"My favorite blog comments and 'mini stories - ValTube"

Tuesday, December 30, 2014

ക്രിസ്തുമസ് കരോൾ

Posted by VaITube | Tuesday, December 30, 2014 | Category: |



















കുംഭകോണത്തുള്ള ചേട്ടൻറെ കമ്പനിയിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യാൻ പോയ ആൻറപ്പനെ ദുബായിലുള്ള എളേപ്പൻ "സ്വന്തം ഇലക്ട്രിക് കമ്പനിയിൽ ജോലി ശരിയാക്കിതരാം" എന്ന ഒറ്റ ഉറപ്പിൻറെ പുറത്ത്, വഴി തിരിച്ചു വിട്ടതാണ് പൊളിടെക്നിക്കിലെ എൻറെ ഹൊസ്റ്റൽ റൂമിൽ കൊണ്ട് ചെന്നെത്തിച്ചത്. പഠിക്കുന്ന കാലത്ത് തന്നെ കുഴപ്പിക്കുന്ന ഇലക്ട്രിക് ചോദ്യങ്ങൾക്ക് മുന്നിൽ ആൻറപ്പൻ പകച്ചു നിൽക്കുമ്പോൾ "മര്യാദക്ക് കുംഭകോണത്തുള്ള ചേട്ടൻറെ കമ്പനിയിൽ ടൈപ്പിസ്റ്റായി പോയാൽ മത്യായിരുന്നു" എന്ന് പതുക്കേ ഉരുവിടുന്നത് കേൾക്കാം. ഇത് പറഞ്ഞ് ഞങ്ങൾ എപ്പോഴും ആൻറപ്പനെ കളിയാക്കാറുണ്ടായിരുന്നു. തലയിണ മന്ത്രത്തിലെ ശ്രീനിവാസനെ പോലെ ആൻറപ്പൻ തൊടുന്ന ഇലക്ട്രിക് ഉപകരങ്ങൾ എല്ലാം ഒരു "സ്വാഹ" ചൊല്ലി പുകയുന്നതും നോക്കി സ്വയം അന്തം വിട്ടു നോക്കി നിക്കുന്നത് പലപ്പോഴും ഞങ്ങൾ കണ്ടിട്ടുണ്ട്. മൂന്നു വർഷത്തെ കറണ്ട് പഠനത്തിനു ശേഷം പരീക്ഷകളെല്ലാം കാണാപ്പാഠം എഴുതി ജയിച്ചു, പിന്നീടു ജോലി കിട്ടിയെങ്കിലും ഫേസും ന്യൂട്രലും കണ്ടാൽ ആൻറപ്പന് കൈ വിറക്കും.

വർഷങ്ങക്ക് ശേഷം ബോംബെയിലെ ബാച്ചിലർ റൂമിൽ ഒരു ക്രിസ്തുമസ്സിനു ഞങ്ങൾ ഒത്തു ചേർന്നപ്പോൾ പഴയ കഥകളെല്ലാം പറഞ്ഞു കുറെ ചിരിച്ചു. ഒരുപാടു കാലത്തെ ഒത്തു ചേരൽ ആയതിനാൽ രാത്രി ആയപ്പോൾ ഞങ്ങൾ ശരിക്കും ആഘോഷിക്കാൻ തുടങ്ങി. അകത്തു മാറിമാറി സോഡയും സ്കോച്ചും കുപ്പികളുടെ അടപ്പുകളും പോട്ടുന്നതിനിടയിൽ പുറത്താരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് ഞങ്ങൾ എത്തി നോക്കി. അപ്പുറത്തെ വീട്ടിലെ ജോസേട്ടനാണ്. പള്ളിയിൽ നിന്നും പുറപ്പെട്ട പാപ്പായും കരോൾ സംഘവും പള്ളീലച്ചനും ഉടനെയിങ്ങെത്തും, അതുകൊണ്ട് എത്രയും വേഗം റൂം എല്ലാം വൃത്തിയാക്കി നക്ഷത്രവും പുല്ക്കൂടും അലങ്കരിക്കാനുള്ള നിർദേശമായിരുന്നു.

