"My favorite blog comments and 'mini stories - ValTube"

Tuesday, December 30, 2014

ദനിയാ ക്കാ പത്താ

Posted by VaITube | Tuesday, December 30, 2014 | Category: |


















പറ്റുമെങ്കിൽ ഗൾഫിലേക്ക് പറക്കുകയും ചെയ്യാം, പിന്നെ അല്പസ്വല്പം ഹിന്ദിയും പഠിക്കാം എന്ന മോഹവുമായിട്ടാണ് പഠനം കഴിഞ്ഞ പിറ്റേ ദിവസം ബോംബയിലേക്ക് വണ്ടി കയറുന്നത്. പണ്ട് മുതലേ ഒരു "ഗൾഫ്‌ ഗേറ്റ്" ആയിട്ടാണ് എല്ലാരും ബോംബയെ കണ്ടിരുന്നത്‌ എങ്കിലും ബോംബയിൽ കുറച്ചു കാലം ജോലി ചെയ്താൽ പിന്നെ ഏതു സാഹചര്യത്തിൽ പോയാലും പിടിച്ചു നില്ക്കാം എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ദുരിതം പിടിച്ച ട്രെയിൻ യാത്രയും തിങ്ങിനിറഞ്ഞ താമസവും, അനുഭവിച്ചാൽ എത്രയും പെട്ടന്ന് ഗൾഫിലേക്ക് രക്ഷപെടുവാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും.
അങ്ങനെ, ഹിന്ദി പഠിക്കുവാനുള്ള മോഹവുമായി ചെന്നെത്തിയത് ഒരു സിംഹത്തിൻറെ മടയിലും. സിംഹത്തിനെ പിന്നേം സഹിക്കാം, കൂടയുള്ള കുറുക്കനും മാടനും കോടനുമെല്ലാം സിംഹത്തിനെക്കാൾ ഉയർന്ന നിലവാരമായതുകൊണ്ട് ഹിന്ദിയേക്കാൾ പെട്ടന്ന് പഠിച്ചത് നാടൻ തെറികളാണ്. ചപ്പാത്തി ചുടാൻ പഠിച്ചാൽ പെട്ടന്ന് ഹിന്ദി വഴങ്ങും എന്ന സിംഹത്തിൻറെ ഉപദേശം സ്വീകരിച്ച്, ആ പണി ഞാൻ സ്വയം ഏറ്റെടുക്കുകയായിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ വീട്ടിലിരുപ്പ് ആയതിനാൽ ഭക്ഷണം പാകം ചെയ്യുന്ന കൊണ്ട്രാക്റ്റും എനിക്ക് തന്നെ കിട്ടി. നാട്ടിലുണ്ടായിരുന്നപ്പോൾ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത എൻറെ കയ്യിൽ ദേഹണ്ണപണി കൂടി കിട്ടിയപ്പോൾ പഠിച്ച മലയാളം വരെ മറന്നു പോകുമോ എന്നൊരു ശങ്കയും ഉണ്ടാർന്നു.

ഒരു അവധി ദിവസം എല്ലാ വാനരന്മാരും വീട്ടിലുണ്ടയിരുന്നതിനാൽ, രുചികരമായി ഭക്ഷണം കഴിക്കണം എന്ന വാശിയിൽ, ദേഹണ്ണം അവർ തട്ടിയെടുക്കുകയായിരുന്നു. പകരം കറിക്കുള്ള സാധങ്ങൾ പുറത്ത് കടയിൽ പോയി വാങ്ങി കൊണ്ടുവരാനും ഉത്തരവായി. ഹിന്ദി പഠിക്കാനുള്ള ഒന്നാന്തരം ഒരു അവസരമായിരുന്നു അത്. വങ്ങേണ്ട സാധങ്ങളുടെ പേരുകൾ അവർ ഹിന്ദിയിൽ പഠിപ്പിച്ചു തരാനും മറന്നില്ല. അതിൽ തീരെ പരിചയമില്ലാത്ത "മല്ലിയില" എന്നെ കുറച്ച് കുഴപ്പിച്ചു. "ദനിയാ ക്കാ പത്താ"

മറന്നു പോകാതിരിക്കാൻ "ദനിയാ ക്കാ പത്താ" എന്ന മന്ത്രവും ഉച്ചരിച്ചുകൊണ്ട് കടയിലെത്തിയപ്പോൾ അവിടെ ഭയങ്കര തിരക്ക്. ചെറിയൊരു മാടക്കടക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാൻ വന്ന ഗുജറാത്തി പെണ്ണുങ്ങൾ വട്ടം കൂടി നിന്നതിനാൽ, കടക്കാരനുമായി ഒരു കമ്മൂണിക്കേഷൻ ഗ്യാപ് പ്രകടമായി. കുറേ സമയം അവിടെ നിന്ന് കുരവയിട്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല. ഒരു വിധത്തിൽ പെണ്ണുങ്ങളെയെല്ലാം തട്ടി മാറ്റി ഗോൾ പോസ്റ്റിലേക്ക് പാഞ്ഞ് അടുത്തപ്പോൾ കടക്കാരൻ മറാട്ടി കണ്ണുരുട്ടി.

"ക്യാ ചാഹിയേ?"
"ദുനിയാ ക്കാ പത്തർ ചാഹിയേ...!"
ചുറ്റും കൂടി നിന്നിരുന്ന ഗുജറാത്തി പെണ്ണുങ്ങൾ വാവിട്ടു ചിരിക്കുന്നു.
"ബഡാ പത്തർ ചാഹിയെ... ഓർ ചോട്ടാ..?"
"ഞാൻ കൈ മലർത്തിയപ്പോൾ" ബാക്ക് ഗ്രൗണ്ടിൽ വീണ്ടും ചിരി..!
"ക്യാ ബോൽതേ തും, മദ്രാസി ..? നാം ക്യാ ...?" മറാട്ടി വീണ്ടും കയർത്തു.

ഓ.... തമിഴാനാണ് എന്ന് കരുതിയാകും അവരെല്ലാം ചിരിച്ചത്.(ഹിന്ദി പറയുന്നവന് മലയാളിയെയും തമിഴനേയും തിരിച്ചറിയാൻ കഴിയാത്തത് ഒരു ആഗോളപ്രതിഭാസം തന്നെയാണ്) അവരുടെ തെറ്റിദ്ധാരണ ഇപ്പോൾ തന്നെ മാറ്റിയേക്കാം.

"മേം മദ്രാസി നഹിം, കേരളാ ഹേ, കേരള".

ഭാഗ്യത്തിന് പാവയ്ക്കാക്ക് കേരള(കരേല) എന്ന് പേരിട്ടത് കൊണ്ട്, തല്കാലം ഞാൻ അവിടെനിന്ന് തലയൂരി. തിരിച്ച് റൂമിൽ വന്നപ്പോൾ, മല്ലിയില ആ കടയിൽ ഉണ്ടായിരുന്നില്ല എന്നും പകരം പാവയ്ക്കാ വാങ്ങി എന്നും പറഞ്ഞപ്പോൾ... വീണ്ടും പ്ലിംഗ്. ശിക്ഷയായി അന്ന് അവരുണ്ടാക്കിയ ബീഫ് കറിക്ക് മുകളിൽ മല്ലിയിലക്ക് പകരം, പാവയ്ക്കാ അരിഞ്ഞു ചേർത്താണ് എനിക്ക് കിട്ടിയത്.