"My favorite blog comments and 'mini stories - ValTube"

Friday, November 14, 2014

കള്ളപ്പം

Posted by VaITube | Friday, November 14, 2014 | Category: |















പണ്ട് ക്രിസ്തുമസ് ആയാൽ .. കള്ളപ്പം ഉണ്ടാക്കാൻ അമ്മമാരെല്ലാം കൂടി ഞങ്ങളെ കള്ള് വാങ്ങാൻ പറഞ്ഞു വിടാറുണ്ട്. അയൽവാസികളായ വീടുകളിലെ കുട്ടികളെല്ലാം ചേർന്ന് ഒരു ഗ്രൂപ്പ്‌ ആയിട്ടായിരുന്നതിനാൽ ഞാനും കൂടി. കുപ്പിയും കാശുമായി ജയ്‌ വിളിച്ച്, ഒരു കുട്ടിപ്പട തന്നെ കള്ളുഷാപ്പ് ലക്ഷ്യമാക്കി പാടവരമ്പത്തൂടി നടന്നു നീങ്ങുമ്പോൾ,ഷാപ്പ്‌ പരിസരത്തുള്ള മൂത്ത കുടിയന്മാരെല്ലാം ഞങ്ങളെ തുറിച്ചു നോക്കുമായിരുന്നു. ഞങ്ങൾ, കുട്ടികൾക്ക് അന്ന് കള്ള്ഷാപ്പിൽ കയറുന്നത്, ആദ്യമായി ഗൾഫിൽ പോകുന്ന പോലെ ഒരു ഇത് ആയിരുന്നു. കാശും കൊടുത്ത് കുപ്പി നിറയെ കള്ളും വാങ്ങി അതീവ ജാഗ്രതയിലയിരുന്നു മടക്കയാത്ര. മധുരിക്കുന്ന തെങ്ങിൻകള്ളിൻറെ മണം മൂക്കിൽ തട്ടുമ്പോൾ തന്നെ ഒരു ലഹരി കിട്ടും. കള്ള് തുളുമ്പി പോകാതിരിക്കാനുള്ള കാർക്ക് വലിച്ചൂരി അൽപസ്വൽപ്പം ആരും കാണാതെ അകത്താക്കുമായിരുന്നു. കുപ്പിയിലെ കള്ളിൻറെ അളവ് കുറയുന്നത് അനുസരിച്ച് മുന്സിപാലിറ്റി ടാപ്പ് വെള്ളം നിറക്കും. നിഷ്കളങ്കരായ ഞങ്ങൾ കുട്ടികളെ അന്ന് ആരും സംശയിച്ചിരുന്നില്ല. അവസാനം കള്ളപ്പം കല്ലപ്പം ആകുമ്പോൾ, വീട്ടിലിരുന്ന് അമ്മാമയുടെ വക കള്ള്ഷാപ്പ്‌കാരനെ ഒരു ചീത്ത വിളിയുണ്ട്.
"ആ കള്ളൻ ശങ്കരൻ ഇത്തവണേം കുട്ട്യോളെ പറ്റിച്ചു"