"My favorite blog comments and 'mini stories - ValTube"

Tuesday, May 5, 2015

മാങ്ങാതൊലി സാമ്പാർ

Posted by VaITube | Tuesday, May 5, 2015 | Category: |




















കുഞ്ഞുനാളിൽ സ്കൂളിനടുത്തുള്ള കാന്റീനിലെ ചില്ലളമാരിയിലെ പഴംപൊരിയും, ബോണ്ടയും പരിപ്പ് വടയും ഒളികണ്ണിട്ടു നോക്കി വെള്ളമിറക്കിയ ഒരു കാലമുണ്ടായിരുന്നു. പത്താം ക്ലാസ്സിൽ എത്തിയപ്പോഴേക്കും, കാന്റീൻ വിട്ടു സ്കൂളിൻറെ മുന്നിലുള്ള ഉടുപ്പി ഭക്ഷണശാലയിലേക്ക് ചേക്കേറി. വലിയ കിണ്ണത്തിൽ കിട്ടുന്ന ഇടലിയും, ഊത്തപ്പവും, മസാലയും, തട്ട് ദോശയും തിന്നു മടുത്തപ്പോഴേക്കും പത്താം ക്ലാസ്സും പാസ്സായി. സ്കൂളിൽ നിന്നും കോളെജിലേക്ക് മാറിയപ്പോൾ ഹോട്ടലിലെ അലമാരിയിലെ പലഹാരങ്ങളുടെ സ്വഭാവും മാറി വരുന്നത് എന്നെ കൂടുതൽ അമ്പരിപ്പിച്ചു. പുതിയ കണ്ടെത്തലുകൾ എന്ന രീതിയിൽ ഓരോ വിഭവങ്ങളും മാറി മാറി പരീക്ഷിച്ചു. പഠനമെല്ലാം കഴിഞ്ഞ് ജോലി അന്വേഷിച്ചു നടന്നിരുന്ന കാലത്ത് ഹോട്ടലിലെ മെനു കാർഡിൽ പരതിയപ്പോൾ കണ്ട പിരളനും, ഉലത്തിയതും,മപ്പാസും, മോളിയും, മുകളായും, വിന്താലുവും, ചട്ടിക്കറിയും തുടങ്ങിയ പുതിയ പേരുകൾ പരിചയപ്പെട്ടു. ഗള്ഫിലേക്ക് പറന്നതോടെ.... പിന്നീടങ്ങോട്ട് ഭക്ഷണ സാധങ്ങളുടെ പേരുകളിൽ വലിയൊരു വിപ്ലവം തന്നെയാണ് മെനു കാർഡുകളിൽ കടന്നു കയറിയത്. സദാദോശ തട്ടിൽ കുട്ടി ദോശയായി. ചിക്കൻ ചട്ടിക്കറിയായി. അയൽ സംസ്ഥാനക്കാരുടെ ചെട്ടിനാട് ചിക്കൻ കേരളത്തിലേക്ക് വരുമ്പോൾ പട്ടിക്കാട്ടു കോഴി എന്നാക്കി മാറ്റേണ്ടി വരും, ഉണക്ക പോത്തിറച്ചിയും (പഴകിയ ഇറച്ചി ഉണക്കിയതാകും) , വെടിയിറച്ചിയും (കാട്ടിൽ പോകാതെ വെടി ഇറച്ചി കിട്ടുമോ...? ഹോട്ടൽ മാനേജർ കുറെ കഷ്ടപ്പെട്ട് കാണും) കിലാടി പോത്തും, മിലിട്ടറി ചിക്കനും ഒരു പ്രമുഖ ഹോട്ടലിലെ സ്പെഷ്യൽ വിഭവങ്ങളാണ് . ബത്തക്ക പൊട്ടിതെറിച്ചതും, കിഴി കെട്ടിയ കോഴിയും (പാവം കോയി), പുതിയാപ്ല ചിക്കനും, രാമന്തളി പോത്തും, കോഴി മുസ്മനും, ശേരി പൊരിയും, കോഴി ആണം,തുളു നാടൻ കോഴി, കിളിക്കൂട്‌, കായിക്കറി, അറബി കടൽ ബിരിയാണി, അലിസ, പോത്തിൻറെ അതിരക്കളി , കുടലിൻറെ കുദ്ദർത്ത്, കടലിൻറെ സമ്പത്ത്, ദം കാ ദം, ആടിൻറെ അദ്രപ്പം ഉരുമത്ത് സെറ്റ്, കൊയീടെ മേലാക്കം തുടങ്ങിയ മലബാർ പരമ്പരാഗത പേരിലുള്ള ഭക്ഷണ വിഭവങ്ങൾ ഗൾഫ്‌ ഹോട്ടലുകളിലെ മെനു കാർഡുകളിൽ കണ്ടു വായും പൊളിച്ചിരിന്നിട്ടുണ്ട്. അത് മാത്രമോ ഭക്ഷണം പാത്രങ്ങളിൽ അലങ്കരിച്ച് മോടിയാക്കുന്നതിലും ഒരു പ്രത്യേക കരവിരുതുകളും നാം കണ്ടു. ആവി പറക്കുന്ന മട്ടനും ചിക്കനും കൂളിംഗ്ഗ് ഗ്ലാസ്‌ വെച്ച് തീൻമേശയ്ക്കു മുന്നിലിരിക്കുന്ന ഒരു കാലവും വിദൂരമല്ല.

