"My favorite blog comments and 'mini stories - ValTube"

Wednesday, May 6, 2015

ഓർഗാനിക്ക് വാള്

Posted by VaITube | Wednesday, May 6, 2015 | Category: |






















അങ്ങിനെ കാത്തിരുന്ന പള്ളിപെരുന്നാള് ഇങ്ങു കയ്യാലപുറത്ത് എത്തി. വീടും പരിസരോം അടിച്ചു വൃത്തിയാക്കണം. പറമ്പിലാണേൽ മുഴുവൻ ചീഞ്ഞു ഉണങ്ങിയ മാങ്ങണ്ടി പരന്നു കിടക്കുന്നു. ഇത്രേം മാങ്ങണ്ടി ഒന്നിച്ചു സ്നേഹത്തോടെ കിടക്കുന്ന ഒരു സ്ഥലം ബൂലോകത്ത് എവിടേം കാണില്ല.

പച്ചക്ക് തിന്നാൻ നല്ല പുളിയാണ്. ഒരു മുഴുത്ത തേങ്ങയുടെ വലുപ്പോം ഉണ്ട്. അന്തിയായാൽ ക്രിസ്ത്മസ് ട്രീക്ക് മാലബൾബ് ഇട്ട മാതിരി കാണാൻ നല്ല ചേലുണ്ട്. പറഞ്ഞിട്ടെന്താ കാര്യം ഒന്ന് പഴുത്തു തിന്നാൻ പറ്റില്ല .... നാട്ടുകാര് മുഴുവൻ കണ്ണ് വെച്ചിട്ടാണോ എന്തോ ...പഴുത്താൽ ചോക ചോകാ നിറം. അതിൽ മുഴുവൻ പുഴു വന്നാൽ .. കൈ കൊണ്ട് തൊടാൻ പറ്റോ....? വെറുതെ കൊടുത്താൽ പോലും ആർക്കും വേണ്ട...! പഴുപ്പിച്ചാൽ പുഴു വരുന്നത് നാട്ടുകാർക്ക് മുഴുവനും അറിയാം. അത് കൊണ്ട് പച്ചമാങ്ങയിൽ പുഴുവിൻറെ മുട്ടകൾ കാണില്ലെന്ന് എങ്ങിനെ ഉറപ്പിക്കും ..? ഫലമോ ..? പറമ്പ് മുഴുവൻ പന്തലിച്ചു നിലക്കുന്ന രാക്ഷസൻ മാവിലെ മാങ്ങകൾ പഴുത്തു ചീയാൻ തുടങ്ങുമ്പോൾ, അടുത്ത പഞ്ചായത്തിലെ കാക്കകൾ വരെ ഇപ്പൊ നമ്മുടെ പറമ്പിലാ വന്നു തൂറുന്നത്. അത് മാത്രമോ ...? കൊത്രാം കൊള്ളി പിള്ളാരുടെ കല്ലേറ് ... അത് വേറെ. കഴിഞ്ഞ ആഴ്ചയും രണ്ടു ഓടു മാറ്റി വെക്കാൻ പെട്ട പാട് എനിക്കെ അറിയൂ. കൊറച്ച് ദിവസായി, വടക്കേതിലെ ഗൾഫുകാരൻറെ ഭാര്യ ജാൻസി റോഡിലൂടെ പോകുമ്പോ മാവിൻറെ മോളിലോട്ട് ഒരു ഒളിനോട്ടം കാണുന്നുണ്ട്. അതിരാവിലെ ജയൻറെ പാൻറും ഇട്ട് പോണ ബാൻഡ് സെറ്റിലെ കൊഴല് ഊതണ റപ്പായിക്ക് മാത്രം, മാവ് കാണുമ്പോ ഒരു വൈക്ലഭ്യം. അവൻറെ ഊത്ത് ശരിയാവാത്തതിനു എൻറെ പച്ച മാങ്ങ എന്ത് പിഴച്ചു ...? കാക്കയും അണ്ണാനും ചപ്പി പഴുത്തു ചീഞ്ഞു വീഴുന്ന മാങ്ങണ്ടി വീണ് പറമ്പ് മുഴുവൻ നിറഞ്ഞു. എല്ലാം പറക്കി കൂട്ടി എടുത്ത് തോരപ്പൻറെ മാളത്തിൽ കൊണ്ട് തള്ളി. ആ പാതാള കിണറ്റിൽ പോകുന്ന നിർദ്ധോഷികളായ ഗതി കിട്ടാ മാങ്ങണ്ടികൾ എന്നെ തെറി വിളിക്കുന്നുണ്ടാകും.

