"My favorite blog comments and 'mini stories - ValTube"

Monday, May 11, 2015

ഡ്യൂട്ടി.....ഫ്രീ..!

Posted by VaITube | Monday, May 11, 2015 | Category: |

















നാട്ടിലെ അളിയനു സമ്മാനിക്കാൻ ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നും വാങ്ങിയ ബ്ലാക്ക്‌ലാബലും ചാത്തന്മാർക്ക് കൊടുക്കാനുള്ള വോഡ്കയും പൊതിഞ്ഞു ഭദ്രമായി ഒരു പ്ലാസ്റ്റിക്‌ കവറിൽ തൂക്കി പിടിച്ച് എയർ ഇന്ത്യയുടെ കാവടത്തിലേക്കുള്ള ക്യൂവിൽ നില്ക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറായി. ഡ്യുട്ടി ഫ്രീ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയ പ്ലാസ്ടിക് കൂട് ... താഴെ വെച്ചാൽ ചിതലരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന് കരുതി നെഞ്ചോടു ചേർത്ത് പിടിച്ചുള്ള നിൽപ്പ് കണ്ടിട്ട് പലർക്കും അത്ര സുഖിക്കുന്നില്ല. നാട്ടിൽ ഇതിനു വേണ്ടി വായും പൊളിച്ചിരിക്കുന്ന വേഴാമ്പലുകൾ വീട്ടിലില്ലാത്തവരോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം, ഫൈനൽ അനൌണ്‍സ്മെന്റു വന്നതും ... ഒരു പച്ച "കിളി" വന്നു വാതിൽ തുറക്കേണ്ട താമസം എല്ലാരും കൂടി കവാടത്തിലേക്ക് ഇടിച്ചു കയറാൻ തുടങ്ങി. ഡ്യൂട്ടിഫ്രീയിൽ നിന്നും നാട്ടിലേക്കു വാങ്ങി കൂട്ടിയ കവറുകൾക്കിടയിലൂടെ, പ്രായമായ അമ്മാവന്മാരും, അലറി കരയുന്ന കുട്ടികളെ തോളത്ത് വെൽഡ് ചെയ്ത അമ്മമാരും, പരദൂഷണം വിളമ്പുന്ന അമ്മായിമാരുടെയും ഇടയിലൂടെ ഞാൻ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഊളയിട്ടു മുന്നോട്ടു ഇടിച്ചു കയറി. കംങ്ങാരു കുട്ടിയെ സഞ്ചിയിൽ സൂക്ഷിക്കുന്ന പോലെ കയ്യിലുള്ള കുപ്പിയിലായിരുന്നു എൻറെ ശ്രദ്ധ. എങ്ങാനും താഴെ വീണു പൊട്ടിയാൽ, അളിയനോട് എന്ത് പറഞ്ഞു സമാധാനിപ്പിക്കും...?

"ഇരിപ്പിടം തപ്പി അങ്ങോട്ടും ഇങ്ങോട്ടും പായുന്നവർ ഒന്ന് ശ്രദ്ധിക്കണേ...! കയ്യിൽ കുപ്പിയുണ്ട്". എന്ന് ഉറക്കെ വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. എനിക്ക് കിട്ടിയ ഇരിപ്പിടത്തിനു മുകളിലെ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ ഏതോ ഒരു കശ്മലൻ അവൻറെ ഭാണ്ഡം നിറച്ചു വെച്ചിരുന്നതിനാൽ, എൻറെ കുപ്പി തിരുകി കയറ്റി വെക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. എൻറെ പരുങ്ങൽ കണ്ടിട്ടാകണം എയർ ഹോസ്റ്റസ് അത് വാങ്ങി കുറച്ചു പുറകിലെ ഹാൻഡ്‌ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ തിരുകി വാതിലടച്ചു. സമാധാനമായി... ഇനി സുഖമായോന്നു ഉറങ്ങാൻ പറ്റിയാൽ മതിയായിരുന്നു.

