"My favorite blog comments and 'mini stories - ValTube"

Monday, January 5, 2015

"കിസ്സ്‌ ഓഫ് ലവ്" കലികാല ചിന്തകൾ..!

Posted by VaITube | Monday, January 5, 2015 | Category: |
















ചില കലികാല ചിന്തകൾ..!

ആദ്യ ചുംബന സമരത്തിലൂടെ തന്നെ കേരളത്തിലെ ഫാസിസ്റ്റുകളുടെ യഥാർത്ഥ മുഖവും, പോലീസിൻറെ നിരുത്തരവാദ സമീപനവും, ഇരകളുടെ നിസ്സഹായ അവസ്ഥയും, ഓസിനു ചിക്കൻ ബിരിയാണി കഴിക്കാൻ വന്നവരുടെ ആക്രാന്തവും വെളിവായ സ്ഥിതിക്ക്, വീണ്ടും ഒരു ചുംബന സമരത്തിന്‌ കേരളത്തിൽ ഒരു പ്രസക്തിയുമില്ലെന്ന് നാം മനസ്സിലാക്കിയതാണ്. നിരോധിച്ച തീവ്ര സംഘടനകൾ മുതൽ ലോക്കൽ ഗുണ്ടകളുടെ വരെ തല്ലു വാങ്ങാൻ വേണ്ടി സ്വയം ഇരകളാകുന്നതിൻറെ പ്രായോഗികമായ ബുദ്ധി ഇനിയും ചിന്തിക്കേണ്ടതുണ്ട്. ചില കലികാല ചിന്തകൾ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു.

1) സദാചാര വാദികളുടെ ആക്രമണത്തിന് ഇരയാകുന്നവർ "വിധിയാണെന്ന്" സ്വയം മനസ്സിലാക്കി അച്ചടക്കം പാലിക്കേണ്ടത്തിൻറെ ആവശ്യകത സ്കൂൾ തലങ്ങൾ മുതൽ വിദ്യാഭ്യാസം നൽകേണ്ടതാണ്. അല്ലെങ്കിലും പ്രേമിച്ചു മരിക്കാൻ വരെ തയ്യാറാവുന്ന ഇവർ എന്തിന് നാട്ടുകാരെ പേടിക്കണം..? ഇതിനൊക്കെ ധൈര്യം ഉണ്ടെങ്കിൽ ഈ പണിക്കു നിന്നാൽ മതി.

2) വിവാഹത്തിന് ശേഷം ഒരുമിച്ചുള്ള യാത്ര ഒഴിവാക്കുക. ഹണിമൂണ്‍ ഒഴിവാക്കി "മണി-സോളാർ" പ്രയോജനപ്പെടുത്തുക.

3) കമിതാക്കളല്ലാത്ത ആർക്കെങ്കിലും സദാചാര പോലീസിൻറെ ആക്രമണം ഉണ്ടാവുകയാണെങ്കിൽ, "ഇരയായതിന് ശേഷം" സൗകര്യം പോലെ മുഖ്യമന്ത്രിക്കു പരാതി കൊടുക്കുക.(പോലീസിനെ വിവരം അറിയിച്ചാൽ രണ്ടിടി കൂടുതൽ കിട്ടും) പതിവുപോലെ മുഖ്യമന്ത്രി പരാതി കാണാതെ പോകും. അല്ലെങ്കിൽ കിട്ടിയില്ലെന്ന് പറയും. കുറെ കഴിയുമ്പോൾ എല്ലാരും അത് മറക്കും. അടുത്ത തവണ വീണ്ടും ആക്രമണം ഉണ്ടാവുകയാണെങ്കിൽ, ഞങ്ങൾ ഒരിക്കൽ "ഇരകൾ" ആയതാണെന്നും, മുഖ്യന് പരാതി കൊടുത്തിട്ടുണ്ട്‌ എന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. മുഖ്യന് പരാതി കൊടുത്ത ഒരു "ഹതഭാഗ്യൻ" എന്ന നിലക്കെങ്കിലും അവർ നിങ്ങളെ വെറുതെ വിടാതിരിക്കില്ല.

4) പ്രേമ സല്ലാപം നടത്താൻ ഇന്ന് സോഷ്യൽ നെറ്റ് വർക്കുകളിൽ ഒരുപാടു സാദ്ധ്യതകൾ ഉള്ളപ്പോൾ എന്തിന് വെറുതെ പാടത്തും പറമ്പിലും പോയി കൊതുക് കടിയും കൊണ്ട് രാപ്പാർക്കണം..? വേണമെങ്ങിൽ സക്കർബർഗ്ഗിനോട് പറഞ്ഞു കൂടുതൽ സ്റ്റിക്കറുകൾ ഏർപ്പാട് ചെയ്യിക്കണം.

5) "കിസ്സ്‌ ഓഫ് ലവ്" കേരള ടൂറിസത്തിൻറെ ഭാഗമാക്കുകയാണെങ്കിൽ, വടക്ക് നിന്നുള്ള പോത്തുകളും, തെക്ക് നിന്നുള്ള കുരങ്ങന്മാരും യാത്ര ചെയ്യുകയുമാണെങ്കിൽ പൂട്ടി കെട്ടാറായ KSRTC രക്ഷപ്പെടും . കൂടാതെ ചുറ്റുപാടുള്ള ലോഡ്ജുകളും ഹോട്ടലുകളിലും നല്ല തിരക്കാവുക വഴി കേരളത്തിൻറെ സാമ്പത്തിക വ്യവസ്ഥ തന്നെ മാറി മറിയാൻ സാധ്യതയുണ്ട്.

6) ആഴ്ചയിൽ ഒരിക്കിലെങ്കിലും ഈ ചടങ്ങ് നടത്തുകയാണെങ്കിൽ, ഉറക്കം തൂങ്ങികളായ പോലീസിനും ഒരു സ്പോർട്സ് മാൻ സ്പിരിറ്റ്‌ കൈവരും. കാക്കിയണിഞ്ഞവരുടെ കുടവയർ കുറക്കാൻ നല്ലൊരു അവസരമാണ്.

7) ഇതൊരു കള്ളനും പോലീസും കളി പോലെ ദേശീയ ഗെയിംസായി ഉയർത്തി കൊണ്ടുവരണം. ഉദാഹരണത്തിന് കണ്ണൂര് കിസ്സ്‌ ഓഫ് ലവ് നടക്കുമെന്ന് ഒരു പോസ്റ്റ്‌ ഇടുക. മാധ്യമ പടകളും പോലീസും ഗുണ്ടകളും അങ്ങോട്ടോടും. പിറ്റേ ദിവസം തൃശ്ശൂര് ... പിന്നെ പാലക്കാട്ട്...കൊച്ചി....കൊയിലാണ്ടി... ഓടി ഓടി അവരെല്ലാം അവശരാകുമ്പോൾ. സദാചാരം ബോറടിച്ച് സ്വയം നിർത്തിക്കോളും.