തലയെടുപ്പോടെ നില്ക്കുന്ന മാവും അതിൽ നിറഞ്ഞു നില്ക്കുന്ന പച്ച മാങ്ങയും കണ്ടു ആകൃഷ്ടനായി എങ്ങു നിന്നോ വന്ന ഒരു തമിഴൻ ചോദിച്ചപ്പോൾ ഞാൻ അതങ്ങ് മൊത്തമായി പറഞ്ഞു ഉറപ്പിച്ചു . രണ്ടായിരം ഉർപ്പ്യെ കിട്ടിയപ്പോൾ മനസ്സിൽ ഒരു കതിന പൊട്ടി. ഈ പുഴു മാങ്ങക്ക് രണ്ടായിരം ഉർപ്യെ...? മനസ്സിൽ വിരിഞ്ഞ ചിരി പുറത്തു കാണിക്കാതെ ഞാൻ തമിഴനെ പ്രോത്സാഹിപ്പിച്ചു.
"പഴുത്താൽ നല്ല തേൻ ഒലിക്കണ മങ്ങ്യാ" .
"തെരിയും സേട്ടാ ...! മാങ്കാ പാത്താലെ തെരിയും സേട്ടാ. തമിഴ് നാട്ടിൽ വന്ത് ഇന്ത മങ്കാ പേര് ഹസ്നികാ". ഊരിൽ റൊമ്പ നിമ്മതി ഇരിക്ക്..!
" അപ്പടിയാ...? ഇത് ഹസ്നികാവാ?..." പഴുത്താൽ അതുക്കും മേലെ ഇരിക്കും. ഞാൻ മനസ്സിൽ പറഞ്ഞു
തമിഴൻ മഞ്ഞ പല്ല് കാട്ടി ചിരിച്ചു. എല്ലാം കൂടി പറക്കി കെട്ടി പോകുമ്പോൾ ഞാൻ ചോദിച്ചു.
"ഇതെല്ലാം നീ എന്നാ പണ്ണ പോരെ...?"
"ഇതെല്ലാം വന്ത് ദുബായിക്ക് എക്സ്പോർട്ട്‌ പണ്ണ പോരേ...!" അവിടം വന്ത് "ഓർഗാനിക്" മങ്കാ റൊമ്പ ഫേമസ്"
തമിഴൻ ആള് ഒരു കിലാടി തന്നെ ... രണ്ടായിരം രൂപ പോക്കറ്റിൽ തിരുകി. അടുത്ത കൊല്ലോം വരണം എന്ന് പറഞ്ഞു ഞാനവനെ സന്തോഷത്തോടെ യാത്രയാക്കി.

തമിഴനെ പറ്റിച്ച കാശ് കൊണ്ട് ഞാൻ വീട് മുഴുവൻ പഴുത്ത മാങ്ങയുടെ മഞ്ഞ കളർ തന്നെ അടിച്ചു. മാങ്ങാ പോയ മൊട്ടത്തല മാവ് നോക്കി ഞാൻ ചിരിച്ചു. പള്ളിയിൽ പെരുന്നാളിന്റെ വെടി പൊട്ടിയപ്പോൾ കാക്കകൾ മാവിന് ചുറ്റും വട്ടമിട്ടു പറന്നു. " എടാ കാക്കേ ..നീ കൊതി പറ്റിയ ഓർഗാനിക് മാങ്ങയെല്ലാം ഇപ്പൊ ദുബായിക്ക് വിസയടിച്ചു ഇരിക്കുന്നുണ്ടാകും . നിൻറെ വീട്ടില് പോയി തൂറടാ" ഞാൻ ഒരു മുട്ടൻ കല്ല്‌ വെച്ച്  ഏറു കൊടുത്തു.