* * * * * * * * * * * * * *

വീമാനം ലാൻഡ്‌ ചെയ്തതും എല്ലാരും ഹാൻഡ്‌ ലഗ്ഗെജുകൾ എടുത്തു പുറത്തേക്കു ചാടാനുള്ള പരാക്രമത്തിലാണ്.ഇതു വരെ കണ്ട വിദേശ മലയാളിയുടെ മാന്യതയോന്നും കേരളത്തിൽ എത്തിയാൽ കാണില്ല. പുറത്തേക്കു പോകാനുള്ള അനുവാദവും കാത്ത് എല്ലാവരും മൂലക്കുരു പൊട്ടിയ പോലുള്ള ആ നിൽപ്പ് ഒന്ന് കാണേണ്ടത് തന്നെയാണ്. ഇന്നാണെങ്ങിൽ മൊബൈൽ സ്വിച്ച് ഓണ്‍ ചെയ്തു ഓരോരുത്തരും അവരുടെ വീരസാഹസിക കഥകൾ യാത്രക്കാരെ മുഴുവൻ കേൾപ്പിക്കുന്ന തിരക്കിലാകും.

കഥാ നായകനായ "കുപ്പി" പുറകിലായത് കൊണ്ട് എല്ലാ യാത്രക്കാരും ഇറങ്ങുന്നത് വരെ എനിക്ക് കാത്തു നിക്കേണ്ടി വന്നു. പെട്ടന്ന് ഇറങ്ങാനുള്ള എയർ ഹോസ്റ്റസ് ആങ്ങ്യം കാണിച്ചതോടെ വേഗം പുറകിലേക്കോടി കവറുമെടുത്തു "ധന്യവാദും" കൊടുത്ത് പറ പറന്നു. നീണ്ട കാത്തിരിപ്പിനു ശേഷം ബാഗ്ഗേജ് കണ്‍വെയറിൽ നിന്നും പെട്ടിയുമെടുത്ത് എയർപോർട്ടിനു പുറത്തു കടന്ന് ഒരു ദീർഘശ്വാസം എടുത്തപ്പോൾ എന്തൊരാശ്വാസം.

"സാറേ ഇപ്പൊ തന്നെ പുറപ്പെട്ടാൽ റോഡിൽ തിരക്ക് കൂടുന്നതിന് മുൻപ് സിറ്റി കടക്കാം" തിരിഞ്ഞു നോക്കിയപ്പോൾ കാക്കിധാരിയാ ടാക്സി ഡ്രൈവറാണ്. ലഗ്ഗേജ് കാരിയറിൽ കെട്ടിയതിനു ശേഷം ടാക്സി ഡ്രൈവറുടെ കയ്യിൽ കുപ്പിയുള്ള കവറു കൊടുക്കുമ്പോൾ "കുപ്പിയാണ് സൂക്ഷിക്കണം" എന്ന് പറയാനും മറന്നില്ല. "അതിനെന്താ സീറ്റിനടിയിൽ വെച്ചാൽ അടങ്ങിയിരുന്നോളും. ഇതുപോലെ ദിവസവും എത്ര കുപ്പികൾ കണ്ടതാണ്" എന്നും പറഞ്ഞ് സീറ്റിനടിയിലേക്ക് വെക്കാൻ നോക്കിയിട്ടും ഒതുങ്ങാതെയായപ്പോൾ അവനത്‌ തുറന്നു നോക്കി.

