളെ പോലെ തന്നെ വ്യാജന്മാരായ വിവിധ കമ്പ്യൂട്ടർ പ്രോഗ്രമ്മുകളും ഇന്ന് ഒരുപാടു പേര് അവരവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. (സിനിമാക്കാർ, കച്ചവടക്കാർ, കമ്പ്യൂട്ടർ ഇൻസ്ടിട്യുട്ടുകൾ മാത്രമല്ല നാട്ടിൻപുറത്തെ മിക്ക സ്കൂളുകളിലും വിവിധ സർക്കാർ ഓഫീസുകളിലും വ്യാജൻ തന്നെയാണ് ജോലി ചെയ്യുന്നത്). ഫ്രീ വേർഷൻ എന്ന് വിളിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ പോലും ബിസിനെസ്സ് ആവശ്യത്തിനു ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇതും കുറ്റകരമല്ലേ...? ഇതിൻറെ ഒക്കെ ഒറിജിനൽ വാങ്ങി ഉപയോഗിക്കുവാനും പഠിക്കുവാനും ഇന്ന് എത്ര പേർക്കു കഴിയും. ലക്ഷങ്ങൾ വില മതിക്കുന്ന പലതും കൈകാര്യം ചെയ്യുന്നത് തുച്ഛമായ ശമ്പളം വാങ്ങുന്ന സാധാരണക്കാരൻ ആണെന്ന വസ്തുത ഇന്ന് എല്ലാവർക്കും അറിയാം. ഇങ്ങനെ പൈരാറ്റ് എന്ന ഓമന പേരിൽ ഇറങ്ങുന്ന നിയമ വിരുദ്ധ പ്രോഗ്രമ്മുകൾ ഉപയോഗിക്കുന്നത് കൊണ്ടാണ് അവികസിത ഏഷ്യൻ രാജ്യങ്ങളില പലരും കഞ്ഞി കുടിച്ചു കഴിയുന്നത്‌.

സിനിമ നിർമാതാക്കളുടെ പണം അടിച്ചു മാറ്റാൻ വേണ്ടി കുറെ സോഫ്റ്റ്‌വെയർ കച്ചവടക്കാർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിപണിയിൽ ഇറക്കുന്ന സോഫ്റ്റ്‌വെയർ അതി വിദഗ്ക്തമണെങ്കിൽ അപ്‌ലോഡ്‌ ചെയ്തവനെ പിടിക്കാൻ കഴിയാത്തതിൻറെ ദുരൂഹത എന്താണ് ...? ഏതെങ്കിലും വാർത്തകളിൽ സിനിമാ തിയറ്ററിൽ നിന്നും കോപ്പി ചെയ്തതിൻറെ നേറ്റീവ് വേർഷൻ പിടിച്ചെടുക്കാൻ പറ്റിയതായി കേട്ടിട്ടുണ്ടോ..?

തങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് വരുത്തി തീര്ക്കാൻ അവർ തന്നെ വ്യജനെ അപ്‌ലോഡ്‌ ചെയ്ത് അത് കണ്ടവരെ കുടുക്കി നിർമാതാക്കളുടെ വിശ്വാസം പിടിച്ചു പറ്റുകയും ഇതിൻറെ പേരിൽ കുറെ നിരപരാദികളെ അപകീർത്തിപെടുത്തുകയും, അതു വിശ്വസിച്ചു നിർമ്മാതാക്കൾ അവരുടെ വലയിൽ വീഴുകയും ചെയ്യുന്നു എന്നൊക്കെ മുൻപ് TV TALK ഷോയിൽ പബ്ലിക്‌ കമന്റ്‌ വന്നിരുന്നു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ അധികാരികൾ തന്നെ ഇതിനു പുറകിലുള്ള ദുരൂഹത പുറത്തു കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ആയിരങ്ങൾ മുടക്കി ഇന്റർനെറ്റ്‌ കണക്ഷൻ എടുത്തവർ നൂറു രൂപയുടെ സിനിമ ടിക്കട്ടിന് വേണ്ടി സ്വയം കുരുക്കിൽ പോയി ചാടുവാൻ ആരെങ്കിലും ഇഷ്ടപ്പെടുമോ ? തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തിൽ സിനിമ തിയറ്ററിൽ പോയി തന്നെ സിനിമ കാണണം എന്ന് പറയുന്നത് എന്തിനാണ്. കാശു മുടക്കി നെറ്റിലൂടെ സിനിമ കാണാൻ കഴിയുന്ന സംവിധാനം ഇവർ കൊണ്ട് വന്നാൽ അത് പ്രേക്ഷകനും, സിനിമ പ്രവർത്തകർക്കും ഒരു പോലെ ഗുണകരമല്ലേ ?