പ്രദിക്ഷണത്തിൻറെ സമയമായപ്പോൾ ഞാൻ പള്ളി പറമ്പിലേക്ക് നടന്നു. ഉച്ചയിൽ കത്തുന്ന സൂര്യതാപത്തിൽ പള്ളിയും പറമ്പും ജനസാഗരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്നു. ബാൻഡ് സെറ്റും .. മൈക്കിലെ അനൌണ്‍സ്മെന്റും ആർപ്പു വിളികളും തിക്കും തിരക്കും ...പിന്നെ വെടി പടക്കവും ... എല്ലാം കൂടി ഒരു ഉഷ്ണ പരുവമായി. ദാഹിച്ചപ്പോൾ ഒരു നാരങ്ങ സോഡാ തിരഞ്ഞ് നോക്കിയപ്പോൾ അവിടേം ഭയങ്കര തിരക്ക്. പെരുന്നാള് കൂടാൻ വന്നവരെല്ലാം അവിടെ വെള്ളം കുടിക്കാൻ ക്യൂവാണ്.
"ഡാ ..ബേബ്യെ ...നിയെന്താടാ ... പട്ടി ചന്തക്കു പോയ പോലെ കിടന്നു വട്ടം കറങ്ങണേ ..? എന്തൂട്ട്രാ വേണ്ടേ..?"
തിരക്കിനിടയിൽ നിന്ന് അതാ കൂൾ ഡ്രിങ്ക് സൈമണ്‍ ചേട്ടൻ മാടി വിളിക്കുന്നു.
"സൈമേട്ടാ... ഗ്യാസ് കൂട്ടി ഒരു കൂള് നാരങ്ങ ങ്ങട് കാച്ചിക്കോ...!.. തൊണ്ട വരണ്ട് പോട്ടറായി"
"നാരങ്ങാ ... നീ പോടാ .... നല്ല സൂപ്പറ് കോക്ക്ടെയിൽ ജൂസ് വേണേ കുടിച്ചോ..! ബെസ്റ്റ് മധുരാ...!. വേറെ ഒന്നൂല്ല്യ"
"ജൂസ് എങ്കിൽ ജൂസ്... പെട്ടന്ന് വേണം... ട്ടാ"
സൈമേട്ടൻ തയ്യാറാക്കി വെച്ചിരുന്ന ജൂസ് ഒരു ഗ്ലാസ്സിലേക്ക്‌ പകർത്തി തരുന്നതിനടയിൽ പറഞ്ഞു.
"ഡാ... രാത്രി റിമി ടോമി വരുന്നുണ്ട് ....അടിപൊളി ഗാനമേളയാ......"
സൈമേട്ടൻ പറയുന്നത് കേൾക്കാൻ ഞാൻ കാത്തു നിന്നില്ല ... ഒറ്റ വലിക്കു തന്നെ ജൂസ് മുഴുവൻ കുടിച്ചു തീർത്തു.
"കൊള്ളാമല്ലോ ... നല്ല മധുരമുണ്ട്... എത്രായി ...?"
"ഞാൻ പറഞ്ഞില്ലേ .. നല്ല സുപ്പർ സാധനാ ന്ന്. ദുബായിന്ന് ഇമ്പോർട്ട് ചെയ്ത സാധനാ ....ഓർഗാനിക്ക്....ഒരു തമിഴൻ ഇന്ന് രാവിലെ ഇറക്കിയതാ..!"
"ഓർഗനിക്കോ .... !"
മനസ്സിൽ ഒരായിരം പുഴുക്കൾ തിളച്ചു മറിയുന്നു.
"ഒരു ഓർഗാനിക്ക് വാള് വരുന്നുണ്ട് .....! വേഗം മാറിക്കോ"