കോഴി കൊല് മുട്ടായി, പരീകുട്ടീടെ ചെമ്മീൻ വറുത്തത്, ഞെട്ടിയ പൊട്ടാൻ ഫ്രൈ, കുറുമ്പൻ പോത്ത്, കൽബിൻറെ കരൾ (അണ്‍ സഹിക്കബിൾ), പവനായി ഞണ്ട് ബോംബ്‌, ആടിനെ ഖബൂലാക്കിയത്, ഒരു വടക്കൻ പരിഷ്ക്കാരി, പച്ചക്കാരി കറുമുറ, എല്ലും കപ്പയും ഇതെല്ലാം താമരശ്ശേരി ചുരം ഹോട്ടലിലെ സ്പെഷ്യൽ ശപ്പാടുകളാണ്. തട്ടുകടയിൽ ചെന്നാൽ കോഴി ഒന്നാകെ പൊട്ടി തെറിച്ചതും,മൊഞ്ചത്തി കോഴി,ഞണ്ട് തുഷാർ, ചിക്കൻ ചിന്താമണിയും കിട്ടും .

ഇങ്ങനെ പോയാൽ പ്രതീക്ഷിക്കാവുന്ന പേരുകൾക്ക് ചില ഉദാഹരണങ്ങൾ " പോത്തിനെ തല്ലികൊന്നത്, ചെമ്മീൻ ചവച്ചു തുപ്പിയത്ത്‌, മാങ്ങാതൊലി സാമ്പാർ, ഉപ്പു കൈതട്ടി പോയത്, മീൻ കുളിച്ച് തോർത്തിയത്, കടുക് ദേഷ്യം വന്നു പൊട്ടി തെറിച്ചത്‌, കല്ല്‌ കായിലിട്ടത്, തൈര് കഴുകിയത്, ഇന്നലത്തെ കറി പുളിച്ചത്‌ ....etc . പല കറികളുടെയും യഥാർത്ഥ എഫ്ഫക്റ്റ്‌ പിറ്റേ ദിവസം രാവിലെ ആയിരിക്കും അറിയുക. കിലാടി പോത്തും, ചിക്കൻ വെടി പൊട്ടിച്ചതും ആ ടൈപ്പിൽ പെട്ടതാണ്.

VAL : ഇന്ത്യൻ ഹോട്ടലുകളിലെ ചൈനീസ് ഭക്ഷണം അത്ര പോര എന്ന അഭിപ്രായം മാനിച്ച്, ചൈനീസ് ഫ്രൈഡ് റൈസ് തിന്നാനുള്ള മോഹവുമായി പോയത്, ഒന്നാന്തരം.....ചൈനീസ് ഹോട്ടലിൽ തന്നെ ... ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്‌. കല്യാണ ഡയറി പോലെയുള്ള മെനു കാർഡിൽ നോക്കിയപ്പോൾ അന്തം വിട്ടു.... എല്ലാം ചൈനയിൽ കുനുകുനാ എഴുതി വെച്ചിട്ടുണ്ട്... വലതു ഭാഗത്ത്‌ വില വിവരം നോക്കി, ഏറ്റവും കുറഞ്ഞ ഒരു ഫ്രൈഡ് റൈസ് ഓർഡർ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ സംഗതി വന്നു, ഒരു കുഴിഞ്ഞ ബൌളിൽ ചൂട് പറക്കുന്ന നമ്മുടെ നാടൻ "കഞ്ഞി". കൂടെ തൊട്ടു നക്കാൻ ഒരു ചില്ലി സോസും. കുഴിഞ്ഞ ബൌൾ കണ്ടാൽ, നാട്ടിൽ പട്ടിക്കു തീറ്റി കൊടുക്കാൻ ഉപയോഗിച്ച പാത്രം പോലെ തോന്നി. സോയ എണ്ണയുടെ രൂക്ഷ ഗന്ധവും. അജിന മോട്ടോയുടെ കാന്തിയും കൂട്ടി കലർത്തിയ ആ കഞ്ഞി കുടിച്ചു തീർക്കുന്നത് ചൈനക്കാരൻ ഒളിച്ചിരിന്നു നോക്കുന്നുണ്ടായിരുന്നു... അവൻ ചിരിച്ചോ ആവോ ...!
ആ ..!

മലയാളിയുടെ സ്ഥിര ഭക്ഷണരീതിയിൽ നിന്നുമുള്ള മടുപ്പ് ഒഴിവാക്കാനാണോ..., അതോ..? ആരെയും ആകർഷിക്കുന്ന പുതിയ പേരും പറഞ്ഞു കൂടുതൽ പൈസ അടിച്ചു മാറ്റാനുള്ള ഹോട്ടലുകാരുടെ ഒരു അടവോ ...? എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മാറിയപ്പോൾ, സ്വന്തമായി ഭക്ഷണം വീട്ടിൽ പാചകം ചെയ്യാനുള്ള മലയാളിയുടെ മടിയും ഇത്തരം പേരുകൾ ആവിർഭവിക്കാൻ ഒരു കാരണമായിട്ടുണ്ടാകണം. കടിച്ചാൽ പൊട്ടുന്ന ഇത്തരം രസകരമായ ഭക്ഷണപേരുകൾ നിങ്ങളും ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു. രുചിച്ചു നോക്കാൻ അവസരം ഉണ്ടായിട്ടുണ്ടെങ്ങിൽ അഭിപ്രായം എഴുതുക.