മറ്റൊരു സാധ്യത, സിനിമ ലോകത്തെ കുടിപ്പക തീര്ക്കാൻ സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർക്കോ എതിർ താരത്തിൻറെ സിനിമ നശിപ്പിക്കാൻ , പരസ്പരം മത്സരിക്കുന്ന ഫാൻസുകൾക്കോ ( സിനിമാ ശാലയിലെ സ്ഥിരം കൂവലുകാർ) ഇങ്ങനെ ചെയ്തുകൂടെ...?അങ്ങിനെയെങ്കിൽ സിനിമ പ്രവർത്തകർ തെന്നെയല്ലേ അവരുടെ പ്രധാന ശത്രു.

സിനിമ തിയറ്ററിൽ പോയി റെക്കോർഡ്‌ ചെയ്യുന്നത് കൊച്ചു കുട്ടിക്ക് വരെ ഇന്ന് കുറ്റകരം ആണെന്നിരിക്കെ, ഇതു കൊണ്ട് സാധാരണക്കാരന്‌ എന്ത് നേട്ടമാണ് ലഭിക്കുന്നത് ?. സിനിമ ഇറങ്ങുന്ന തിരക്കുള്ള ദിവസങ്ങളിൽ മറ്റുള്ളവരുടെ കണ്ണു വെട്ടിച്ച് മെനകെട്ടു റെക്കോർഡ്‌ ചെയ്തു എഡിറ്റും കഴിഞ്ഞു നെറ്റിൽ അപ്‌ലോഡ്‌ ചെയ്യാൻ ഇവർ പറയുന്ന പോലെ ഒരു സാധാരണ മലയാളി ചെയ്യുമോ ? സിനിമ ടാക്കീസിൽ വീഡിയോ റെക്കോർഡ്‌ ചെയ്യാതിരിക്കാൻ വേണ്ടി ഇവർക്ക് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുതുകയല്ലേ ഉചിതം?

മലയാള സിനിമയിൽ നടക്കുന്ന കോപ്പിയടിക്ക് ആരും അധികം വില കൊടുക്കാറില്ല എന്നു വേണം കരുതാൻ, പല വിദേശ സിനിമകളുടെയും ഒറിജിനൽ കോപ്പി ഇന്ന് മാർക്കറ്റിൽ ലഭ്യമല്ല എങ്കിലും സീൻ ബൈ സീനായി അത് മലയാള സിനിമയിലേക്ക് എവിടെ നിന്ന് കടന്നു വരുന്നു എന്ന് ദൈവം തമ്പുരാന് മാത്രം അറിയാം. യൂ ട്യുബും, ടോര്രെന്റ്റ് സൈറ്റുകളും നിരോധിച്ചാൽ മലയാള സിനിമയിലെ പല ന്യൂ ജനറേഷൻ സംവിധായകരുടെയും കഥയില്ലതാകും എന്ന് ചുരുക്കം. ഒരു പാട് കണ്ടു മടുത്ത പ്രമേയങ്ങൾ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോൾ ഗീതാഞ്ജലി പോലുള്ള സിനിമകൾ പ്രേക്ഷകർ തഴയുന്നത് സ്വഭാവികമല്ലേ ?

യഥാർത്ഥ സിനിമ ആസ്വാദകൻ വ്യാജനെ കണ്ട് കണ്ണും കാതും നശിപ്പിക്കാതിരിക്കുകയാണ് വേണ്ടത്. അങ്ങിനെ കണ്ടത് കൊണ്ട് എങ്ങിനെയാണ്‌ സിനിമ ആസ്വദിക്കുക? വ്യാജൻ ഇറങ്ങിയിട്ടും ദൃശ്യം പോലെയുള്ള സിനിമകളെ പ്രേക്ഷകർ വിജയിപ്പിച്ചത് സത്യമാണെങ്കിൽ, നല്ല സിനിമയെ ആർക്കും തകർക്കാൻ കഴിയില്ല.