"സാറേ ... ഇത് കുപ്പിയൊന്നും അല്ല ... വേറെ എന്തോ കൊമ്പും കുഴലും ഒക്കെയാണല്ലോ ...!" ടാക്സിക്കാരൻ അത്ഭുതത്തോടെ എന്നെ നോക്കിയപ്പോൾ ഞാനും ഒന്ന് പകച്ചു. "ങ്ഹ് ...! കൊമ്പും കുഴലൊ ...? അപ്പൊ ഞാൻ വാങ്ങിയ ബ്ലാക്ക്‌ ലേബലും, വോഡ്കയും എവിടെ ...?.... പൊതി മാറിയോ... ദൈവമേ ...! കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ അങ്ങ് എന്നെ പരീക്ഷിക്കുയാണോ ...? അതോ വീഞ്ഞ് വീണ്ടും വെള്ളമാക്കിയോ." "ഒന്ന് വേഗം നോക്ക് സാറേ ... രണ്ടു ദിവസമായിട്ടാണ് ഒരു ഓട്ടം കിട്ടുന്നത്" ഡ്രൈവർ പൊതി എൻറെ കയ്യിലോട്ട് തരുമ്പോൾ എന്നെ ഓർമിപ്പിച്ചു. വിശദമായി പൊതി തുറന്നു നോക്കിയപ്പോഴാണ് സംഗതി മനസ്സിലായത്. ഹാൻഡ്‌ ലഗ്ഗേജ് കമ്പാർട്ട്മെന്റിൽ എൻറെ കുപ്പി വെച്ചിരിക്കുന്ന കവറ് വേറെ ആരോ മാറിഎടുതിരിക്കുന്നു. പകരം എനിക്ക് കിട്ടിയ കവറിൽ എന്തോ മെഡിക്കൽ ഉപകരങ്ങളാണ് പൊതിഞ്ഞു വെച്ചിരിക്കുന്നത്. കൂടെ കിട്ടിയ ഒരു കുറുപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

"മോനെ ശ്രീധരാ.. നീ എന്നോട് ക്ഷമിക്കണം.... വിട്ടു മാറി എന്ന് കരുതിയ റാണിമോളുടെ വലിവ് വീണ്ടും കൂടിയിരിക്കുന്നു, ആശുപത്രിയിൽ ഒത്തിരി പൈസ ചെലവായി. ആയുർവേദവും കഷായവും കൊടുത്തിട്ടും ഒരു മാറ്റവുമില്ല. ശ്വാസ തടസ്സം കുറക്കാനുള്ള ഒരു സാധനം അവിടെ കിട്ടുമെന്ന് ഡോക്ടർ പറയുന്നു. നാട്ടിലേക്കു വരുന്ന ആരുടേയും കയ്യില് എത്രയും പെട്ടന്ന് കൊടുത്തയക്കുമല്ലോ..! നിന്നെ ശല്യപ്പെടുത്തുന്നതായി തോന്നരുത്... കഴിഞ്ഞതെല്ലാം ഓർത്ത് വിഷമിക്കരുത്. വേറെ വഴിയില്ലാഞ്ഞിട്ടാ...നാട്ടിൽ എത്തിയാൽ നിനക്ക് തരാനുള്ള എല്ലാ പണവും തിരിച്ചു തരാം. ദൈവം നിന്നെ കാക്കും. വരുന്ന ആൾക്ക് വിലാസം കൃത്യമായി പറഞ്ഞു കൊടുക്കണേ". ചുക്കി ചുളിഞ്ഞ കത്തിൽ മുഴുവൻ അക്ഷരതെറ്റായത് കൊണ്ട് വായിച്ചെടുക്കാൻ കുറച്ചു പണിപ്പെട്ടു. എന്ത് ചെയ്യണമെന്നു അറിയാതെ ഞാൻ ത്രിശങ്കനായി, തിടുക്കം കൂട്ടുന്ന ടാക്സിക്കാരനെയും ഡ്യൂട്ടിഫ്രീ കവറിനെയും മാറി മാറി നോക്കി.


"എടാ ശ്രീധരാ .... നിനക്ക് ഇത് പൊതിയാൻ വേറെ ഒരു കൂടും കിട്ടിയില്ലെടാ...ദുഷ്ടാ....!" ആ മനസ്സികവസ്ഥയിൽ എൻറെ മനസ്സിൽ അങ്ങിനെയാണ് തോന്നിയത്.