"എങ്കിൽ അടിപൊളി ആക്കിയിട്ടു തന്നെ കാര്യം" എന്നും പറഞ്ഞ് ഞങ്ങൾ വേഗം തന്നെ പുൽകൂട് തട്ടി കൂട്ടി. കൂടെ കരോൾ സംഘത്തിനു ഒരു സർപ്രൈസ് കൊടുക്കാനും തീരുമാനിച്ചു. കരോൾ വീട്ടിലെത്തുമ്പോൾ ലൈറ്റ് എല്ലാം അണച്ച് വാതിൽ തുറന്നിട്ട്‌ നിശബ്ദരായി ഇരിക്കണം. അവർ അകത്തു പ്രവേശിക്കുമ്പോൾ ഞാൻ മ്യൂസിക്‌ സിസ്റ്റം ഓണ്‍ ചെയ്യും (മ്യൂസിക്‌ സിസ്റ്റം എൻറെ സ്വന്തം ആയതിനാൽ അതിൽ കൈ വെക്കാൻ ഞാൻ ആരേം അനുവദിച്ചിരുന്നില്ല). കരോളുകാര് ഞെട്ടി തിരിച്ചു നിൽക്കുമ്പോൾ, ആൻറപ്പൻ മാലബൾബും മറ്റു ലൈറ്റുകളും ഒന്നിച്ചു കത്തിക്കും. കരോൾ സംഘം വണ്ടറടിച്ചു നിക്കുമ്പോൾ, ബലൂണിൽ ഗിൽറ്റുകൾ നിറച്ചു റൂമിൽ മുഴുവൻ കെട്ടി തൂക്കി ഒരു കമ്പി കൊണ്ട് കുത്തി പൊട്ടിക്കും. ആ പണി കൂടെ താമസിച്ചിരുന്ന ജോണിനേയും പ്രകാശനേയും ഏൽപിച്ചു. അങ്ങിനെ അവിടെ ഒരു വർണ്ണമഴ പെയ്യിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാലബൾബ് സെറ്റ് ആൻറപ്പന് കൊടുക്കുമ്പോൾ ഞാൻ പ്രത്യേകം പറഞ്ഞു "രണ്ടു വർഷം മുന്ന് വാങ്ങിയതാണ്. ഫ്യുസായ ബൾബുകൾ ഉണ്ടെങ്കിൽ അവയെല്ലാം മാറ്റി വയറുകൾ കൂട്ടി പിരിച്ചു വെച്ചാൽ മതി" . ഇതും പറഞ്ഞു ഞാൻ റൂം വൃത്തിയാക്കാനുള്ള തിരക്കിലായി. കുപ്പിയും ഗ്ലസ്സുമെല്ലാം എടുത്തു കട്ടിലിനടിയിൽ ഒളിപ്പിക്കാനും മറന്നില്ല.

എല്ലാം റെഡിയാണെന്ന് ആൻറപ്പൻറെ സിഗ്നൽ കിട്ടിയതും..... ലൈറ്റുകളെല്ലാം അണച്ച് വാതിലും തുറന്നിട്ട്‌.... കരോളിനെ കാത്തിരുന്നു. "ആദ്യം ഞാൻ മ്യൂസിക്‌ ഓണ്‍ ചെയ്യും, അതിനു ശേഷം ആൻറപ്പൻ ലൈറ്റ് തെളിയിക്കും, പിന്നെ ബലൂണ്‍ പൊട്ടും" പരിപാടി ക്രമങ്ങൾ ഞാൻ ഒന്നു കൂടി പറഞ്ഞുറപ്പിച്ചു. വലിയൊരു ആരവത്തോടെ കരോളിനെ ജോസേട്ടൻ വീട്ടിലേക്കു ആനയിച്ചു. കൂട്ടത്തിലൊരാൾ ലൈറ്റിടാൻ ആക്രോശിക്കുന്നതിനിടയിൽ പെട്ടന്ന് അപ്രതീക്ഷിതമായി കെട്ടി വെച്ച മത്തങ്ങാ ബലൂണുകളിലോരെണ്ണം "<<<<ട്ടോ....... >>>>" എന്ന വലിയ ശബ്ദത്തിൽ പൊട്ടി. ബലൂണ്‍ പൊട്ടിയ ശബ്ദം കേട്ട് ഞെട്ടി കണ്ട്രോള് പോയ ആൻറപ്പൻ മാലബൾബിൻറെ സ്വിച്ചിൽ വിരലമർത്തിയതും പിന്നെ അവിടെ വലിയ ഒരു പൊട്ടലോട് കൂടിയ തീപൊരിയായിരുന്നു, കൂടെ കരിഞ്ഞ പുകയും. സംഗതി മാലബൾബ്‌ ശരിക്കും കത്തി, കൂടെ റൂമിൻറെ കമ്പ്ലീറ്റ് ഫ്യുസും പോയി. ക്രിസ്തുമസ് പാപ്പായും രാജാക്കന്മാരും കൂട്ടരും ജീവനും കൊണ്ട് പുറത്തോട്ടോടി. "ഓടിക്കോ" എന്നും അലറിവിളിച്ച് ആദ്യം ഓടിയ പള്ളീലച്ചൻറെ കയ്യിൽ പിരിവ് പണപ്പെട്ടി ഭദ്രമായിരുന്നു. ഞങ്ങൾ ശരിക്കും വണ്ടറടിച്ചു നിൽക്കുമ്പോൾ ആൻറപ്പൻ എന്നെ നോക്കി ദയനീയമായി പറഞ്ഞു "വയറ് കൂട്ടി പിരിച്ചത് മാറിയോ എന്നൊരു സംശയം".

(ഒരു പൊട്ടി തെറി പ്രതീക്ഷിച്ചു പേടിച്ചത് കൊണ്ടാണ് ആൻറപ്പൻ മുന്നേ അത് ടെസ്റ്റ്‌ ചെയ്തു നോക്കാൻ മുതിരാഞ്ഞത്)

"കുംഭകോണത്തുള്ള ചേട്ടൻറെ കമ്പനിയിൽ ടൈപ്പിസ്റ്റായി പോയിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാവില്ലായിരുന്നു അല്ലേ എൻറെ ആൻറപ്പാ...... " എന്നും പറഞ്ഞ് ഫ്യുസു കെട്ടാൻ വാച്ച്മാനെ അന്വേഷിച്ചു പുറത്തേക്കു കടന്നപ്പോൾ കാക്കകൂട്ടത്തിന് കല്ലേറ് കിട്ടിയ പോലെ കരോളും സംഘവും അവിടെ ചിതറി നടക്കുണ്ട്.

""ആൻറപ്പൻ ഇന്ന് വലിയൊരു കമ്പനിയിലെ കറണ്ടിൻറെ വലിയൊരു സാറാ...